Monday, December 31, 2012
പ്രക്ഷോഭ ചരിത്രത്തില്‍ സുവര്‍ണതാരമാകാന്‍ ചരിയംതുരുത്ത്
കേരളമണ്ണിനെ ഭൂമാഫിയയുടെ പിടിയില്‍നിന്ന് മോചിപ്പിക്കുന്നതിനുള്ള ഭൂസമര പ്രക്ഷോഭത്തിന് ചൊവ്വാഴ്ച തുടക്കമാകുമ്പോള്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ സമരകേന്ദ്രമാകാന്‍ ഒരുങ്ങുകയാണ് എറണാകുളം ജില്ലയിലെ കടമക്കുടി ദ്വീപിലെ ചരിയംതുരുത്ത്. പെറ്റുവീണ മണ്ണില്‍ സ്വന്തം കിടപ്പാടവും ഭൂമിയും ഇല്ലാത്ത ലക്ഷങ്ങളുടെ നോവ് ഏറ്റുവാങ്ങി, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മുഖ്യനേതൃത്വത്തില്‍ 250 സമര വളണ്ടിയര്‍മാരാണ് ആദ്യദിനം സമരഭൂമിയില്‍ പോരാട്ടക്കൊടി നാട്ടി അറസ്റ്റ്വരിച്ച് ജയിലില്‍ പോകുക. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രക്ഷോഭം ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് 10-ാംതിയതിവരെ 100 പേര്‍ വീതവും ഭൂമിയില്‍ കടന്ന് അറസ്റ്റ് വരിക്കും.
കപില്‍ദേവ് ഡയറക്ടറായുള്ള കമ്പനി 1500 കോടിയോളം രൂപ മുടക്കി, പ്രദേശത്തെ തണ്ണീര്‍ത്തടങ്ങളും പൊക്കാളിപ്പാടങ്ങളും അടങ്ങുന്ന 200 ഏക്കര്‍ വിഴുങ്ങി മെഡിസിറ്റി പദ്ധതി നടപ്പാക്കുന്നതിനെതിരെയാണ് പ്രക്ഷോഭം. ഭൂമാഫിയ സംസ്ഥാനത്ത് ഏറ്റവുമധികം പിടിമുറുക്കിയിട്ടുള്ള കേന്ദ്രം എന്ന നിലയില്‍ ജില്ലയിലെ സമരം ദേശീയശ്രദ്ധ കൈവരും. കര്‍ഷകസംഘം, കെഎസ്കെടിയു, ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ രൂപംനല്‍കിയ ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് സമരം. ഇതിനുള്ള ഒരുക്കം പൂര്‍ത്തിയായതായി സമിതി ജില്ലാ പ്രസിഡന്റ് എം പി പത്രോസും സെക്രട്ടറി ടി കെ മോഹനും അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ന് ചരിയംതുരുത്ത് പുതുശേരി കവലയിലെ സംഘാടകസമിതി ഓഫീസ് പരിസരത്തുനിന്ന് ഭൂസംരക്ഷണമാര്‍ച്ച് ആരംഭിക്കും. സമരഭൂമിയുടെ സമീപം ചേരുന്ന പൊതുയോഗം വി എസ് ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് കോടിയേരി സമരഭൂമിയില്‍ പ്രവേശിച്ച് ആദ്യം അറസ്റ്റ്വരിക്കും. കെഎസ്കെടിയു ജില്ലാ സെക്രട്ടറികൂടിയായ എം പി പത്രോസിന്റെ നേതൃത്വത്തില്‍ മറ്റുള്ളവരും അറസ്റ്റ്വരിക്കും. 1970-ലെ പുതുവര്‍ഷപ്പുലരിയില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരത്തെ ഓര്‍മപ്പെടുത്തുന്ന പ്രക്ഷോഭത്തിനാണ് ജില്ലയുള്‍പ്പെടെ തയ്യാറെടുക്കുന്നത്. 1969-ല്‍ ഇ എം എസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക ഭൂപരിഷ്കരണ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ 70 ജനുവരി ഒന്നുമുതല്‍ നിയമം നടപ്പായതായി തങ്ങള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു എ കെ ജിയുടെ ഇതുസംബന്ധിച്ച പ്രഖ്യാപനം.
സമരാവേശവുമായി പൈ ചരിയംതുരത്തിലും
കൊച്ചി: ഭൂമാഫിയക്കെതിരെ കടമക്കുടി ദ്വീപിലെ ചരിയംതുരുത്തില്‍ സമര പതാകയുയരുമ്പോള്‍ എകെജിയുടെ സാന്നിധ്യത്തില്‍ സ്വന്തം ഭൂമി കുടികിടപ്പുകാര്‍ക്ക് പങ്കിട്ട് നല്‍കിയ വെങ്കിടേശ്വര പൈയുടെ സാന്നിധ്യം ആവേശമാകും. മിച്ചഭൂമി സമരത്തിലും എണ്ണിയാലൊടുങ്ങാത്ത കര്‍ഷക-കര്‍ഷക തൊഴിലാളി പോരാട്ടങ്ങളിലും മുന്നണി പോരാളിയായിരുന്ന ഈ എഴുപത്തിയേഴുകാരന്‍ ജനുവരി ഒന്നു മുതല്‍ ചരിയംതുരുത്തില്‍ ആരംഭിക്കുന്ന പ്രക്ഷോഭത്തിലും സമര പതാകയേന്തും. കൊങ്കണി സമുദായത്തില്‍ നിന്ന് കര്‍ഷക പ്രസ്ഥാനത്തിലേക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും കടന്നുവന്ന അപൂര്‍വ്വം ചിലരില്‍ പ്രമുഖനാണ് വരാപ്പുഴ തുരുത്തിന്‍കടവ് വലിയ വീട്ടില്‍ വി എം വെങ്കിടേശ്വര പൈ. ഒറ്റമുണ്ടുടുത്ത്, ഒരു മേല്‍മുണ്ട് പുതച്ച് ഇന്നും കര്‍ഷക തൊഴിലാളി പ്രവര്‍ത്തനങ്ങളുമായി എല്ലായിടത്തും ഓടിയെത്തുന്ന പൈയുടെ ജീവിതം ഇടവേളകളില്ലാത്ത സമരത്തിന്റെതാണ്.
വരാപ്പുഴയില്‍ 18 ഏക്കര്‍ നിലവും 22 ഏക്കര്‍ കരഭൂമിയും സ്വന്തമായിരുന്ന ജന്മി കുടുംബത്തിലെ അംഗമായിരുന്നു പൈ. അച്ഛന്‍ മാള പൈ കരയിലെ ജന്മിമാരില്‍ പ്രമുഖന്‍. 1956 ല്‍ കുടുംബത്തിലെ സ്വത്ത് ഭാഗം കഴിഞ്ഞപ്പോള്‍ പൈക്ക് മൂന്നരയേക്കര്‍ നിലവും രണ്ടരയേക്കര്‍ കരഭൂമിയും കിട്ടി. സമപ്രായക്കാരായ കമ്യൂണിസ്റ്റുകാരുമായുള്ള ചങ്ങാത്തവും വായനയും പൈയുടെ ചിന്തയെ മാറ്റിമറിച്ചിരുന്നു. ഏകെജിയുടെ നേതൃത്വത്തില്‍ കൊടുമ്പിരിക്കൊണ്ട മിച്ചഭൂമി സമരം പൈയെ ഉണര്‍ത്തി. 1969 ഡിസംബര്‍ 14 ന് ആലപ്പുഴയിലെ അറവുകാട്ട് മൈതാനത്ത് പോയി എകെജിയുടെ പ്രസംഗം കേട്ടു. വീട്ടില്‍ തിരിച്ചെത്തിയ പൈ തന്റെ ഭൂമിയില്‍ കുടികിടപ്പുകാരായ ആറ് പേര്‍ക്ക് അവകാശമായി 10 സെന്റ് ഭൂമി വീതം കൊടുക്കാന്‍ തീരുമാനിച്ചു. പൈയുടെ തീരുമാനത്തെ എതിര്‍ത്ത് വരാപ്പുഴ പ്രദേശത്തെ ഇരുപത്തഞ്ചോളം ജന്മിമാര്‍ യോഗം ചേര്‍ന്നു. ഒരു കാരണവശാലും കുടികിടപ്പവകാശം കൊടുക്കരുതെന്നും ഇത് പിടിച്ചുപറിയാണെന്നും ജന്മിമാര്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ എതിര്‍ത്തു സംസാരിച്ച പൈക്ക് ഭ്രാന്താണെന്ന് സ്വന്തം സഹോദരങ്ങള്‍ ഉള്‍പ്പെടെ ആക്ഷേപിച്ചു. ഒന്നും പൈയെ പിന്തിരിപ്പിച്ചില്ല. പൈയുടെ ക്ഷണമനുസരിച്ച് 1969 ഡിസംബര്‍ 30 ന് എകെജി വീട്ടിലെത്തി. മുറ്റത്തെ തെങ്ങില്‍ നിന്ന് രണ്ടു കരിക്കിട്ടു. അതിലൊന്ന് ചെത്തി എകെജി കുടികിടപ്പുകാരന്‍ അന്ത്രോക്ക് കൊടുത്തു. അതോടെ തലമുറകളായി മാളപൈയുടെ കുടികിടപ്പുകാരനായിരുന്ന അന്ത്രോയും മറ്റ് അഞ്ച് കുടുംബങ്ങളും ഒരുതുണ്ട് ഭൂമിക്ക് ഉടമകളായി. ജന്മിമാര്‍ വെറുതെയിരുന്നില്ല. കുടുകിടപ്പവകാശം ചോദിച്ച പാവങ്ങളെ അറസ്റ്റു ചെയ്യിച്ചു. അറസ്റ്റിലായ അമ്പത്താറോളം കുടികിടപ്പുകാരെ കരമടച്ച രസീതുമായി പോയി പൈ തന്നെ ജാമ്യത്തിലിറക്കി. എല്ലാറ്റിനുമൊടുവില്‍ എതിര്‍ത്തവര്‍ക്കും പൈയുടെ വഴി സ്വീകരിക്കേണ്ടി വന്നത് ചരിത്രം. പൈയുടെ കുടുബത്തില്‍ നിന്നു മാത്രം 52 കുടികിടപ്പുകാര്‍ക്ക് അവകാശം നല്‍കി.
പിന്നീടു കര്‍ഷക തൊഴിലാളികളുടെ അധ്വാന ഭാരം കുറയ്ക്കാനുള്ള സമരം, നെല്ലായി കിട്ടുന്ന കൂലി കൂട്ടാനുള്ള സമരം, കര്‍ഷക-കര്‍ഷകതൊഴിലാളി സംഘടന കെട്ടിപ്പടുക്കല്‍ എന്നിവയ്ക്കെല്ലാം പൈ മുന്നണിയിലുണ്ടായിരുന്നു. ചരിയംതുരുത്ത് വീണ്ടും ഭൂസമരത്തിന് വേദിയാകുമ്പോള്‍ നെല്ലും ചെമ്മീനും സമൃദ്ധമായി വിളഞ്ഞ കടമക്കുടിയുടെ പഴയ കാലം പൈ ഓര്‍ക്കുന്നു. ധനുമാസത്തില്‍ ചെമ്മീന്‍കൃഷി കഴിഞ്ഞാല്‍ മേടത്തിലെ നെല്‍കൃഷിക്കുള്ള ഒരുക്കമാണ്. തൂമ്പ് തുറന്ന് വെള്ളമൊഴുക്കി കളയലാണ് ആദ്യം. തൂമ്പടച്ച് ഭൂമിയുണക്കി കിളച്ച് മറിച്ച് പൊക്കാളി വിതയ്ക്കും. കൊയ്ത്തും മെതിയുമൊക്കെ ഇവിടെ തന്നെ. കൃഷിയെ പടിയിറക്കി ഭൂമി മാഫിയകള്‍ കൃഷിഭൂമി സ്വന്തമാക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെന്ന് പൈ. സ്വന്തമായുള്ള ഒന്നരയേക്കറോളം പാടത്ത് ഇപ്പോഴും കൃഷിയിറക്കുന്ന പൈ ഒന്നാം തീയതി മുതല്‍ കേരളമാകെ അലയടിക്കാന്‍ പോകുന്ന സമരത്തിന്റെ ആവേശം പുതുതലമുറയിലേക്ക് പകരുന്നു.
(എം എസ് അശോകന്‍)
മണ്ണിനായുള്ള പോരാട്ടത്തില്‍ ആദിവാസി സമരഭടന്മാരും
ചാലക്കുടി: മലയോര മേഖലയില്‍നിന്ന് മണ്ണിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ആദിവാസി സമരഭടന്മാര്‍ അണിചേരും. രണ്ടാം ഭൂസമരത്തിന് നാട് തയ്യാറെടുക്കുമ്പോള്‍ മലമടക്കുകളില്‍ നാമമാത്രമായ ഭൂമിയും ജീവിത സൗകര്യവും മാത്രമുള്ള ആദിവാസി സമൂഹവും സമരത്തില്‍ പങ്കെടുത്ത് ചരിത്രം കുറിക്കും. വര്‍ഷങ്ങളായി പരിമിതമായ ഭൂമിയില്‍ ജീവിതം തളയ്ക്കപ്പെട്ട ആദിവാസികളുടെ ഭൂമിക്കും പാര്‍പ്പിടത്തിനുമായുള്ള മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിവിധ വകുപ്പുകളുടെ സാങ്കേതിക തടസ്സങ്ങളും സര്‍ക്കാരുകളുടെ വിരുദ്ധ നിലപാടുകളും പലപ്പോഴും ഇവരുടെ ആവശ്യങ്ങള്‍ക്കുമുമ്പില്‍ വിലങ്ങുതടിയാവാറാണ് പതിവ്.
ആദിവാസിക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അതിരപ്പിള്ളിയിലെ വാച്ചുമരം കോളനിവാസികള്‍ ഭൂമിക്കുവേണ്ടി നടത്തിയ സമരത്തില്‍ അറസ്റ്റ്വരിച്ച് ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞത് സമര ചരിത്രത്തില്‍ പുതിയ കാല്‍വയ്പ്പായിരുന്നു. ആ സമരത്തിന്റെ ആവേശകരമായ അനുഭവം നെഞ്ചിലേറ്റിയാണ് വാച്ചുമരം ആദിവാസികോളനിവാസികള്‍ ഊരുമൂപ്പന്‍ രാജന്റെ നേതൃത്വത്തില്‍ സമരത്തില്‍ അണിചേരാനെത്തുന്നത്. അതിരപ്പിള്ളി പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളില്‍നിന്ന് രണ്ടാം ഭൂസമരത്തില്‍ സ്ത്രീകളടക്കം നിരവധിപേരാണ് പങ്കാളികളാകുക. ഭൂസമര സംസ്ഥാന പ്രചാരണജാഥയുടെ ചാലക്കുടിയില്‍ നടന്ന സമാപനപൊതുയോഗത്തില്‍ ആദിവാസികളോടൊപ്പം എത്തി വാഴച്ചാല്‍ ഊരുമൂപ്പന്‍ രാജന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പങ്കെടുത്ത് നടത്തിയ പരമ്പരാഗത ആദിവാസി നൃത്തവും പാട്ടുകളും ആവേശം പകരുന്നതായിരുന്നു. സമരഭൂമിയില്‍ ഇക്കുറി ആദിവാസി സമൂഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാകും.
ഭൂസമരം നാളെ തുടങ്ങും പതിച്ചു നല്‍കാതെ കരിപ്പോട് വാര്യത്ത് കളത്തിലെ മിച്ചഭൂമി
കൊല്ലങ്കോട്: പുതുനഗരം പഞ്ചായത്തിലെ കരിപ്പോട് വാര്യത്ത് കളത്തിലെ മിച്ചഭൂമിയില്‍നിന്നാണ് ജനുവരി ഒന്നിന് പാലക്കാട് ജില്ലയിലെ ഭൂസമരത്തിന് തുടക്കംകുറിക്കുന്നത്. ഇവിടെ മിച്ചഭൂമിയായി കണ്ടുകെട്ടിയ 20 ഏക്കര്‍ റവന്യുഅധികൃതര്‍ വാര്‍ഷിക പാട്ടത്തിന് നല്‍കിവരുകയാണ്. റവന്യുഭൂമിയായി പ്രഖ്യാപിച്ചിട്ടും വാര്‍ഷികലേലം ചെയ്യുകയല്ലാതെ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഭൂമി ലേലത്തിനെടുക്കുന്നതാകട്ടെ മുന്‍ ഉടമകളും. കൊടുവായൂര്‍ വാര്യം, ചൂഢാമണി അയ്യര്‍ എന്നീ ജന്മിമാരുടെ 100ഏക്കര്‍ ഭൂമിയിലെ കുടിയാന്മാരായിരുന്നു സഹോദരങ്ങളായ മധുസൂദനും സുന്ദരനും പങ്കജാക്ഷിയും. ഭൂപരിഷ്കരണനിയമം പാസായതോടെ കുടിയാന്മാരായ മധുസൂദനും സഹോദരങ്ങളും 70 ഏക്കര്‍ പാട്ടഭൂമിയുടെ ഉടമകളായി. ഇവരുടെ കീഴ്കുടിയാന്മാരായി അഞ്ചുപേരും കുടിയിരുപ്പുകാരായി 12പേരുമുണ്ടായിരുന്നു. ഇവര്‍ കൈവശംവച്ചത് 30 ഏക്കര്‍ ഭൂമിയാണ്. എന്നാല്‍, ഭൂപരിധിനിയമം പാസായതോടെ മധുസൂദനും രണ്ട് സഹോദരര്‍ക്കും കൂടി 45ഏക്കര്‍ മാത്രമാണ് ലഭിച്ചത്. ഒരാള്‍ക്ക് 15ഏക്കര്‍ മാത്രം കൈവശം വയ്ക്കാനേ നിയമം അനുവദിച്ചിരുന്നുള്ളു. ഭൂപരിധിനിയമം മറികടക്കാന്‍ സുന്ദരന്റെ മകന്‍ രമേഷിന് പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പേ 6.4 ഏക്കര്‍ ഭൂമി ദാനമായി രജിസ്റ്റര്‍ ചെയ്തു. ബാക്കിവരുന്ന രേഖയില്‍ കാണിക്കാത്ത ഭൂമിയുംകൂടി അനധികൃതമായി കൈവശം വയ്ക്കാന്‍ ശ്രമിച്ചെങ്കിലും 20 ഏക്കര്‍ മിച്ചഭൂമിയായി കണ്ടുകെട്ടി. കുളവും പറമ്പും ചേര്‍ന്ന 20 ഏക്കറാണ് മിച്ചഭൂമിയായി ഉടമകള്‍ വിട്ടുകൊടുത്തത്. ഈ ഭൂമിയാണ് ഏതാനും കൊല്ലമായി കൃഷി ചെയ്യാന്‍ വാര്‍ഷികപാട്ടത്തിന് വില്ലേജ് അധികൃതര്‍ ലേലം ചെയ്യുന്നത്. ഭൂരഹിതര്‍ക്ക് തികച്ചും അര്‍ഹതപ്പെട്ട വാര്യത്ത്കുളത്തെ ഈ മിച്ചഭൂമിയില്‍നിന്നാണ് ജില്ലയിലെ ഐതിഹാസിക സമരത്തിന് നാന്ദി കുറിക്കുക.
1968ല്‍ കര്‍ഷകത്തൊഴിലാളികള്‍ പതമ്പിനും തുടര്‍ന്ന് 1973ല്‍ കൂലിവര്‍ധയ്ക്കും തുടര്‍ന്ന് നാലുകൊല്ലം നീണ്ടുനിന്ന നെല്ല് കൂലിക്കായുള്ള സമരവും നടത്തിയ കരിപ്പോടുതന്നെയാണ് ഐതിഹാസികമായ മറ്റൊരു ഭൂസമരത്തിന് കര്‍ഷകത്തൊഴിലാളികളും ഭൂരഹിതരും ഒരുങ്ങുന്നത്. വിജയംവരെ സമരംചെയ്ത പോരാട്ടവീര്യത്തിന്റെ അനുഭവസമ്പത്ത് കൈമുതലായുള്ള നാട്ടുകാര്‍ ചരിത്രസമരം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ജനുവരി ഒന്നിന് മിച്ചഭൂമിയിലേക്ക് സമരവളണ്ടിയര്‍മാര്‍ പ്രവേശിച്ചാണ് സമരം ആരംഭിക്കുക. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. സമരത്തിന് ഭൂസംരക്ഷണസമിതി പ്രസിഡന്റ് പി കെ സുധാകരന്‍ നേതൃത്വം നല്‍കും. തുടര്‍ന്നുള്ള 10 ദിവസങ്ങളില്‍ കരിപ്പോടിലെ മിച്ചഭൂമിയില്‍ സമരം നടക്കും. വളണ്ടിയര്‍മാര്‍ക്കുപുറമേ ആയിരങ്ങള്‍ സമരത്തിനെത്തും. സമരവളണ്ടിയര്‍മാരെ അറസ്റ്റ് ചെയ്താല്‍ ജയിലില്‍ പോകാനാണ് തീരുമാനം.
ജില്ല സജ്ജം: പുതുചരിതമെഴുതാന്‍ പാലാമഠം
മലപ്പുറം: സംസ്ഥാന ചരിത്രത്തില്‍ പുത്തന്‍ അധ്യയമാകുന്ന ഭൂസമരത്തിന് ജില്ല ഒരുങ്ങി. ജില്ലയില്‍ വാണിയമ്പലം പാലാമഠം മിച്ചഭൂമിയാണ് സമരകേന്ദ്രം. ചൊവ്വാഴ്ച ഇവിടെ പ്രക്ഷോഭ കാഹളമുയരും. സമരത്തിന്റെ പാരമ്പര്യമുയരുന്ന മണ്ണാണ് പാലാമഠം. 1970 മുതല്‍ ശാന്തിനഗര്‍, പാലാമഠം ഭാഗങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി സിപിഐ എം നേതൃത്വത്തില്‍ മിച്ചഭൂമിസമരം നടന്നു. ഇതിന്റെ ഫലമായി നിരവധി കുടുംബങ്ങള്‍ക്ക് ഭൂമി ലഭിച്ചു. അതെല്ലാം ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്താണ്. ചൊവ്വാഴ്ച ആരംഭിക്കുന്ന സമരത്തിന് വിപുലമായ സജ്ജീകരണമാണ് സ്വാഗതസംഘം ഒരുക്കിയിട്ടുള്ളത്. വിവിധ കേന്ദ്രങ്ങളില്‍നിന്നും എത്തുന്ന വളന്റിയര്‍മാര്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഏര്‍പ്പാടാക്കും.
ഭക്ഷണത്തിനുള്ള അരി എടവണ്ണ, പോരൂര്‍, വണ്ടൂര്‍, മമ്പാട് എന്നിവിടങ്ങളിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റികളും മറ്റ് സാമഗ്രികള്‍, പച്ചക്കറികള്‍, പാത്രങ്ങള്‍ തുടങ്ങിയവ വണ്ടൂര്‍ ഏരിയയിലെ എട്ട് ലോക്കല്‍ കമ്മിറ്റികളും വഹിക്കും. സമരവുമായി ബന്ധപ്പെട്ടുള്ള കമാനങ്ങള്‍ ആര്‍ടിസാന്‍സ് യൂണിയന്‍ വണ്ടൂര്‍ ഏരിയാ കമ്മിറ്റി സ്ഥാപിക്കും.
ചൊവ്വാഴ്ച മുതല്‍ പത്തുവരെയാണ് ആദ്യഘട്ടം. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അത്താണിയില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യും. ഉദ്ഘാടന സമ്മേളനത്തിനുശേഷം സമരകേന്ദ്രത്തിലേക്ക് നേരത്തെ നിശ്ചയിക്കപ്പെട്ട സമര വളന്റിയര്‍മാര്‍ മാര്‍ച്ച് ചെയ്യും. തുടര്‍ന്ന് രണ്ടിന് തൃക്കലങ്ങോട്, എളങ്കൂര്‍, മൂന്നിന് തിരുവാലി, നാലിന് എടവണ്ണ, അഞ്ചിന് വണ്ടൂര്‍, ആറിന് പോരൂര്‍, ഏഴിന് മമ്പാട്, എട്ടിന് പാണ്ടിക്കാട്, ഒമ്പതിന് വാണിയമ്പലം, തുവ്വൂര്‍, പത്തിന് കരുവാരക്കുണ്ട് എന്നീ ലോക്കല്‍ കമ്മിറ്റികള്‍ വളന്റിയര്‍മാരെ അനുഗമിക്കും. സമരകേന്ദ്രത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നും എത്തിച്ചേരുന്നതിനുള്ള വഴി: നിലമ്പൂര്‍ ഭാഗത്തുനിന്നുള്ളവര്‍ നടുവത്ത് എത്തി വടക്കുംപാടം റോഡില്‍ മൂന്നുകിലോമീറ്റര്‍ കഴിഞ്ഞ് വെള്ളാമ്പുറത്തുനിന്ന് ഒരുകിലോമീറ്റര്‍ ദൂരമുള്ള പാലാമഠം പ്രദേശത്തേക്ക് പ്രവേശിക്കണം. ജില്ലയുടെ മറ്റുഭാഗങ്ങളില്‍നിന്നും എത്തുന്നവര്‍ വണ്ടൂരില്‍ എത്തി കാളികാവ് റോഡില്‍ പ്രവേശിച്ച് വാണിയമ്പലത്ത്നിന്ന് അമരമ്പലം റോഡില്‍ കയറി മൂന്നുകിലോമീറ്റര്‍ ദൂരം കഴിഞ്ഞ് അത്താണി കയറ്റത്തില്‍ എത്തി പാലാമഠം സമരകേന്ദ്രത്തില്‍ പ്രവേശിക്കണം.
ഭൂസമരം ചരിത്രമാക്കാന്‍ ജില്ല ഒരുങ്ങി
ആലപ്പുഴ: എണ്ണമറ്റ സമരപോരാട്ടങ്ങളുടെ സ്മരണകളിരമ്പുന്ന ആലപ്പുഴയുടെ മണ്ണ് പാവപ്പെട്ടവന് തലചായ്ക്കാന്‍ ഒരുതുണ്ട് ഭൂമി തേടിയുള്ള പുത്തന്‍പ്രക്ഷോഭത്തിനായി ഒരുങ്ങി. പുതുവര്‍ഷത്തിലെ ചുവന്നപ്രഭാതം ജില്ലയിലെ അവകാശസമരപോരാട്ടങ്ങളുടെ ചരിത്രത്തിലെ പുത്തന്‍ ഏടായി മാറാനുള്ള ഒരുക്കമാണ് നാട്ടിലെമ്പാടും. കൈനകരിയിലെ പൂപ്പള്ളി കുടുംബം വക 52 ഏക്കറില്‍ ചൊവ്വാഴ്ച സമരവളണ്ടിയര്‍മാര്‍ കൊടിനാട്ടുമ്പോള്‍ മണ്ണും വെള്ളവും മാഫിയകള്‍ക്ക് തീറെഴുതുന്ന ഭരണാധികാരികള്‍ക്ക് ഭൂരഹിതരുടെയും സാധാരണക്കാരുടെയും താക്കീതായി സമരം മാറും.
ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഭൂപരിഷ്കരണസമരസമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായാണ് പൂപ്പള്ളിയില്‍ സമരക്കാര്‍ പ്രവേശിക്കുന്നത്. സമരത്തിന്റെ പ്രചാരണാര്‍ഥം ജില്ലയിലെമ്പാടും ഉജ്വലപ്രവര്‍ത്തനങ്ങളാണ് നടന്നത്. ഭൂസംരക്ഷണസമിതി ചെയര്‍മാന്‍ ഇ പി ജയരാജന്‍ നയിച്ച സമരപ്രചാരണജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഏരിയ, ലോക്കല്‍ തലങ്ങളിലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഭൂരഹിതരുടെ കണ്‍വന്‍ഷനുകളിലെ പങ്കാളിത്തം സമരമെന്തിനെന്ന ചോദ്യമുന്നയിക്കുന്നവര്‍ക്കുള്ള മറുപടിയായി.
രാവിലെ 9ന് കൈനകരി ജങ്ഷനില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ 250 വളണ്ടിയര്‍മാര്‍ ആദ്യദിനം സമരഭൂമിയില്‍ പ്രവേശിക്കും. അറസ്റ്റ് ചെയ്താല്‍ ജാമ്യം നിഷേധിച്ച് ജയില്‍ വരിക്കും. തുടര്‍ന്നുള്ള പത്തുദിവസം 100 വീതം വളണ്ടിയര്‍മാര്‍ സമരത്തില്‍ അണിചേരും. ഭൂമിയില്ലാത്തവന് ഒരുതുണ്ട് ഭൂമി നേടിക്കൊടുക്കാനായി സംഘടിപ്പിക്കുന്ന സമരത്തിന് വര്‍ഗ, ബഹുജന സംഘടനകളും സാധാരണക്കാരുമായ ആയിരങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കും. ജനുവരി 11 മുതല്‍ ജില്ലയിലെ 17 ഏരിയകളിലായി പരിധിയില്‍ കവിഞ്ഞ് കൈവശം വച്ചിട്ടുള്ള ഭൂമിയില്‍ പ്രവേശിച്ച് പ്രവര്‍ത്തകര്‍ കുടില്‍കെട്ടും.
deshabhimani 311212
Labels:
ചരിത്രം,
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment