വനയാത്രികര്‍ക്കായി വനംവകുപ്പ് നല്‍കുന്ന "ഗ്രീന്‍ പാസ്പോര്‍ട്ട്" പ്രത്യാഘാതമുണ്ടാക്കുമെന്ന് ആക്ഷേപം. വനം-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപ്പാക്കുന്ന പാസ്പോര്‍ട്ട് വനത്തില്‍ സൈ്വരവിഹാരത്തിന് അവസരമൊരുക്കും. ഇപ്പോള്‍ സ്കൂളുകളില്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ക്ക് നല്‍കുന്ന ഗ്രീന്‍ പാസ്പോര്‍ട്ട് സംസ്ഥാനത്താകെ നടപ്പാക്കാനാണ് നീക്കം. വനത്തില്‍ കയറാന്‍ ഏര്‍പ്പെടുത്തുന്ന പാസ്പോര്‍ട്ടിന്റെ ദുരുപയോഗത്തെക്കുറിച്ച് വിശദപഠനമോ ചര്‍ച്ചകളോ കൂടാതെയാണ് പദ്ധതി നടപ്പാക്കുന്നത്. അസ്സല്‍ നോട്ടിനെ വെല്ലുന്ന കള്ളനോട്ട് ഇറക്കുന്ന നാട്ടില്‍ വ്യാജ ഗ്രീന്‍ പാസ്പോര്‍ട്ടുകള്‍ തയ്യാറാക്കി വനം കൊള്ളക്കാരും ആനവേട്ടക്കാരും വനത്തില്‍ വിഹരിക്കുമെന്ന സ്ഥിതിയുമുണ്ടാകും. സര്‍ക്കാരിന് ഇഷ്ടമില്ലാത്ത വനസംരക്ഷകര്‍ക്ക് പാസ്പോര്‍ട്ട് നിഷേധിച്ചും പീഡിപ്പിക്കാനുമാകും. ഇപ്പോള്‍ തന്നെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കാട്ടിലേക്കുള്ള പ്രവേശനം നിസ്സാര കാരണത്തിന്റെ പേരില്‍ തടഞ്ഞിരിക്കുകയാണ് വനം വകുപ്പ്.
സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിക്ക് സഹായകമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രി സ്വന്തക്കാരായ ചില "പരിസ്ഥിതി" പ്രവര്‍ത്തകര്‍ക്ക് കത്തും "പാസ്പോര്‍ട്ടും" അയച്ചു. കത്തില്‍ സംസ്ഥാനത്താകെ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവുമുണ്ട്. മന്ത്രിയെയോ മന്ത്രിയുടെ ഓഫീസിനെയോ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ ആര്‍ക്കും ഗ്രീന്‍ പാസ്പോര്‍ട്ട് കിട്ടുന്ന അവസ്ഥയാണ്. കഴിഞ്ഞദിവസം മന്ത്രിയുടെ ഓഫീസില്‍നിന്ന് സൗജന്യമായി ചില വനം-വന്യജീവി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്ത ഗ്രീന്‍ പാസ്പോര്‍ട്ട് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊന്നും ലഭിച്ചിട്ടുമില്ല.
വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പാസ്പോര്‍ട്ട് സംസ്ഥാന വ്യാപകമാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. വ്യക്തിയുടെ വിശദവിവരവും ഫോട്ടോയും വനിയമങ്ങളുമാണ് പാസ്പോര്‍ട്ടില്‍ ഉള്ളത്. സംസ്ഥാനത്തെ ഒരോ സംരക്ഷിത വനമേഖലയ്ക്കും പ്രത്യേക മുദ്രകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആ മേഖലയിലേക്ക് കടക്കുമ്പോള്‍ പാസ്പോര്‍ട്ടില്‍ ഈ മുദ്ര പതിപ്പിക്കും എന്നൊക്കെയാണ് വനം വകുപ്പ് പറയുന്നത്. ഗ്രീന്‍ പാസ്പോര്‍ട്ട് ലഭിച്ചാല്‍ കാട്ടില്‍ ആര്‍ക്കും വിലസാം. ഇപ്പോള്‍ വനയാത്രയ്ക്ക് ഡിഎഫ്ഒ മുതലുള്ളവരുടെ അനുവാദം വേണം. ഗ്രീന്‍ പാസ്പോര്‍ട്ട് വരുന്നതോടെ പാസ്പോര്‍ട്ടുമായി ചെന്നാല്‍ ഫോറസ്റ്റ് ഗാര്‍ഡിന് അനുമതി നല്‍കാനാകും. ബ്രസീലിലാണ് ഗ്രീന്‍ പാസ്പോര്‍ട്ട് ആദ്യം നടപ്പാക്കിയത്. എന്നാല്‍, അവിടെ വനയാത്രികര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ലഘുലേഖയാണ് ഇത്. വനത്തില്‍ പ്രവേശിക്കാനുള്ള യാത്രാനുമതിയല്ല. ഗ്രീന്‍ പാസ്പോര്‍ട്ട് ഇന്ത്യയില്‍ എവിടെയും നടപ്പാക്കിയിട്ടില്ല.
(എം വി പ്രദീപ്)
ഫോട്ടോഗ്രാഫര്‍ ചിത്രം നല്‍കിയില്ല; വനംവകുപ്പ് "കാടടച്ച് "പകരംവീട്ടി
ആവശ്യപ്പെട്ട ചിത്രം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ നല്‍കാത്തതിന് വനംവകുപ്പ് കാടടച്ച് പക തീര്‍ത്തു. വനംവകുപ്പ് ആസ്ഥാനത്ത് തുടങ്ങുന്ന ആര്‍കൈവ്സിലേക്ക് ആവശ്യപ്പെട്ട പടം നല്‍കാന്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കാടിനുള്ളില്‍ ഫോട്ടോ എടുക്കുന്നത് വനംവകുപ്പ് നിരോധിച്ചു. കഴിഞ്ഞ ദിവസം വനംമന്ത്രി കെ ബി ഗണേശ്കുമാറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിഎഫ്ഒമാരുടെ യോഗമാണ് കേന്ദ്രനിയമത്തിന് വിരുദ്ധമായി സംസ്ഥാനത്തെ വനത്തില്‍ ഫോട്ടോഗ്രാഫി നിരോധിച്ചത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഗവേഷണം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്കും വനത്തിന്റെയും വന്യമൃഗങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്താന്‍ കേന്ദ്രനിയമം അനുമതി നല്‍കുന്നുണ്ട്. ഇതിനു വിരുദ്ധമായാണ് സംസ്ഥാനത്തിന്റെ പ്രതികാര നടപടി. സംസ്ഥാനത്ത് ആദ്യമായാണ് കാടുകളില്‍ ചിത്രമെടുപ്പ് നിരോധിക്കുന്നത്.
ആര്‍കൈവ്സിലേക്ക് ചിത്രങ്ങള്‍ നല്‍കാന്‍ ഫോട്ടോഗ്രാഫര്‍മാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മാസങ്ങളോളം കൊടുങ്കാട്ടില്‍ താമസിച്ച് സാഹസികമായി പകര്‍ത്തിയ ചിത്രങ്ങള്‍ ചുളുവില്‍ നല്‍കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. പലരും ഭക്ഷണംപോലുമില്ലാതെ ദിവസങ്ങളോളം ഉള്‍വനങ്ങളില്‍ അലഞ്ഞാണ് അത്യപൂര്‍വ ചിത്രങ്ങള്‍ സ്വന്തമാക്കിയത്. ഒരുവര്‍ഷത്തോളം സൈലന്റ് വാലിയില്‍ താമസിച്ച് ചിത്രങ്ങള്‍ പകര്‍ത്തി പ്രശസ്തനായ ഫോട്ടോഗ്രാഫറോടാണ് വനംവകുപ്പ് മുഴുവന്‍ ചിത്രങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍, ചിത്രങ്ങള്‍ കൈമാറുന്നത് തന്റെ ജീവന്‍ കൈമാറുന്നതിനു തുല്യമാണെന്ന കാഴ്ചപ്പാടിലായിരുന്നു അദ്ദേഹം. തയ്യാറല്ലെന്നറിയിച്ചതോടെയാണ് പ്രതികാര നടപടിയിലേക്ക് തിരിഞ്ഞത്.
ഫോട്ടോഗ്രാഫര്‍മാരുടെ സമ്പൂര്‍ണ നിരോധനം വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും. പശ്ചിമഘട്ട മലനിരകളിലെ വരയാടുകളുടെ സംരക്ഷണം ലോകത്തെ ബോധ്യപ്പെടുത്തിയത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരാണ്. സൈലന്റ് വാലി, പെരിയാര്‍, പറമ്പിക്കുളം തുടങ്ങി സംസ്ഥാനത്തെ ഏത് വനമേഖലകളുടെ പ്രാധാന്യവും അവിടങ്ങളിലെ ജൈവവൈവിധ്യവും ലോകം കണ്ടത് ക്യാമറക്കാഴ്ചകളിലൂടെയാണ്. ഇതിനിടെ വനംവകുപ്പിന്റെ മുഖമാസിക "ആരണ്യ"ത്തിന്റെ പുതിയ പതിപ്പും വിവാദത്തിലായി. നിയമസഭയില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പ്രകാശനംചെയ്ത പുതിയ ലക്കത്തില്‍ മന്ത്രി ഗണേശ്കുമാറിന്റെ 25 ഫോട്ടോയാണുള്ളത്. കാടിനെക്കുറിച്ചുള്ള മികച്ച ലേഖനങ്ങളൊന്നുമില്ല. ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ചുമതലയില്‍ പ്രസിദ്ധീകരിച്ചിരുന്ന ആരണ്യത്തിന്റെ ചുമതല അടുത്തിടെ സ്വകാര്യവ്യക്തിക്ക് നല്‍കിയിരുന്നു. കരാര്‍ ലഭിച്ചയാള്‍ മന്ത്രിയെ പ്രീണിപ്പിക്കാന്‍ പുതിയ ലക്കം ഉപയോഗിക്കുകയുംചെയ്തു.
deshabhimani 231212
No comments:
Post a Comment