Saturday, December 29, 2012

ഡല്‍ഹി കൂട്ട ബലാല്‍സംഗം; പെണ്‍കുട്ടി മരിച്ചു

:(
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 2.15 യായിരുന്നു അന്ത്യം. മരണസമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നു. മൃതദേഹം സിംഗപ്പൂരിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം. പെണ്‍കുട്ടിക്ക് തലച്ചോറിന് ഗുരുതര ക്ഷതമേറ്റിട്ടുണ്ടെന്ന് സിംഗപ്പൂരിലെ ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടാകുന്നതിനു മുമ്പ് ശ്വാസകോശത്തിലും ഉദരത്തിലും അണുബാധയുണ്ടായി. അണുബാധ നിയന്ത്രിക്കാന്‍ കഴിയാഞ്ഞതാണ് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകാന്‍ ഇടയാക്കിയത്.

കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞ് ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടുന്നുണ്ട്. ഇന്ത്യാ ഗേറ്റിലേക്കുള്ള എല്ലാ റോഡുകളും സുരക്ഷയുടെ ഭാഗമായി അടച്ചു. 28 കമ്പനി സിആര്‍പിഎഫിനെ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. 9 മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. ജനങ്ങളോട് സംയമനം പാലിക്കണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 16 ന് രാത്രിയാണ് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. ബസ് ജീവനക്കാര്‍ ഉള്‍പ്പെട്ട ആറുപ്രതികളെ പൊലീസ് പിറ്റേദിവസം അറസ്റ്റുചെയ്തിരുന്നു. പീഡിപ്പിച്ചശേഷം വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് അക്രമികള്‍ സ്ഥലംവിട്ടു. രാത്രി അനധികൃത സര്‍വീസ് നടത്തുന്ന ബസിലായിരുന്നു പീഡനം. സംഭവം ഇന്ത്യയൊട്ടാകെ കടുത്ത പ്രതിഷേധത്തിനു വഴിവെച്ചു. ദിവസങ്ങളോടും രാജ്യതലസ്ഥാനവും രാഷ്ട്രപതിഭവന്‍ പരിസരവും പ്രതിഷേധത്തില്‍ മുങ്ങി. പലയിടത്തും പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി.

അന്താരാഷ്ട്രതലത്തിലും സംഭവം വാര്‍ത്തയായതോടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. കലാപത്തിന് ആഹ്വാനം ചെയ്തതിന് മുന്‍കരസേനാമേധാവി വി കെ സിങ്ങ്, യോഗവിദ്വാന്‍ രാംദേവ്, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ രണ്ടു അസി: കമീഷണര്‍മാരെ സസ്പെന്റു ചെയ്തു. കേസിന്റെ വിചാരണ അടുത്ത മാസം മൂന്നിന് തുടങ്ങും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ദില്ലി ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ഉഷ മെഹ്റയെ നിയോഗിച്ചു. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും.

ഉത്തര്‍പ്രദേശ് ബലിയ സ്വദേശിയായ വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഉത്തര്‍പ്രദേശ് ഗോരഖ്പുര്‍ സ്വദേശിയും എന്‍ജിനിയറുമായ യുവാവിനോടൊപ്പം സിനിമ കണ്ടശേഷം രാത്രി 9.15ഓടെ പെണ്‍കുട്ടി ദക്ഷിണ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍നിന്ന് ദ്വാരകയിലേക്കുള്ള ബസില്‍ കയറി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ബസ്ജീവനക്കാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. ബസ് ഡ്രൈവറും കണ്ടക്ടറും അടങ്ങിയ ഏഴുപേരടങ്ങുന്ന സംഘമാണ് ശല്യപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ സുഹൃത്ത് ഇത് ചോദ്യംചെയ്തപ്പോള്‍ ബസ് ജീവനക്കാര്‍ അയാളെ&ാറമവെ;ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച് അവനാക്കിയശേഷം വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് ഡ്രൈവറുടെ ക്യാബിനിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഒരുമണിക്കൂറോളം നീണ്ട പീഡനത്തിനുശേഷം പെണ്‍കുട്ടിയെയും യുവാവിനെയും പുറത്തേക്ക് വലിച്ചെറിഞ്ഞു. പെണ്‍കുട്ടിയുടെ വയറിലും കുടലിലും ഗുരുതരമുറിവുണ്ടായിരുന്നു.

മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും

സിംഗപ്പൂര്‍: ഡല്‍ഹിയില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലിക്കേ മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും. ഇന്ത്യന്‍ സ്ഥാനപതി ഡോ. ടിസിഎ രാഘവനാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലാണുള്ളത്. സിംഗപ്പൂരിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച വൈകീട്ട് നാലോടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment