Tuesday, December 25, 2012

സംസ്ഥാനത്തും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി ആഭ്യന്തരമന്ത്രി


കോട്ടയം: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കുറ്റസമ്മതം. ക്രമസമാധാനം മെച്ചപ്പെട്ടെന്ന് അവകാശപ്പെടാന്‍ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി നിരത്തിയ കണക്കുകള്‍ വാര്‍ത്താലേഖകര്‍ തിരുത്തിയതോടെയാണ് കുറ്റസമ്മതം. വീടുകളിലടക്കം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കഴിഞ്ഞ രണ്ടുമാസമായി നിരവധി കുറ്റകൃത്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ സ്ഥിതിവിവരക്കണക്കുകള്‍ ഇല്ലാതെയാണ് മന്ത്രി വാര്‍ത്താസമ്മേളനത്തിന് എത്തിയിത്.

2010ല്‍ സ്ത്രീകള്‍ക്കെതിരായ 597 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ 825 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ 2010 ല്‍ 183 എണ്ണമായിരുന്നുവെങ്കില്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ 296 ആയി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പൊതുവായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളുടെ എണ്ണം ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു. ഭൂരിഭാഗം കൊലപാതകകേസുകളിലെയും പ്രതികളെ പിടി കൂടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയെ പിടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കോട്ടയത്തെ ഓട്ടോഡ്രൈവറായിരുന്ന ഗോപിനാഥക്കുറുപ്പിന്റെ കൊലപാതകിയെ ഒരുവര്‍ഷം പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വകാര്യ അന്യായങ്ങളുടെ പേരില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്താല്‍ സംസ്ഥാനത്ത് കേസന്വേഷണത്തെ ബാധിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കണം. ഇതിനായി ഐപിസി കാലോചിതമായി പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തയാറാണ്. ഇക്കാര്യം റെയില്‍വേയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

deshabhimani 251212

No comments:

Post a Comment