Monday, December 31, 2012

മാര്‍ട്ടിന്റെ സംരക്ഷകര്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരുമെന്ന് തെളിഞ്ഞു: എം വി ജയരാജന്‍


വ്യാജ ലോട്ടറിക്കേസുകള്‍ അവസാനിപ്പിക്കാന്‍ സിബിഐ നടത്തുന്ന നീക്കം ലോട്ടറി മാഫിയകളെ സഹായിക്കാനും അന്യസംസ്ഥാന ലോട്ടറിചൂതാട്ടം കൊണ്ടുവരാനുമാണെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി കണ്‍വീനര്‍ എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

എല്‍ഡിഎഫ് ഭരണകാലത്താണ് ലോട്ടറി മാഫിയകളുടെ പേരില്‍ കേസെടുത്തതും അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം അവസാനിപ്പിച്ചതും. മര്‍ട്ടിനടക്കമുള്ള ലോട്ടറി മാഫിയകളുടെ പേരില്‍ 31 കേസ് അന്ന് ചാര്‍ജ്ചെയ്തു. അതില്‍ ഇരുപത്തൊന്നും പിന്‍വലിക്കാനാണ് സിബിഐ ശ്രമം. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ലോട്ടറിമാഫിയകള്‍ വീണ്ടും സജീവമായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വച്ച് 200 കോടി രൂപയുടെ വ്യാജലോട്ടറി ടിക്കറ്റുകള്‍ കടത്തിയ കേസിലെ പ്രതികള്‍ക്ക് കേരളഭാഗ്യക്കുറി ഏജന്‍സി അനുവദിച്ചത് യുഡിഎഫ് ഭരണത്തിലാണ്. ലോട്ടറി നിരോധിച്ച അയല്‍സംസ്ഥാനങ്ങളിലേക്ക് കേരളാ ഭാഗ്യക്കുറി ടിക്കറ്റുകള്‍ കടത്താനും തമിഴ്നാട്ടിലും മറ്റും ചൂതാട്ട ലോട്ടറി നടത്താനുമുള്ള സൗകര്യം വ്യാജലോട്ടറിക്കേസിലെ പ്രതികള്‍ക്ക് ധനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ലഭിക്കുന്നത്. ചെറുകിട ഏജന്റുമാര്‍ക്ക് ടിക്കറ്റ് നല്‍കാതെ മാഫിയവിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് യഥേഷ്ടം ടിക്കറ്റുകള്‍ നല്‍കാന്‍ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും ധനമന്ത്രിപോലും നിര്‍ദേശം നല്‍കുകയാണ്. ടിക്കറ്റ് അച്ചടി വര്‍ധിപ്പിക്കാതെ വില കൂട്ടാന്‍ നടത്തിയ നീക്കവും വന്‍കിടക്കാരെ സഹായിക്കാനാണ്.

സിക്കിം ഹൈക്കോടതിയിലെ കേസുകളില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളം സ്വീകരിച്ച നടപടികള്‍ അംഗീകരിക്കുകയും അനുകൂലവിധി ഉണ്ടാവുകയുംചെയ്തു. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പ്രൊമോട്ടര്‍മാര്‍ കേന്ദ്രലോട്ടറി നിയമം ലംഘിച്ചുവെന്ന കാര്യം കോടതിയും അതത് സംസ്ഥാനങ്ങളും അംഗീകരിച്ചതാണ്. എന്നിട്ടും സിബിഐ കേസുകള്‍ പിന്‍വലിക്കാനും അന്വേഷണം അവസാനിപ്പിക്കാനും കോടതിയുടെ അനുമതി തേടിയത് ദുരൂഹമാണ്. മണികുമാര്‍ സുബ്ബമുതല്‍ മാര്‍ട്ടിന്‍വരെയുള്ളവരുടെ ലോട്ടറി മാഫിയകളുടെ സംരക്ഷകരായ കേന്ദ്രസര്‍ക്കാരിനെ പ്രീതിപ്പെടുത്താനാണ് സിബിഐ സംഘത്തിന്റെ ശ്രമം. മാര്‍ട്ടിനെയും കൂട്ടരെയും കുറ്റവിമുക്തരാക്കി ചൂതാട്ടലോട്ടറി പുനഃസ്ഥാപിക്കാനുള്ള നീക്കം ജനങ്ങള്‍ ചെറുക്കും. മാര്‍ട്ടിന്റെ സംരക്ഷകര്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരുമാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് സിബിഐ നടപടിയെന്ന് എം വി ജയരാജന്‍ പറഞ്ഞു.

deshabhimani 311212

No comments:

Post a Comment