Monday, December 24, 2012
സീറ്റ് കച്ചവടം: കണ്ണൂര്‍, കരുണ മെഡി. കോളേജുകള്‍ നേടിയത് 125 കോടി
സര്‍ക്കാരുമായുള്ള കരാര്‍ ഉപേക്ഷിച്ച കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ അനധികൃത സീറ്റ് കച്ചവടം വഴി നേടിയത് 125 കോടി. രണ്ടു കോളേജിലും എംബിബിഎസ് സീറ്റില്‍ ഈ വര്‍ഷം പ്രവേശനം നേടിയ പകുതിയിലേറെ പേര്‍ അയോഗ്യര്‍. അപേക്ഷിക്കാത്തവര്‍ക്കും പ്രവേശനം ലഭിച്ചതായി ആരോഗ്യ സര്‍വകലാശാലയുടെ അന്വേഷണ കമീഷന്‍ കണ്ടെത്തി. പി എ മുഹമ്മദ് കമ്മിറ്റിക്കും കോളേജ് മാനേജ്മെന്റുകള്‍ വ്യാജ രേഖകളാണ് നല്‍കിയത്. പ്രവേശന പരീക്ഷാ കമീഷണറുടെ യോഗ്യതാ ലിസ്റ്റില്‍നിന്ന് പ്രവേശനം നല്‍കിയെന്ന് പറഞ്ഞാണ് മുഹമ്മദ് കമ്മിറ്റിക്ക് കോളേജുകള്‍ പേരുകള്‍ നല്‍കിയത്. ഈ പേരുകള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സീറ്റിന് ചുരുങ്ങിയത് 50 ലക്ഷം രൂപ വാങ്ങിയാണ് അപേക്ഷിക്കാത്തവര്‍ക്കും സീറ്റ് നല്‍കിയത്. ഇതുപ്രകാരം 125 കോടിയുടെ കച്ചവടം നടന്നു. പ്രവേശനം ലഭിക്കാത്ത ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ഥികളില്‍ പലര്‍ക്കും ഇന്റര്‍വ്യൂ കാര്‍ഡുപോലും അയച്ചിട്ടില്ല. ന്യൂനപക്ഷ മാനേജുമെന്റുകള്‍ നടത്തുന്ന രണ്ടു കോളേജുകളുടെയും അനധികൃത ഇടപാടുകള്‍ക്ക് സംരക്ഷണം നല്‍കുന്നത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന് ആരോപണമുണ്ട്. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജിലും പാലക്കാട് ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജിലും 50:50 എന്ന കരാര്‍ പ്രകാരമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രവേശനം നല്‍കിയത്. യുഡിഎഫ് വന്നശേഷം കഴിഞ്ഞ വര്‍ഷത്തെ പ്രവേശനം മുന്‍ ധാരണപ്രകാരം നടന്നു. എന്നാല്‍, ഈ വര്‍ഷം ഇരുമാനേജുമെന്റും കരാറില്‍നിന്നു പിന്‍വാങ്ങി. കോളേജുകള്‍ ന്യൂനപക്ഷ സമുദായകോളേജുകളാണന്നാണ് അവകാശപ്പെടുന്നതെങ്കിലും ഇരു കോളേജുകള്‍ക്കും ഇതുവരെ ആ പദവി ലഭിച്ചിട്ടില്ല. ഈ വര്‍ഷം പ്രവേശനം നേടിയവരില്‍ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായക്കാരുമല്ല. എംബിബിഎസിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ 150 സീറ്റും കരുണയില്‍ 100 സീറ്റുമാണുള്ളത്. കഴിഞ്ഞ സെപ്തംബറില്‍ പ്രവേശനം പൂര്‍ത്തിയായി. രജിസ്ട്രേഷന്‍ സമയത്ത് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് യോഗ്യതാ ലിസ്റ്റില്‍ ഇല്ലാത്ത വിദ്യാര്‍ഥികളുടെ പേര് കണ്ടെത്തിയത്. തുടര്‍ന്ന്, ഇരു കോളേജിനും 2012-13 വര്‍ഷത്തില്‍ അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സിലിനും ആരോഗ്യ സര്‍വകലാശാലയ്ക്കും ആരോഗ്യ വകുപ്പ് സെക്രട്ടറി കത്തയച്ചു. സര്‍വകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പ്രവേശനം നേടിയവരില്‍ 16 കുട്ടികള്‍ അയോഗ്യരാണെന്ന് കണ്ടെത്തി. തുടര്‍ന്ന് സമഗ്രാന്വേഷണത്തിന് ഉത്തരവിട്ടു.
സര്‍വകലാശാലയും പ്രവേശന കമ്മീഷണറും മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സര്‍ക്കാരിനും കൈമാറി. ഇതിനിടെ, കോളേജുകളുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് ഇരു മാനേജുമെന്റും ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ സ്വാശ്രയ കോളേജുകള്‍ക്കുവേണ്ടിയാണ് വാദിച്ചത്. പ്രവേശനത്തിലെ ക്രമക്കേടുകളുടെ പേരില്‍ കോളേജുകളുടെ അംഗീകാരം തടയരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണിതെന്ന് പറയപ്പെടുന്നു. എന്നാല്‍, ശക്തമായ സമ്മര്‍ദമുണ്ടായിട്ടും ആരോഗ്യസര്‍വകലാശാലയുടെ അഭിഭാഷകന്‍ സര്‍ക്കാര്‍ നിലപാടിനോട് വിയോജിച്ചു. വൈസ് ചാന്‍സലറും ശക്തമായ നിലപാട് സ്വീകരിച്ചു. ഹൈക്കോടതി വിധി വന്നിട്ടില്ല.
(വി എം രാധാകൃഷ്ണന്‍)
deshabhimani 241212
Subscribe to:
Post Comments (Atom)
No comments:
Post a Comment