Monday, December 24, 2012

അണയാതെ പ്രക്ഷോഭാഗ്നി


ഡല്‍ഹിയില്‍ കേന്ദ്ര-സംസ്ഥാന ഭരണത്തിനെതിരെ തുടര്‍ച്ചയായ രണ്ടാംദിവസവും പ്രക്ഷോഭകര്‍ ഇരമ്പിയാര്‍ത്തതോടെ നഗരഹൃദയമായ ഇന്ത്യാഗേറ്റും രാഷ്ട്രപതി ഭവന്‍ സ്ഥിതിചെയ്യുന്ന റെയ്സിന കുന്നിന്റെ പരിസരവും ഞായറാഴ്ച അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമായി. ബസിനുള്ളില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതിന് എതിരായ പ്രതിഷേധം കേന്ദ്രസര്‍ക്കാരിന്റെ നിഷ്ക്രിയതയ്ക്കെതിരായ യുവജനമുന്നേറ്റമായി. പ്രക്ഷോഭം തുടരുമെന്ന ശക്തമായ സൂചന നല്‍കി കടുത്ത പൊലീസ് അതിക്രമം അതിജീവിച്ച് രാത്രി വൈകിയും ഇന്ത്യാഗേറ്റ് പരിസരത്ത് പ്രക്ഷോഭകര്‍ തങ്ങുകയാണ്.

രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ചുചെയ്യാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡുകള്‍ വര്‍ഷിച്ചു. ലാത്തിയടിക്കും കണ്ണീര്‍വാതകപ്രയോഗത്തിനും പ്രക്ഷോഭകരുടെ ആവേശം കെടുത്താനായില്ല. പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രക്ഷോഭകര്‍, റിപ്പബ്ലിക്ദിന പരേഡിന് മുന്നോടിയായി വഴിവക്കില്‍ സ്ഥാപിച്ച തടിത്തൂണുകള്‍ പിഴുത് പലയിടത്തും തീകൂട്ടി. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു. ഇന്ത്യാഗേറ്റിന് സമീപത്തെ പന്തലുകള്‍ തകര്‍ത്ത് തീയിട്ടു. വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. ശനിയാഴ്ച രാഷ്ട്രപതി ഭവന് മുന്നിലുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലായി പൊലീസ് ഞായറാഴ്ച ഡല്‍ഹിയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ത്യാഗേറ്റിനും രാഷ്ട്രപതി ഭവനും മുന്നിലൂടെ കടന്നുപോകുന്ന മെട്രോ റെയില്‍ പാതകളില്‍ എട്ട് സ്റ്റേഷന്‍ അടച്ചിട്ടു. പാര്‍ലമെന്റ്-രാഷ്ട്രപതി ഭവന്‍ ഭാഗത്തേക്ക് പ്രക്ഷോഭകര്‍ എത്താതിരിക്കാന്‍ ഈ ഭാഗത്തേക്കുള്ള എല്ലാ റോഡിലും രാവിലെ തന്നെ ബാരിക്കേഡുകള്‍ ഉയര്‍ത്തി. സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ജനകീയപ്രക്ഷോഭത്തെ നേരിടാനായിരുന്നു പദ്ധതി.

സിപിഐ എം പ്രവര്‍ത്തകരാണ് രാവിലെ പ്രക്ഷോഭത്തിന് തുടക്കമിട്ടത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും പ്രകടനത്തില്‍ പങ്കാളികളായി. പ്രക്ഷോഭകര്‍ക്കെതിരായ ലാത്തിപ്രയോഗത്തിലും പൊലീസ് അതിക്രമത്തിലും നിരവധിപേര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിയുമായ സുനന്ദിന് തലയ്ക്ക് ഗുരുതരപരിക്കേറ്റു. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജോഗീന്ദര്‍ശര്‍മയെ കൈയേറ്റം ചെയ്തു.

ഉച്ചയോടെ ഡല്‍ഹിയുടെ വിവിധഭാഗങ്ങളില്‍ നിന്ന് ചെറുസംഘങ്ങളായി യുവതീയുവാക്കള്‍ ഇന്ത്യാഗേറ്റ് ലക്ഷ്യമാക്കി എത്തിതുടങ്ങി. റെയ്സിന കുന്നില്‍ രാഷ്ട്രപതി ഭവനിലേക്ക് നീങ്ങാനുള്ള ഇവരുടെ നീക്കം ബാരിക്കേഡുകള്‍ ഉയര്‍ത്തി പൊലീസ് തടഞ്ഞു. വൈകിട്ടോടെ പ്രക്ഷോഭം അക്രമാസക്തമായി തുടങ്ങി. സമാധാനപരമായ പ്രതിഷേധത്തിന് അക്രമസ്വഭാവം ഉണ്ടായത് ബാബാരാംദേവിന്റെയും മറ്റും അനുയായികള്‍ എത്തിയതോടെയാണ്.ഇതോടെ സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ നിന്ന് അകന്നുതുടങ്ങി. ഡല്‍ഹി പൊലീസിനെതിരെ പ്രതിഷേധിക്കാനെത്തിയ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും എംപിയുമായ സന്ദീപ് ദീക്ഷിതിനെയും പ്രകടനക്കാര്‍ കൈയേറ്റം ചെയ്തു. ദീക്ഷതിന്റെ ഔദ്യോഗികവാഹനം തകര്‍ത്തു. ആരും നിയന്ത്രിക്കാനില്ലാത്തവിധമായിരുന്നു ചിലരുടെ അഴിഞ്ഞാട്ടം. അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രതിഷേധത്തിന് എത്തിയ പലരും അഭ്യര്‍ഥിച്ചെങ്കിലും ഒരുകൂട്ടം യുവാക്കള്‍ അക്രമത്തിലേക്ക് സമരത്തെ നീക്കാന്‍ ശ്രമിച്ചു. വൈകിട്ട് ആറോടെ പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് ബലപ്രയോഗം ശക്തമാക്കി.

ലാത്തിയടിയും കണ്ണീര്‍ വാതക-ജലപീരങ്കി പ്രയോഗവും രൂക്ഷമായതോടെ പ്രകടനക്കാര്‍ ചിതറിയോടി. അക്രമം നടത്തിയവര്‍ തടിതപ്പിയപ്പോള്‍ സമാധാനപരമായി പ്രതിഷേധിച്ച യുവതീയുവാക്കള്‍ ക്രൂരമര്‍ദനത്തിന് ഇരയായി. വലിയ ലാത്തിയുപയോഗിച്ച് പൊലീസ് കണ്ണില്‍കണ്ടവരെയെല്ലാം അടിച്ചോടിച്ചു. നിരവധിപേരുടെ തലയ്ക്കാണ് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കണ്ണീര്‍വാതകത്തിന്റെ പുകയടങ്ങിയപ്പോള്‍ ചിതറിത്തെറിച്ച ചെരുപ്പുകളും കുപ്പികളും ബാഗുകളുമൊക്കെയായി ഇന്ത്യാഗേറ്റ് പരിസരം യുദ്ധക്കളത്തിന്റെ സ്ഥിതിയിലായി. പാര്‍ലമെന്റിന് സമീപം റെയില്‍ഭവന്‍ പരിസരത്ത് തടിച്ചുകൂടിയ പ്രക്ഷോഭകരെയും റോഡിലൂടെ പോയ പ്രകടനക്കാരെയും പൊലീസ് തല്ലിയോടിച്ചു. പ്രക്ഷോഭകര്‍ക്കിടയില്‍ കുഴപ്പക്കാര്‍ നുഴഞ്ഞുകയറിയതിനാലാണ് ലാത്തി വീശിയതെന്ന് ഡല്‍ഹി പൊലീസ് പ്രതികരിച്ചു. ജന്തര്‍മന്ദറില്‍ രാംദേവിന്റെ അനുയായികളും പൊലീസും ഏറ്റുമുട്ടി.
 (എം പ്രശാന്ത്)

ബലാത്സംഗത്തിന് വധശിക്ഷ പരിഹാരമല്ല: കമല്‍ഹാസന്‍

കൊച്ചി: ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതുകൊണ്ട് പരിഹാരമാകുന്നില്ലെന്ന് നടന്‍ കമല്‍ഹാസന്‍. പുതിയ ചിത്രം വിശ്വരൂപത്തിന്റെ പ്രചാരണത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവിധേയമായ കൊലപാതകമാണ് വധശിക്ഷയെന്ന് ജസ്റ്റിസ് കൃഷ്ണയ്യരെപ്പോലുള്ള നിയമവിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാന്‍ മറ്റൊരു കുറ്റകൃത്യം ആവര്‍ത്തിക്കുന്നതിന് സമമാണ് ഇത്. ഗാന്ധിജിയുടെ ചിത്രമുള്ള നോട്ടുകള്‍ ഇറക്കിയശേഷം ഹിറ്റ്ലറിന്റെ കാലത്തേയ്ക്കാണ് നാം നീങ്ങുന്നത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി തന്റെ സഹോദരിയാണ്. അത് ചെയ്തയാളും തന്റെ സഹോദരന്‍ തന്നെയാണ്. ഈ ക്രൂരത കാണിക്കാന്‍ അയാള്‍ക്ക് എവിടെനിന്ന് ധൈര്യം കിട്ടിയെന്നതാണ് മനസ്സിലാകാത്തതെന്നും കമല്‍ പറഞ്ഞു. പലസ്തീനിലായാലും എവിടെയാണെങ്കിലും യുദ്ധത്തിന് താന്‍ എതിരാണ്. ഉപേക്ഷിക്കേണ്ട പഴയ ശീലമാണ് യുദ്ധം. യുദ്ധത്തിന്റെ കര്യത്തില്‍ അമേരിക്കയും വിഭിന്നമല്ല. ഇത്തരം രാജ്യങ്ങളുടെ യുദ്ധക്കൊതിയെ തന്റെ പുതിയ ചിത്രമായ വിശ്വരൂപത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. തീവ്രവാദം ഉള്‍പ്പെടെയുള്ളവയെ വെടിയുണ്ടകൊണ്ടല്ല നേരിടേണ്ടത്. ചര്‍ച്ചകളിലൂടെയാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്.

deshabhimani 241212

No comments:

Post a Comment