Friday, December 28, 2012
ജനാധിപത്യത്തിനുള്ളിലെ സ്ത്രീവിരുദ്ധത
തോമസ് ഹാര്‍ഡിയുടെ "ടെസ് ഓഫ് ദ് ഡര്‍ബര്‍വില്‍സ്" 1891ല്‍ എഴുതിയ നോവലാണ്. ആ നോവലില്‍ നിഷ്കളങ്കയും ദരിദ്രയുമായ ടെസ് എന്ന പെണ്‍കുട്ടിയെ അവളുടെ യജമാനന്റെ മകന്‍ ബലാത്സംഗത്തിന് ഇരയാക്കുന്നുണ്ട്. അവന്‍ കരുതുന്നത്, അവള്‍ അവന്റെ കളിപ്പാട്ടമാണെന്നാണ്. അവന്റെ സാമൂഹ്യ സാമ്പത്തിക പദവിയും സ്ത്രീ, പുരുഷന്റെ അധീനതയിലാണെന്ന ധാരണയുമാണ് അവനെ അത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. അത് വിക്ടോറിയന്‍ കാലം. എന്നാല്‍, ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനത്തിലും പുരുഷന് സ്ത്രീയുടെ മേലുള്ള ആധിപത്യം ബലാത്സംഗത്തിന്റെയും മറ്റ് അതിക്രമങ്ങളുടെയും രൂപത്തില്‍ നിലനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.
പാതി ഭൂമിക്കും പാതി ആകാശത്തിനും അവകാശികളാണ് സ്ത്രീകളെന്നത് മാവോയുടെ വിഖ്യാതമായ പ്രഖ്യാപനമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജനാധിപത്യ ഭരണകൂടം നിലവിലുള്ള ഇന്ത്യ സ്വന്തം ശരീരത്തിനും മനസ്സിനും മേല്‍പോലും അവകാശമില്ലാത്തവരായി സ്ത്രീകളെ മാറ്റിത്തീര്‍ത്തിരിക്കുന്നു. ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ 16ന് നടന്ന ക്രൂരമായ ലൈംഗികാതിക്രമം 2012ല്‍ ഇന്ത്യയുടെ തലസ്ഥാനഗരിയില്‍ റിപ്പോര്‍ട്ട് ചെയ്ത 636-ാം ബലാത്സംഗമാണ്. അതിവേഗം വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷയോ കടുത്ത മറ്റേതെങ്കിലും ശിക്ഷയോ കുറ്റവാളികള്‍ക്ക് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. സ്ത്രീകളുടെ മാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരമ്പിവന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള വ്യഗ്രത കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ പ്രകടമാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. സ്ത്രീപീഡനകേസുകളില്‍ എത്രയും വേഗം കൃത്യവും ശക്തവുമായ ശിക്ഷ ഉറപ്പാക്കണം. മാപ്പര്‍ഹിക്കാത്ത ബലാത്സംഗകൃത്യങ്ങള്‍ക്ക് കൂടുതല്‍ കര്‍ശനമായ ശിക്ഷ നല്‍കേണ്ടതുണ്ട്.
വധശിക്ഷ നല്‍കണമെന്ന വാദത്തെ എതിര്‍ക്കുന്നവരുണ്ട്. അപൂര്‍വം കേസുകളില്‍ മാത്രമാണ് വധശിക്ഷ വിധിക്കാറുള്ളതെന്നും അതില്‍ത്തന്നെ മേല്‍കോടതികളില്‍ അപ്പീല്‍ പോകാനും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനും അവസരമുണ്ടെന്നും അതിലൂടെ ശിക്ഷയിലെ ഇളവിനു സാധ്യതയുണ്ടെന്നും അതുകൊണ്ട് വധശിക്ഷ നടപ്പാകുമെന്നുറപ്പില്ലെന്നുമാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. തെളിവു നശിപ്പിക്കാന്‍ ഇരയെ കൊലപ്പെടുത്തുന്ന പ്രവണത വര്‍ധിക്കുമെന്നും അഭിപ്രായമുള്ളവരുണ്ട്. അച്ഛനും സഹോദരനും അമ്മാവനും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ കുറ്റവാളികളാകുന്ന സാഹചര്യത്തില്‍ വധശിക്ഷ എന്ന ഒറ്റ കാരണത്താല്‍ സംഭവത്തെക്കുറിച്ച് പരാതിപ്പെടാന്‍പോലും തയ്യാറാകാത്ത സാഹചര്യം ഉണ്ടായേക്കാം എന്നും കരുതുന്നുണ്ട്.
കുറ്റവാളികളെ ഷണ്ഡരാക്കുക എന്നതാണ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള പലരുടെയും അഭിപ്രായം. എല്ലാ ബലാത്സംഗത്തിനും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന എല്ലാത്തരം അതിക്രമങ്ങള്‍ക്കും പിന്നില്‍ ലൈംഗികതാല്‍പ്പര്യമാണെന്നു പറയാനാകില്ല. അഥവാ ലൈംഗികതാല്‍പ്പര്യത്തിനുമപ്പുറം സ്ത്രീയുടെ മേലുള്ള അധികാരവും ആധിപത്യവും ഉറപ്പിക്കുന്നതിനും സ്ത്രീ അബലയാണെന്നും അടിമയാണെന്നും സ്ഥാപിക്കുന്നതിനുമുള്ള ക്രൂരമായ പുരുഷാധിപത്യ പ്രകടനമാണതിലുള്ളത്. ഇതെല്ലാം വ്യക്തമാക്കുന്നത്, പ്രശ്നത്തിന്റെ അതിസങ്കീര്‍ണതയെയാണ്. ഇതില്‍ ഒന്നിലധികം ഘടകങ്ങള്‍ ഉള്‍ച്ചേരുന്നു. ഒന്ന്, സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധമായ യാഥാസ്ഥിതികത്വത്തിന്റെ തീവ്രതയാണ്. രണ്ട്, ഭരണകൂടത്തിന്റെ ഇടപെടലിലെ കൃത്യവിലോപം. മൂന്ന്, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അസ്വസ്ഥതയും അസഹിഷ്ണുതയും അരാജകത്വവും. നാല്, സ്ത്രീപ്രശ്നം സാമൂഹ്യപ്രശ്നമായി കാണുന്നതില്‍ സമൂഹത്തിനുള്ള വിമുഖത. പുരുഷമേധാവിത്തപരമായ സംസ്കാരങ്ങളെ മുതലാളിത്തം കൂടെ കൂട്ടുകയും ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മുതലാളിത്തത്തിന് സ്ത്രീകളെ കീഴ്പെടുത്തി നിര്‍ത്തേണ്ടത് ആവശ്യമാണ്. മുതലാളിത്തത്തിന് ലാഭംനേടാനുള്ള പ്രധാന ഉപാധിയാണത്. പുരുഷമേധാവിത്തത്തെ അതിനായി പ്രയോജനപ്പെടുത്തുകയാണ് മുതലാളിത്തം ചെയ്യുന്നത്.
സ്ത്രീകള്‍ക്ക് തുല്യവേതനം ശുപാര്‍ശചെയ്യുന്ന നിര്‍ദേശം 1977ല്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും അമേരിക്ക ഇതേവരെ അത് നടപ്പാക്കിയിട്ടില്ലെന്നത് മുതലാളിത്തത്തിന്റെ സ്ത്രീകളോടുള്ള സമീപനം വ്യക്തമാക്കുന്നു. തുല്യവേതനം നല്‍കാതിരിക്കുന്നതിലൂടെ പ്രതിവര്‍ഷം 20,000 കോടി ഡോളറിന്റെ അധികലാഭമാണ് അമേരിക്കന്‍ മുതലാളിമാര്‍ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ കേവലം ലൈംഗികതാല്‍പ്പര്യമല്ല, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിനുപിന്നിലുള്ളത്. വന്‍ സാമ്പത്തികശക്തിയായി ഇന്ത്യ മുന്നേറുന്നുവെന്ന് ഭരണാധികാരികള്‍ അഭിമാനത്തോടെ പറയുന്നു. ലോകത്തെ അതിസമ്പന്നരായ 20 പേരുടെ പട്ടികയില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണെന്നതിലും ഭരണകൂടം അഭിമാനിക്കുന്നു. മാനവവികസന സൂചകത്തില്‍ 134-ാം സ്ഥാനത്താണ് ഇന്ത്യ. ലോകമാകെയുള്ള ദരിദ്രരില്‍ 27 ശതമാനം ഇന്ത്യയിലാണ്. ലോകമാകെ നടക്കുന്ന ബാലവിവാഹത്തില്‍ 40 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യയിലെ അമ്മമാരില്‍ 22 ശതമാനം പതിനെട്ടുവയസ്സിനുമുമ്പ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. 1929ല്‍ ബാലവിവാഹത്തിനെതിരായ നിയമം പാസാക്കുകയും 1979ല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സെന്നു തീരുമാനിക്കുകയുംചെയ്ത രാജ്യത്താണ് ഔദ്യോഗിക കണക്കുകള്‍ മേല്‍പറഞ്ഞ സ്ഥിതിവിവരം നല്‍കുന്നത്. ഭ്രൂണത്തിന്റെ ലിംഗനിര്‍ണയവും അതിനുസരിച്ചുള്ള ഗര്‍ഭഛിദ്രവും തടയുന്ന നിയമം 1994ല്‍ രാജ്യത്ത് നിലവില്‍വന്നു. ആ നിയമം നടപ്പാകുന്നുണ്ടെങ്കില്‍ ഭ്രൂണഹത്യ നടത്തുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണല്ലോ? എന്നാല്‍, ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി പത്തു ദശലക്ഷം പെണ്‍ഭ്രൂണഹത്യയാണ് നടക്കുന്നത്. പിറക്കുന്ന പെണ്‍കുഞ്ഞുങ്ങളില്‍ 12 ദശലക്ഷം ഒരുവയസ്സ് പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ലോകത്തോട് വിട പറയുന്നു. നിയമം രൂപപ്പെടുത്തിയതുകൊണ്ടുമാത്രം കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കണമെന്നില്ല എന്നാണ് ഇതു തെളിയിക്കുന്നത്. നിയമം കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഭരണകൂടം ബാധ്യസ്ഥമാണ്. അതേസമയം, ഇന്ത്യന്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ മാനത്തിനും ജീവനും സംരക്ഷണമില്ലാതെ ഭയചകിതരായി കഴിയേണ്ടിവരുന്നു. ഇന്ത്യക്ക് അഭിമാനിക്കാനാകുമോ? ലോകത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത സമൂഹത്തില്‍ നാലാംസ്ഥാനമാണ് ഇന്ത്യക്കുള്ളത്. ബലാത്സംഗകൃത്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ 35 ശതമാനം സ്ത്രീകള്‍ ശാരീരികമായ പീഡനം ജീവിതപങ്കാളിയില്‍നിന്ന് ഏല്‍ക്കുന്നവരാണ്. ഇവരില്‍ 10 ശതമാനം ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു.
പെണ്‍ഭ്രൂണഹത്യയും ശവഭോഗവും വര്‍ധിച്ചുവരുമ്പോള്‍ ഗര്‍ഭാവസ്ഥയിലും മരണാനന്തരവും സ്ത്രീക്ക് സ്വന്തം ശരീരത്തിനുമേല്‍ അവകാശമില്ലെന്ന് ഇന്ത്യന്‍ സമൂഹം ഓര്‍മിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ നിസ്സംഗത മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. വാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ്, സീറ്റ് ബല്‍റ്റ് എന്നിവ ധരിക്കുന്നതും പൊതുസ്ഥലങ്ങളില്‍ സിഗററ്റ് വലിക്കുന്നതും സംബന്ധിച്ച് കര്‍ശന നിയന്ത്രണവും ശിക്ഷയും ഉറപ്പാക്കുന്ന നിയമവ്യവസ്ഥയ്ക്ക് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വ്യാപകമായ അക്രമങ്ങളെ തടയാനാകാത്തത് ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ സമീപനത്തെയാണ് വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തിനായി സംഘടിപ്പിക്കപ്പെടുന്ന കൗണ്‍സലിങ് ഉള്‍പ്പെടെയുള്ളവ അശാസ്ത്രീയമായാണ് നിര്‍വഹിക്കപ്പെടുന്നത്. സ്ത്രീകള്‍ക്കായിമാത്രം കൗണ്‍സലിങ് ഏര്‍പ്പെടുത്തുകയും അവര്‍ രാത്രി പുറത്തിറങ്ങാതിരിക്കണമെന്നും വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്നും ഉദ്ബോധിപ്പിക്കുകയുംചെയ്യുന്ന ബോധവല്‍ക്കരണം യാഥാസ്ഥിതികത്വത്തിന്റെ പ്രചാരണമാണ്. സമൂഹത്തിലെ സ്ത്രീപുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബാധകമായ ബോധവല്‍ക്കരണമാണ് ഉണ്ടാകേണ്ടത്.
ഇവിടെ വര്‍ധിച്ചുവരുന്ന അരാഷ്ട്രീയ സംഘടനകളുടെയും സ്ത്രീ സ്വത്വരാഷ്ട്രീയവാദികളുടെയും ഇടപെടല്‍ പ്രശ്നത്തിനു പരിഹാരമല്ല. കൃത്യമായ രാഷ്ട്രീയ ദിശാബോധത്തിന്റെ അഭാവത്തില്‍ അത്തരം ഇടപെടലുകള്‍ പ്രക്ഷോഭരൂപത്തിലായാലും ലക്ഷ്യത്തിലെത്തുകയില്ലെന്നതും കാണണം. വികാരവിക്ഷുബ്ധരായ ജനക്കൂട്ടമല്ല, വിചാരപ്രബുദ്ധരായ പൗരസമൂഹമാണ് ചരിത്രത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് കാരണമായത്. അവര്‍തന്നെയാണ് വിക്ടോറിയന്‍ യുഗത്തെ ജനാധിപത്യത്തിലേക്ക് നയിച്ചതും. ആധുനിക ഇന്ത്യ ജനാധിപത്യത്തിനുള്ളില്‍ പൊതിഞ്ഞുവയ്ക്കുന്ന സ്ത്രീവിരുദ്ധതയടക്കമുള്ള യാഥാസ്ഥിതിക പൊതുബോധത്തെ തകര്‍ക്കാനും ശരിയായ രാഷ്ട്രീയബോധത്തിനേ കഴിയൂ.
ഡോ. പി എസ് ശ്രീകല deshabhimani 281212
Labels:
രാഷ്ട്രീയം,
സമൂഹം,
സ്ത്രീ
Subscribe to:
Post Comments (Atom)
No comments:
Post a Comment