Tuesday, December 25, 2012
ശില്‍പ്പി കൃഷ്ണകുമാറിന് ബിനാലെയുടെ ഓര്‍മപ്പൂക്കള്‍
രണ്ട് പതിറ്റാണ്ട് മുമ്പത്തെ ഒരു ക്രിസ്മസ് പിറ്റേന്നിന്റെ നൊമ്പരത്തിന് കൊച്ചി-മുസിരിസ് ബിനാലെയുടെ ഓര്‍മപ്പൂക്കള്‍. ചിത്രകലയിലെ നവമുന്നേറ്റത്തിന്റെ മുന്നണിപ്പോരാളിയായിരിക്കെ ഒരുമുഴം കയറില്‍ സ്വയം ജീവിതം അവസാനിപ്പിച്ച ശില്‍പ്പി കെ പി കൃഷ്ണകുമാറിന്റെ 23-ാം ചരമവാര്‍ഷികാചരണം 26ന് ബിനാലെ വേദിയില്‍ നടക്കും. കലയുടെ ജനകീയവല്‍ക്കരണത്തിന് ശ്രമിക്കുകയും പാതിവഴിയില്‍ സൃഷ്ടികളും സൗഹൃദങ്ങളും ഉപേക്ഷിച്ച് യാത്രയാകുകയും ചെയ്ത കൃഷ്ണകുമാറിന്റെ ബോട്ട്മാന്‍, മിഗ് 28 എന്നീ ശില്‍പ്പങ്ങള്‍ ബിനാലെയുടെ ഭാഗമായി പെപ്പര്‍ ഹൗസിലും ഡര്‍ബാര്‍ഹാളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ ജനിച്ച് ശാന്തിനികേതനില്‍ ശില്‍പ്പകലാ പഠനം പൂര്‍ത്തിയാക്കിയ കൃഷ്ണകുമാര്‍ മുപ്പത്തിയൊന്നാം വയസ്സിലാണ് സ്വയം ജീവിതമൊടുക്കിയത്. ഇന്ത്യന്‍ കലാപ്രസ്ഥാന ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട, രണ്ടുവര്‍ഷം മാത്രം ആയുസ്സുണ്ടായ റാഡിക്കല്‍ മൂവ്മെന്റിന്റെ നട്ടെല്ലായിരുന്നു ഈ യുവശില്‍പ്പി. മുതിര്‍ന്ന തലമുറയുടെ നിലപാടിനെ ചോദ്യംചെയ്ത ക്ഷുഭിതയൗവ്വനങ്ങളുടെ കൂട്ടായ്മയായിരുന്നു അത്. ഈ കൂട്ടായ്മയുടെ ഭാഗമായി 1988ല്‍ കേരളത്തിലേക്ക് കൂടുമാറിയ കൃഷ്ണകുമാര്‍ തൃപ്രയാറിലെ തന്റെ സ്റ്റുഡിയോ ഷെഡില്‍ 1989 ഡിസംബര്‍ 26നാണ് ജീവനൊടുക്കിയത്. കൃഷ്ണകുമാര്‍ എന്തിനാണതു ചെയ്തതെന്ന് ഇപ്പോഴും ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും പ്രസ്ഥാനത്തിന്റെ ഭാഗവുമായിരുന്ന ശില്‍പ്പി കെ രഘുനാഥന്‍ പറഞ്ഞു. ചെറിയ കയറുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു വലിയ കയറുണ്ടാക്കി. പലക ചെരിച്ചുവച്ച് അതില്‍ കയറിനിന്ന് ഷെഡിനുമുകളില്‍ കുരുക്കിട്ടാണ് തൂങ്ങിയത്-രഘുനാഥന്‍ ഓര്‍ക്കുന്നു.
കൃഷ്ണകുമാറിന്റെ മരണത്തോടെ സുഹൃത്തുക്കള്‍ മാനസികമായി തളരുകയും റാഡിക്കല്‍ മൂവ്മെന്റ് അവസാനിക്കുകയുമായിരുന്നു. കൃഷ്ണകുമാറിനൊപ്പം പ്രവര്‍ത്തിച്ച ജ്യോതിബസു, അനിത ദുബെ, കെ രഘുനാഥന്‍, കെ പ്രഭാകരന്‍, അലക്സ് മാത്യു തുടങ്ങിയവര്‍ കൊച്ചി-മുസിരിസ് ബിനാലെയില്‍ പങ്കെടുക്കുന്നുണ്ട്. 26ന് ആസ്പിന്‍വാള്‍ ഹൗസിലെ വേദിയില്‍ കൃഷ്ണകുമാറിനെ അനുസ്മരിക്കാന്‍ ഇവര്‍ ഒത്തുചേരും. കൃഷ്ണകുമാറിന്റെ മരണശേഷം നടക്കുന്ന ആദ്യത്തെ പൊതുഅനുസ്മരണച്ചടങ്ങാകും ഇത്. കവി ഇടശേരിയുടെ കുടുംബാംഗമായ അമ്മാളുക്കുട്ടിയമ്മയാണ് കൃഷ്ണകുമാറിന്റെ അമ്മ. മകന്‍ വരച്ച അമ്പതോളം ചിത്രങ്ങളും കുറേ ശില്‍പ്പങ്ങളും ഇപ്പോഴും പട്ടാമ്പിയിലെ വീട്ടില്‍ ആ അമ്മ സൂക്ഷിക്കുന്നു. ബിനാലെയുടെ ഉദ്ഘാടനച്ചടങ്ങില്‍ കൃഷ്ണകുമാറിന്റെ അമ്മയെ പങ്കെടുപ്പിച്ചിരുന്നു.
deshabhimani 251212
Labels:
കല
Subscribe to:
Post Comments (Atom)
Homage.
ReplyDelete