Friday, December 28, 2012
കള്ളിക്കാട്ടു വീണ ചുടുനിണം വെറുതെയായില്ല
ആലപ്പുഴ: കയര്‍, മത്സ്യ തൊഴിലാളികളുടെ നാടായ ആറാട്ടുപുഴയ്ക്ക് എഴുപതിലെ ഭൂസമരത്തിലെ ആദ്യ രക്തസാക്ഷികളുടെ നാടെന്ന ചരിത്രബഹുമതികൂടിയുണ്ട്. കുടികിടപ്പു ഭൂമിയില്‍ പൊലീസ് പിന്‍ബലത്തോടെ ജന്മിമാരും ഗുണ്ടകളും തേങ്ങയിടാനെത്തിയത് ചെറുക്കുമ്പോള്‍ വെടിയേറ്റു മരിച്ച കള്ളിക്കാട് രക്തസാക്ഷികളുടെ (നീലകണ്ഠന്‍, ഭാര്‍ഗവി) ധീരമണ്ണ്. ഹരിപ്പാടിനു തെക്കുപടിഞ്ഞാറ് അറബിക്കടലും കായംകുളം കായലും അതിരിടുന്ന കുഗ്രാമം.
നിയമസഭ അംഗീകരിച്ച നിയമപ്രകാരം തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്തി അവകാശം സ്ഥാപിക്കണമെന്ന അറവുകാട് സമ്മേളനത്തിലെ എ കെ ജിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് കേരളമാകെ ഭൂസമരം തിളച്ചുപൊങ്ങിയ നാളുകള്‍. കയര്‍തൊഴിലാളി സമരം കത്തിനിന്ന ആറാട്ടുപുഴയില്‍ ഭൂസമരം വര്‍ധിതവീര്യത്തോടെ പടര്‍ന്നു. പി ആര്‍ വാസുവിന്റെ നേതൃത്വത്തില്‍ അഞ്ഞൂറോളം പേര്‍ കുടികിടപ്പു വളച്ചുകെട്ടി. സമരം നേരിടാന്‍ ഭൂവുടമകള്‍ക്കൊപ്പം കോണ്‍ഗ്രസുകാരും കൂടി. കുറുമുന്നണിഭരണം പൊലീസിനെയും നിയോഗിച്ചു. വളച്ചുകെട്ടിയ ഭൂമിയില്‍ പൊലീസിന്റെ സഹായത്തോടെ ഭൂവുടമകളും ഗുണ്ടകളും തേങ്ങയിടാന്‍ തുടങ്ങി. ഇതിനെ ജനങ്ങള്‍ ഒന്നിച്ച് എതിര്‍ത്തു. ആറാട്ടുപുഴയില്‍ തമ്പിഅരയന്റെ ഭൂമിയില്‍ കുടികിടപ്പു സ്ഥാപിച്ച ഭൂമിയിലെ കായ്ഫലങ്ങള്‍ എടുക്കാനുള്ള ശ്രമം വീട്ടുകാര്‍ തടഞ്ഞു. ഇതറിഞ്ഞ് വീട്ടുകാര്‍ക്ക് പിന്തുണയുമായി എത്തിയവര്‍ക്കു നേരെ പൊലീസ് തോക്കുകള്‍ തീ തുപ്പി.
സിപിഐ എം ബ്രാഞ്ച് സെക്രട്ടറി നീലകണ്ഠനും കയര്‍പിരിച്ചുകൊണ്ടിരിക്കെ സംഭവമറിഞ്ഞ് സമരമുഖത്തെത്തിയ ഭാര്‍ഗവിയും വെടിയേറ്റ് അവിടത്തന്നെ രക്തസാക്ഷിത്വം വരിച്ചു. എന്നാല്‍, മൃതദേഹംപോലും വിട്ടുകൊടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഗൗരിയമ്മയും സി ബി സി വാര്യരും മറ്റു നേതാക്കളും ഇടപെട്ടശേഷം മൂന്നുദിവസം കഴിഞ്ഞാണ് മൃതദേഹം വിട്ടുനല്‍കിയതെന്ന് അന്ന് സമരസമിതി കണ്‍വീനറായിരുന്ന വി സുഗതന്‍ ഓര്‍ക്കുന്നു. ഇതൊന്നും സമരത്തെ തളര്‍ത്തിയില്ല. 71 സ്ത്രീകളടക്കം 240 പേര്‍ക്കെതിരെ കേസെടുത്തു. കുറ്റപത്രം വായിക്കാതെയും കോടതികള്‍ മാറ്റിയും പീഡിപ്പിച്ചു. മാവേലിക്കര കോടതിയിലേക്ക് കേസ് ദിവസങ്ങളില്‍ 20 കിലോമീറ്റര്‍ താണ്ടി നടന്നാണ് പോയിരുന്നത്. ഒടുവില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിചാരണ നടന്നപ്പോള്‍ പോയിവരാനോ, മാവേലിക്കരയില്‍ താമസിക്കാനോ പണമില്ലാത്തതിനാല്‍ 65 സ്ത്രീകളടക്കം 170 പേര്‍ സ്വയം ജാമ്യം നിഷേധിച്ച് ഒരാഴ്ചയോളം സബ്ജയിലില്‍ തടവില്‍ കിടന്നു. കേസില്‍ ആദ്യ രണ്ടു പ്രതികള്‍ക്കുമാത്രം ശിക്ഷ വിധിച്ച് മറ്റുള്ളവരെ കോടതി വിട്ടയച്ചു. ഒന്നും രണ്ടും പ്രതികളെ ഹൈക്കോടതിയും വിട്ടയച്ചു. ഈ സമരത്തിന്റെ വിജയമാണ് കേരളത്തില്‍ത്തന്നെ ഭൂവുടമകളുടെ മനസ്സുമാറ്റാനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാനും പ്രേരിപ്പിച്ചത്. നൂറുകണക്കിന് ഭൂവുടമകള്‍ ഭൂമികൊടുക്കാന്‍ കോടതികളില്‍ സന്നദ്ധത അറിയിച്ചു.
ഒത്തുതീര്‍പ്പിനായി സിപിഐ എമ്മിന്റെ ഓഫീസുകളിലടക്കം ജന്മിമാരും ഭൂവുടമകളും എത്തി. ഇതിന്റെ ഫലമായി ജില്ലയില്‍ 2957.87 ഹെക്ടര്‍ മിച്ചഭൂമി വിതരണംചെയ്തു. 11,793 കുടുംബങ്ങള്‍ 10 സെന്റ്മുതല്‍ രണ്ട് ഏക്കര്‍വരെ ഭൂമിയുടെ ഉടമകളായി. 95 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും 3531 പട്ടികജാതി കുടുംബങ്ങള്‍ക്കും ഭൂമി കിട്ടി. കുടികിടപ്പ് അവകാശത്തിലുടെ ഭൂമിയുടെ ഉടമകളായ പതിനായിരങ്ങള്‍ വേറെ. എന്നാല്‍, ഇന്ന് വില്ലേജ് ഓഫീസുകളില്‍ നല്‍കിയ അപേക്ഷ പ്രകാരംതന്നെ ജില്ലയില്‍ 12,229 കുടുംബങ്ങള്‍ ഭൂരഹിതരായുണ്ട്. അവര്‍ക്കുവേണ്ടി മറ്റൊരു ഭൂസമരത്തിന്റെ കാഹളം ഉയരുമ്പോള്‍ കള്ളിക്കാട് നീലകണ്ഠന്റെയും ഭാര്‍ഗവിയുടെയും ഓര്‍മകള്‍ സമരഭടന്മാര്‍ക്ക് ആവേശം പകരുന്നു.
ചേമ്പ് നട്ടതിന് കോടതി കയറി
ആലപ്പുഴ: കുടിപാര്‍ക്കുന്ന ഭൂമിയില്‍ ചേമ്പ് നട്ടതിന് കോടതി കയറിയെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? തൊണ്ണൂറിന്റെ അവശതകളില്‍ അക്ഷരങ്ങള്‍ പലതും വഴങ്ങുന്നില്ലെങ്കിലും ആറാട്ടുപുഴ രാമഞ്ചേരി കണിപ്പറമ്പില്‍ ചക്രപാണി വൈദ്യരുടെ ചോദ്യത്തിന് ഇന്നും ഊക്കേറെ. എന്നാല്‍, അതേ ഭൂമിയുടെ പട്ടയം പണയംവച്ച് പതിനായിരങ്ങള്‍ പിന്നീട് ബാങ്കില്‍നിന്ന് വായ്പ വാങ്ങിയപ്പോള്‍ ആരോടും ചോദിക്കേണ്ടിവന്നില്ലെന്നും വൈദ്യര്‍ പറയുന്നു. ജന്മിയോടു ചോദിക്കാതെ ചേമ്പ് നട്ടതിനായിരുന്നു കേസും കോടതികയറ്റവുമൊക്കെ വേണ്ടിവന്നതെന്ന് വൈദ്യര്‍ പറഞ്ഞു.
സിപിഐ എം നേതൃത്വത്തില്‍ 1970ല്‍ നടന്ന ഭൂസമരത്തെത്തുടര്‍ന്ന് ഭൂമി സ്വന്തമായതോടെയാണ് ജീവിതംതന്നെ ഉണ്ടായത്. മനുഷ്യനെപ്പോലെ ജീവിക്കാനും തുടങ്ങിയത്. കള്ളിക്കാട്ട് നീലകണ്ഠനും ഭാര്‍ഗവിയും സമരഭൂമിയില്‍ രക്തസാക്ഷികളായതിനെത്തുടര്‍ന്നാണ് ഭൂവുടമകള്‍ വീണ്ടുവിചാരത്തിനും വിട്ടുവീഴ്ചയ്ക്കും തയ്യാറായത്. അതുവരെ എന്നാണ് ഇറക്കിവിടുന്നതെന്ന പരിഭ്രാന്തിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കിയത്. എന്നാല്‍, പോരാടി നേടിയ 30 സെന്റ് ഭൂമിയില്‍ അധ്വാനിച്ച് കെട്ടിയുയര്‍ത്തിയ പാതി വാര്‍ത്ത പുരയില്‍ ഇന്ന് മക്കളും കൊച്ചുമക്കളുമൊത്ത് അന്തസ്സോടെ ജീവിക്കുന്നു- വൈദ്യര്‍ പറഞ്ഞു. ജീവിതത്തിലെ പുരോഗതിക്കെല്ലാം അടിസ്ഥാനം ഈ ഭൂമിയാണെന്നും വൈദ്യര്‍ അടിവരയിട്ടു. ആലപ്പുഴ സ്വദേശി എസ് പി ശങ്കരയ്യയുടെ രാമഞ്ചേരിയിലെ 58 ഏക്കര്‍ ഭൂമിയില്‍ 22 കുടികിടപ്പുകാരും ആറു കാവല്‍ക്കാരുമാണ് ഉണ്ടായിരുന്നത്. ഭൂസമരം വിജയിച്ചതിനെത്തുടര്‍ന്ന് 28 കുടിയാന്മാര്‍ക്ക് 30 സെന്റ് വീതവും ആറു കാവല്‍ക്കാര്‍ക്ക് 10 സെന്റ് വീതവും ലഭിച്ചു.
(ഡി ദിലീപ്)
deshabhimani 281212
Subscribe to:
Post Comments (Atom)
No comments:
Post a Comment