Sunday, December 30, 2012

പ്രായം ചെന്നവരെ ചൈനയില്‍ സംരക്ഷിക്കാന്‍ നിയമം


ബെയ്ജിംഗ് : ചൈനയില്‍ കുടുംബങ്ങളിലെ പ്രായം ചെന്നവരെ മറ്റ് അംഗങ്ങള്‍ സന്ദര്‍ശിക്കണമെന്നത് നിര്‍ബന്ധിതമാക്കുന്ന നിയമം പാസ്സാക്കി. ചൈനയിലെ പാര്‍ലമെന്റായ ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസ് പാസാക്കിയ 'മുതിര്‍ന്നവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്ന നിയമം' 2013 ജൂലൈ 1 ന് പ്രാബല്യത്തില്‍ വരും.

പ്രത്യേകമായി മാറി താമസിക്കുന്ന കുടുംബാംഗങ്ങള്‍ മിക്കപ്പോഴും പ്രായം ചെന്നവരെ സന്ദര്‍ശിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ 'മിക്കപ്പോഴും' എന്നതിന്റെ കാലയളവ് നിര്‍വചിച്ചിട്ടില്ല. നിയമം ലംഘിച്ചാലുള്ള ശിക്ഷയും വ്യക്തമാക്കിയിട്ടില്ല. സ്വന്തം വീട്ടില്‍ പോകുന്നതിനുള്ള അവധി അനുവദിക്കണമെന്ന് തൊഴില്‍ ദാതാക്കളെയും നിയമം നിര്‍ബന്ധിക്കുന്നുണ്ട്.
പ്രായം ചെന്നവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും ലംഘിക്കപ്പെടുമ്പോള്‍ അവര്‍ക്ക് തന്നെയൊ അല്ലെങ്കില്‍ അവര്‍ നിയോഗിക്കുന്ന മറ്റാര്‍ക്കെങ്കിലുമോ ഔദ്യോഗിക തലത്തില്‍ നിന്നും സംരക്ഷണം തേടുകയൊ അല്ലാത്തപക്ഷം കേസ് കൊടുക്കുകയോ ചെയ്യാം.

സംരക്ഷണം നല്‍കല്‍, വീടും സ്വത്തുവകകളും സംബന്ധിച്ച തര്‍ക്കങ്ങള്‍ എന്നിവയുള്‍പ്പെടെ കുടുംബത്തിനുള്ളില്‍ ഉണ്ടാകുന്ന എല്ലാ സംഘര്‍ഷങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പുകള്‍ നിയമത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. പ്രായം ചെന്നവരെ ശകാരിക്കുകയും അവര്‍ക്ക് സംരക്ഷണം നല്‍കാതിരിക്കുകയും വിവാഹം കഴിക്കുന്നതിനുള്ള അവരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയും ചെയ്യുന്നവര്‍ക്ക് ശിക്ഷകള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ദമ്പതികള്‍ക്ക് ഒരു കുട്ടി എന്ന തത്വം പ്രാവര്‍ത്തികമാക്കി മൂന്നു ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു നിയമം ചൈന നടപ്പാക്കുന്നത്. പ്രായം ചെന്നവര്‍ സമൂഹത്തില്‍ നേരിടുന്ന ഒറ്റപ്പെടല്‍ നിയമം ആവിഷ്‌ക്കരിക്കുന്നതിന് പ്രേരകമായി. ചൈനയുടെ ആധുനികവല്‍ക്കരണവും ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണവും പരമ്പരാഗതരീതിയിലുള്ള കുടുംബജീവിതത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. പ്രായം ചെന്ന ചൈനീസ് പൗരന്മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുള്ള സാഹചര്യത്തിലാണ് നിയമം ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു.

2011 ന്റെ അന്ത്യത്തില്‍ ചൈനയിലെ ജനസംഖ്യയില്‍ 13.7 ശതമാനം 60 നുമേല്‍ പ്രായമുള്ളവരായിരുന്നു. യു എന്‍ കണക്കുകള്‍ പ്രകാരം 2050 ആകുമ്പോഴേക്കും ചൈനീസ് ജനസംഖ്യയുടെ 30 ശതമാനവും 60 നുമേല്‍ പ്രായമുള്ളവരാകും. അന്ന് ലോക ശരാശരി 20 ശതമാനംമാത്രമായിരിക്കും. 2000ത്തില്‍ ചൈനീസ് ജനസംഖ്യയുടെ 10 ശതമാനം മാത്രമായിരുന്നു 60 നുമേല്‍ പ്രായമുള്ളവര്‍.

janayugom 301212

No comments:

Post a Comment