പ്രസംഗത്തിലൂടെ കെ കെ ലതിക എംഎല്‍എയെ അപമാനിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പുപറയണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കോട്ടയം ജില്ലയില്‍ പൊതുയോഗത്തില്‍ മന്ത്രി നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവന മനോരമ പത്രവും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയിലാണ് ലതികയ്ക്കെതിരെ മന്ത്രി പ്രസ്താവന നടത്തിയത്. ഭര്‍ത്താവ് ജയിലിലായതില്‍പ്പിന്നെ ലതിക അസംബ്ലിയില്‍ സീറ്റില്‍ കയറിനിന്നാണ് തുള്ളുന്നത് തുടങ്ങിയ അവഹേളനപരമായ പരാമര്‍ശമാണ് മന്ത്രിയില്‍നിന്നുണ്ടായത്. ചന്ദ്രശേഖരന്‍വധത്തിന്റെ മറപറ്റി സിപിഐ എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ നിരവധി കള്ളക്കേസ് ചുമത്തിയിട്ടുണ്ട്. ജാമ്യംപോലും നിഷേധിച്ച് സിപിഐ എം പ്രവര്‍ത്തകരെ ജയിലിലടച്ചാല്‍ ഇടതുപക്ഷ പ്രസ്ഥാനം തകരുമെന്ന വ്യാമോഹത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ലതികയുടെ ഭര്‍ത്താവും സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ മോഹനനെ ഇത്തരത്തില്‍ കേസില്‍ കുടുക്കി ജയിലിലടച്ചിരിക്കുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പക്ഷപാതപരമായ സമീപനമാണ് കള്ളക്കേസില്‍ കുടുക്കിയവര്‍ക്ക് ജാമ്യം നിഷേധിക്കാന്‍ ഇടയാകുന്നത്. നിരപരാധികളായ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ സൈനികരെ രക്ഷപ്പെടാന്‍ സഹായിച്ചത് തിരുവഞ്ചൂരും അദ്ദേഹത്തിന്റെ പൊലീസുമാണെന്നത് പകല്‍പോലെ വ്യക്തമായിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ നിയമസഭയ്ക്ക് അകത്ത് ലതിക ആത്മാര്‍ഥമായി അവതരിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് തന്റെ സ്ഥാനം മറന്ന് നിയമസഭയിലെ സഹപ്രവര്‍ത്തകയെ അവഹേളിക്കാന്‍ മന്ത്രി തയ്യാറായത്. ഇത് സ്ത്രീസമൂഹത്തിനെയാകെ അപമാനിക്കുന്ന നടപടിയാണ്. അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ ലതികയ്ക്കുനേരെയുണ്ടായ നിന്ദ്യമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് തിരുവഞ്ചൂര്‍ മാപ്പുപറയണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ എംപിയും സെക്രട്ടറി കെ കെ ശൈലജയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തിരുവഞ്ചൂരിനെതിരെ നടപടി വേണം: പിണറായി
കണ്ണൂര്‍: പൊതുവേദിയില്‍ കെ കെ ലതിക എംഎല്‍എയെ അപമാനിക്കുന്ന ഹീനമായ പരാമര്‍ശം നടത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ സ്പീക്കര്‍ നിയസഭാചട്ടങ്ങള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ കേരളത്തിലെ സ്ത്രീസമൂഹത്തോട് പരസ്യമായി മാപ്പുപറയണം. കണ്ണൂര്‍ മാലൂരിലെ വെസ്റ്റ് വെള്ളിലോട് സിപിഐ എം ബ്രാഞ്ച് ഓഫീസും രാമന്തളി വെള്ളാച്ചേരി ഗോവിന്ദന്‍ സ്മാരക മന്ദിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
ഭര്‍ത്താവ് ജയിലിലായതോടെ കെ കെ ലതിക നിയമസഭയില്‍ ഇരിക്കേണ്ട സീറ്റില്‍ കയറിനിന്ന് തുള്ളുകയാണെന്നാണ് കോട്ടയത്തെ ഒരു പരിപാടിയില്‍ തിരുവഞ്ചൂര്‍ പ്രസംഗിച്ചത്. പൊതുപ്രവര്‍ത്തനം നടത്തുന്ന ഒരു സ്ത്രീയെ ഇതില്‍പ്പരം നിന്ദ്യമായ ഭാഷയില്‍ അപമാനിക്കാനില്ല. ഒരു മന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. തിരുവഞ്ചൂര്‍ പറഞ്ഞ കാര്യം റിപ്പോര്‍ട്ടുചെയ്തത് മലയാള മനോരമയാണ്. തിരുവഞ്ചൂരിനെതിരെ മനോരമ കള്ളം പറയുമെന്ന് കരുതാനാവില്ല. നിയമസഭയിലെ പ്രവര്‍ത്തനത്തെ അവമതിക്കുന്ന പ്രതികരണമാണ് ആഭ്യന്തരമന്ത്രി നടത്തിയത്. ഇത് സഭയെ ഇടിച്ചുതാഴ്ത്തലും സഭാചട്ടങ്ങളുടെ ലംഘനവുമാണ്. അതനുസരിച്ചുള്ള ശിക്ഷ നല്‍കാന്‍ സ്പീക്കര്‍ തയ്യാറായില്ലെങ്കില്‍ അതിശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. സ്ത്രീത്വത്തെ അപമാനിക്കാന്‍ സര്‍ക്കാര്‍തന്നെ മുതിരുന്നതിന് തെളിവാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ എല്ലാവരും തെരുവിലിറങ്ങുന്ന അനുഭവമാണ് ഡല്‍ഹിയില്‍ ഉണ്ടായത്. സ്ത്രീക്ക് സ്വന്തം വീട്ടിലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയിലേക്ക് നാട് മാറിയിരിക്കുന്നു. കേരളത്തിന് പുറത്ത് എന്തെല്ലാം കേള്‍ക്കുന്നുണ്ടോ അതെല്ലാം ഇവിടെയും കേട്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീകളുടെ സുരക്ഷ അവരുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ബാധ്യതയാണെന്നും പിണറായി പറഞ്ഞു.
deshabhimani 241212
No comments:
Post a Comment