Monday, December 31, 2012
കെപിസിസി: പുറത്തായത് മുതിര്‍ന്ന പട്ടികജാതി-വര്‍ഗ വിഭാഗം നേതാക്കള്‍
ഗ്രൂപ്പ്തമ്പുരാന്മാരെ തൃപ്തിപ്പെടുത്തി കെപിസിസിക്ക് ജംബോ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ പടിക്കുപുറത്തായത് ദീര്‍ഘകാല പ്രവര്‍ത്തനപാരമ്പര്യമുള്ള മുതിര്‍ന്ന പട്ടികജാതി-വര്‍ഗ വിഭാഗം നേതാക്കള്‍. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന മുന്‍ മന്ത്രി എം എ കുട്ടപ്പന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പട്ടികയില്‍ നിന്ന് പുറത്തായി. പേരിനായി ഉള്‍പ്പെടുത്തിയവരുടെ യോഗ്യതയാകട്ടെ ചില നേതാക്കളുടെ നോമിനിയാണെന്നതും. അര്‍ഹരായ നേതാക്കളെ ഭാരവാഹികളാക്കാത്തതില്‍ ദളിത് കോണ്‍ഗ്രസിലും അമര്‍ഷം പുകയുകയാണ്.
ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിസ്ഥാനം വഹിച്ച മുതിര്‍ന്ന നേതാവ് എം എ കുട്ടപ്പനെ തഴഞ്ഞാണ് അത്രയൊന്നും അറിയപ്പെടാത്ത അഡ്വ. ജി ഭുവനേശ്വരനെ ജനറല്‍ സെക്രട്ടറിയാക്കിയത്. കൊടിക്കുന്നില്‍ സുരേഷിന്റെ നോമിനിയെന്നതാണ് അദ്ദേഹത്തിന്റെ യോഗ്യത. നേതൃത്വത്തിന്റെ തീരുമാനത്തിലുള്ള അസംതൃപ്തി എം എ കുട്ടപ്പന്‍ കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കുകയും ചെയ്തു. പട്ടികയില്‍ ഇടംപിടിക്കുമെന്ന് കരുതിയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിദ്യാധരനെയും പരിഗണിച്ചില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചു തോറ്റ എന്‍ കെ സുധീറിനെ സെക്രട്ടറിയായി ഉള്‍പ്പെടുത്തിയപ്പോള്‍ ദളിത് കോണ്‍ഗ്രസിന്റെ നേതാക്കന്മാരെ ആരെയും പരിഗണിച്ചില്ല. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വയനാടുകാരന്‍ ഒ ആര്‍ രഘുവും അവഗണിക്കപ്പെട്ടു. ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹികളെ പൂര്‍ണമായും തഴഞ്ഞ് എന്‍ കെ സുധീറിനെ കൊണ്ടുവന്നതില്‍ പ്രതിഷേധം ശക്തമാണ്. നേതാക്കളുടെ അടുത്ത് സ്വാധീനമുള്ള ആര്‍ക്കും എന്ത് സ്ഥാനവും ലഭിക്കുന്ന അവസ്ഥയാണുള്ളതെന്നും കഴിവുണ്ടായിട്ട് കോണ്‍ഗ്രസില്‍ വലിയ കാര്യമൊന്നുമില്ലെന്നുമാണ് ഇതേപ്പറ്റി ഒരു ദളിത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
ദീര്‍ഘകാലമായി എറണാകുളം ഡിസിസി സെക്രട്ടറിയായ വി കെ തങ്കരാജ് കെപിസിസി സെക്രട്ടറിയായി വരുമെന്നാണ് പലരും പ്രതീക്ഷിച്ചതെങ്കിലും രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന പ്രൊഫ. കെ കെ വിജയലക്ഷ്മിയാണ് സ്ഥാനം സ്വന്തമാക്കിയത്. നേരത്തെ ഇവര്‍ കെപിപിസി സെക്രട്ടറിയായിരുന്നെങ്കിലും ദീര്‍ഘനാളായി രംഗത്ത് ഉണ്ടായിരുന്നില്ല. 14 വര്‍ഷമായി ഡിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ച, സജീവമായി രംഗത്തുള്ള തങ്കരാജിനെ ഒഴിവാക്കി വിജയലക്ഷ്മിയെ ഭാരവാഹിയാക്കിയതില്‍ ദളിത് നേതാക്കള്‍ക്കുപുറമെ ഐ വിഭാഗം നേതാക്കളും പ്രതിഷേധത്തിലാണ്.
(ജിജോ ജോര്‍ജ്)
deshabhimani 311212
Labels:
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment