Sunday, December 23, 2012

കോടതിവിധി മറികടന്ന് രജീഷിനെ സെന്‍ട്രല്‍ ജയിലില്‍നിന്ന് മാറ്റി


സെന്‍ട്രല്‍ ജയിലില്‍ ക്രൂരമര്‍ദനത്തിന് ഇരയായ വിചാരണത്തടവുകാരന്‍ ടി കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. വന്‍ സുരക്ഷയോടെ ശനിയാഴ്ച പകല്‍ പതിനൊന്നോടെയാണ് രജീഷിനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജയില്‍മാറ്റമെന്നാണ് അധികൃതരുടെ പക്ഷം. എന്നാല്‍ കോടതി അനുമതിയില്ലാതെ, ജയില്‍ എഡിജിപി ഫോണിലൂടെ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് രജീഷിനെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. കോടതി ഉത്തരവില്ലാതെ പ്രതികളുടെ ജയില്‍മാറ്റം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിയുള്ള സാഹചര്യത്തില്‍ എഡിജിപിയുടെ വാക്കാലുള്ള നിര്‍ദേശം സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. നേരത്തെ തലശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവുപ്രകാരമാണ് കോഴിക്കോട് ജയിലില്‍നിന്നും രജീഷിനെ കണ്ണൂരിലേക്ക് മാറ്റിയത്.

കെ ടി ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷണത്തിന്റെ പേരില്‍ കോടതി വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിയാണ് ഡിവൈഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ രജീഷിനെ ചോദ്യംചെയ്തത്. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലേ ചോദ്യംചെയ്യാവൂ എന്ന കോടതി നിര്‍ദേശം പാലിച്ചില്ല. സൂപ്രണ്ടിന്റെ അഭാവത്തില്‍ പൊലീസ് പീഡനമുറകളെ പിന്തുണയ്ക്കുന്ന ജയില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചായിരുന്നു പ്രാകൃതമുറയിലുള്ള ചോദ്യം ചെയ്യല്‍. സിപിഐ എം നേതാക്കളെ കേസില്‍ പ്രതികളാക്കുകയെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു പീഡനമുറകള്‍. ക്രമസമാധാനച്ചുമതലയിലുണ്ടായിരുന്ന ഷൗക്കത്തലിയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി പുനരന്വേഷണച്ചുമതല ഏല്‍പിച്ചത് ഇതിനാണ്. കമ്യൂണിസ്റ്റ് വേട്ടയ്ക്ക് കുപ്രസിദ്ധരായ പൊലീസുകാരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സൂപ്രണ്ട് ഇല്ലാത്ത സമയത്ത് ചോദ്യംചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയാണ് ജയിലര്‍ ചെയ്യേണ്ടിയിരുന്നത്. രാഷ്ട്രീയ അജന്‍ഡക്ക് ഒത്താശചെയ്യുകയായിരുന്നു ചില ജയില്‍ ഉദ്യോഗസ്ഥര്‍. സിപിഐ എം നേതാക്കളുടെ പേര് പറഞ്ഞില്ലെങ്കില്‍ കേസ് സിബിഐയെ ഏല്‍പിക്കുമെന്നും അവര്‍ വന്നാല്‍ കെട്ടിത്തൂക്കുമെന്നും വക്കീലും കോടതിയും വിചാരിച്ചാല്‍ രക്ഷപ്പെടുത്താനാവില്ലെന്നുമായിരുന്നു രജീഷിനോടുള്ള പൊലീസ് സംഘത്തിന്റെ ഭീഷണി. തടവുകാരുടെ അവകാശവും സംരക്ഷണവും ഉറപ്പുവരുത്തേണ്ട ജയില്‍ ഉദ്യോഗസ്ഥര്‍ പൊലീസ് പീഡനത്തിന് കൂട്ടുനിന്നു. ഇതിനെതിരെ രജീഷ് മനുഷ്യാവകാശ കമീഷനും സൂപ്രണ്ട് മുഖേന കോടതിക്കും പരാതി നല്‍കി. പീഡനത്തില്‍ പരിക്കേറ്റെന്നും ഡോക്ടറെ കാണിക്കണമെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ജയില്‍ മാറ്റം സംബന്ധിച്ചും രജീഷ് കോടതിയില്‍ പരാതിപ്പെടും.

deshabhimani 231212

No comments:

Post a Comment