Sunday, December 23, 2012
നിയമസഭ പിരിഞ്ഞു, സര്‍ക്കാരിന് രണ്ടുമുഖം: വി എസ്
പതിമൂന്നാം നിയമസഭയുടെ ആറാം സമ്മേളനം വെള്ളിയാഴ്ച സമാപിച്ചു. പത്തുദിവസം നീണ്ട സമ്മേളനത്തില്‍ ആറ് ഓര്‍ഡിനന്‍സ് പാസാക്കി. 2012-13ലെ ഉപധനാഭ്യര്‍ഥനയും ധനവിനിയോഗബില്ലും പാസാക്കി. പ്രതിപക്ഷം അവതരണാനുമതി തേടിയ എട്ട് അടിയന്തരപ്രമേയ നോട്ടീസുകളില്‍ വിലവര്‍ധനയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിനു മാത്രമാണ് ചര്‍ച്ചയ്ക്ക് അനുമതി ലഭിച്ചത്. 18 ശ്രദ്ധക്ഷണിക്കലും 177 സബ്മിഷനും അവതരിപ്പിച്ചു. 300 നക്ഷത്രമിട്ട ചോദ്യങ്ങളില്‍ 39 ചോദ്യങ്ങള്‍ക്ക് സഭയില്‍ നേരിട്ട് ഉത്തരം നല്‍കി. 327 ഉപചോദ്യങ്ങള്‍ ഉന്നയിച്ചു. 3547 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളും ഉന്നയിച്ചു. ഒരു അടിയന്തരചോദ്യത്തിനും സഭയില്‍ ഉത്തരം നല്‍കി. ഒരു ദിവസം ശരാശരി 385 ചോദ്യങ്ങള്‍വീതം അനുവദിച്ചു. ഇത് റെക്കോഡാണെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. അവതരണാനുമതി തേടിയ അഞ്ച് അനൗദ്യോഗിക പ്രമേയങ്ങളില്‍ ചട്ടം 130 പ്രകാരം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെപ്പറ്റിയും ചട്ടം 49 പ്രകാരം പങ്കാളിത്ത പെന്‍ഷനെപ്പറ്റിയും ചര്‍ച്ച നടന്നു. ചട്ടം 49 പ്രകാരമുള്ള ചര്‍ച്ച അഞ്ചു വര്‍ഷത്തിനുശേഷം ആദ്യമാണ്. സഭയില്‍ ലാപ്ടോപ്പും ഐപാഡും ഉപയോഗിക്കാന്‍ അംഗങ്ങള്‍ക്ക് അനുവാദം നല്‍കിയത് ഈ സമ്മേളനത്തിലാണ്.
സര്‍ക്കാരിന് രണ്ടുമുഖം: വി എസ്
തിരു: മഅ്ദനിയോട് ഒരുനീതിയും ഇറ്റലിക്കാരോട് മറ്റൊന്നുമാണ് സര്‍ക്കാര്‍ കാട്ടുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റലിക്കാരെ ക്രിസ്മസിന് നാട്ടില്‍പോകാന്‍ അനുവദിച്ചു. എന്നാല്‍, ഒമ്പതുമാസത്തിലധികമായി വിചാരണകൂടാതെ തടവിലുള്ള മഅ്ദനിയെ മുസ്ലിം വിശേഷദിനം ആഘോഷിക്കാന്‍ മോചിപ്പിച്ചില്ല. ഇത് സര്‍ക്കാരിന്റെ ഇരട്ടമുഖത്തിന് തെളിവാണെന്ന് അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കിനു മുമ്പ് വി എസ് പറഞ്ഞു. ഒരുകടയില്‍ രണ്ട് കച്ചവടം നടത്തുന്ന സര്‍ക്കാര്‍ ജനവഞ്ചന തുടരുന്നു. എം എം മണിയെ ജയിലിലടച്ചവര്‍ കെ സുധാകരന്‍ എംപിയെ തൊടുന്നില്ല. ആഭ്യന്തരമന്ത്രിക്കെതിരായ പ്രസ്താവനയുടെ പേരില്‍ ലജ്ജയുണ്ടെങ്കില്‍ സുധാകരനെ ഒരുദിവസമെങ്കിലും തടവിലിടാമായിരുന്നു. അറുപിന്തിരിപ്പന്‍ നയം എല്ലാതലത്തിലും സര്‍ക്കാര്‍ വ്യാപിപ്പിക്കയാണെന്നും വി എസ് പറഞ്ഞു.
സര്‍ക്കാര്‍ സര്‍വീസിനെ അട്ടിമറിക്കുന്ന റിപ്പോര്‍ട്ട് തള്ളണം
തിരു: സര്‍ക്കാര്‍ ജോലിയില്‍ പുറംകരാറിനും പങ്കാളിത്തപെന്‍ഷനും നിര്‍ദേശിക്കുന്ന പൊതുചെലവ് അവലോകനകമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജനവിരുദ്ധവും സര്‍ക്കാര്‍ സര്‍വീസിനെ അട്ടിമറിക്കുന്നതുമായ നിര്‍ദേശങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. നിര്‍ദേശങ്ങള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കാത്തതിലും ഇതേപ്പറ്റി അടിയന്തരപ്രമേയ ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചും പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. എസ് ശര്‍മ്മയാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. ആഗോളവല്‍ക്കരണനയത്തിന്റെ തടവറയിലാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാരെന്നും അതിന്റെ തെളിവാണ് പൊതുചെലവ്അവലോകനകമ്മിറ്റി റിപ്പോര്‍ട്ടെന്നും ശര്‍മ്മ പറഞ്ഞു. സര്‍ക്കാരിന് ഇരട്ടമുഖമാണ്. ചില്ലറമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന തീരുമാനം അനുവദിക്കില്ലെന്നു പറഞ്ഞു. എന്നാല്‍, പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാര്‍ നയത്തിന് അനുകൂലമായി കൈപൊക്കി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് പറഞ്ഞു. പിന്നീട് പെന്‍ഷന്‍പ്രായം 56 ആക്കി. ജനവിരുദ്ധനയം സ്വീകരിക്കുകയും മറുഭാഗത്ത് അതിനെതിരാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിക്കുകയാണ് യുഡിഎഫെന്നും ശര്‍മ പറഞ്ഞു. മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ എം മാണിയും പൊതുചെലവ് വിലയിരുത്തല്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നു പറയാന്‍ തയ്യാറായില്ല. റിപ്പോര്‍ട്ട് തള്ളുമെന്നും പറയാതിരുന്ന ഇരുവരും ഇത് ശുപാര്‍ശമാത്രമാണെന്നും അവകാശപ്പെട്ടു. ഒരുകടയില്‍ രണ്ടുകച്ചവടമെന്ന സര്‍ക്കാര്‍ നയത്തിനുദാഹരണമാണ് പുതിയ നിര്‍ദേശമെന്ന് അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സി ദിവാകരന്‍, മാത്യു ടി തോമസ്, എ എ അസീസ്, തോമസ്ചാണ്ടി എന്നിവരും സംസാരിച്ചു.
കാര്‍ഷിക കടാശ്വാസം: സംഘങ്ങള്‍ക്ക് കിട്ടാനുള്ളത് 37.15 കോടി
തിരു: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 37,15,28,127 രൂപ കര്‍ഷിക കടാശ്വാസ കമീഷന്റെ ശുപാര്‍ശപ്രകാരം സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്നതിനായി രജിസ്ട്രാര്‍ക്ക് നല്‍കിയതായി മന്ത്രി കെ പി മോഹനന്‍ അറിയിച്ചു. കൂടാതെ കാസര്‍കോട് ജില്ലയില്‍ ആത്മഹത്യചെയ്ത അഞ്ച് കര്‍ഷകര്‍ക്ക് പ്രത്യേക കേസായി പരിഗണിച്ച് 1.82 ലക്ഷം അനുവദിച്ചതായും മോന്‍സ് ജോസഫ്, ടി യു കുരുവിള, സി എഫ് തോമസ്, തോമസ് ഉണ്ണിയാടന്‍ എന്നിവരെ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് തുടങ്ങാനുദ്ദേശിക്കുന്ന 1000 ഇളനീര്‍ പാര്‍ലറുകളില്‍ 100 എണ്ണം ഉടനെ ആരംഭിക്കുമെന്ന് മന്ത്രി കെ പി മോഹനന്‍, പാലോട് രവി, ഡൊമിനിക് പ്രസന്റേഷന്‍, ശിവദാസന്‍നായര്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ക്ക് മറുപടി നല്‍കി. തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് പഞ്ചായത്തുകള്‍ക്ക് 10 ലക്ഷം, അഞ്ച് ലക്ഷം, 3 ലക്ഷം രൂപ വീതം അവാര്‍ഡ് നല്‍കാന്‍ ഉദ്ദേശിക്കുന്നതായി മാത്യു റ്റി തോമസ്, ജോസ് തെറ്റയില്‍, സി കെ നാണു, ജമീല പ്രകാശം എന്നിവരെ മന്ത്രി അറിയിച്ചു. ബ്യൂറോ ഓഫ് എക്ണോമിക്സ് 2010-2011 വര്‍ഷത്തെ സ്ഥിതിവിവരക്കണക്ക് പ്രകാരം സംസ്ഥാനത്താകെ 127971 ഹെക്ടര്‍ തരിശ് നിലങ്ങളുണ്ട്. ഇതില്‍ 51,943 ഹെക്ടര്‍ സ്ഥിരം തരിശ് ഭൂമിയാണ്. നടപ്പുവര്‍ഷം 76,028 ഹെക്ടര്‍ തരിശ് ഭൂമിയായി കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ഷീരകര്‍ഷകരെയും ക്ഷേമനിധിയിലുള്‍പ്പെടുത്തുമെന്ന് എ എ അസീസിനെ മന്ത്രി കെ സി ജോസഫ് അറിയിച്ചു. പാലിന്സബ്സിഡി വര്‍ധിപ്പിക്കാന്‍ തല്‍ക്കാലം കഴിയില്ലായെന്നും അന്യസംസ്ഥാന പാലിനു സെസ് ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യധാന്യ വിഹിതം പുനഃസ്ഥാപിക്കണമെന്ന പ്രമേയം തള്ളി
തിരു: കേരളത്തിന് അര്‍ഹമായ ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കണമെന്ന പ്രമേയം നിയമസഭയില്‍ യുഡിഎഫ് അംഗങ്ങള്‍ വോട്ടിനിട്ട് തള്ളി. പ്രതിപക്ഷത്തെ വി എസ് സുനില്‍കുമാര്‍ അവതരിപ്പിച്ച അനൗദ്യോഗിക പ്രമേയമാണ് തള്ളിയത്. 2006 വരെ കേരളത്തിന് ലഭിച്ച 13.92 ലക്ഷം ടണ്‍ ഭക്ഷ്യധാന്യ വിഹിതം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഭക്ഷ്യധാന്യ സബ്സിഡി ബാങ്കുവഴി നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം. അരിയും ഗോതമ്പുമടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ ആളോഹരി അടിസ്ഥാനത്തിലാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍, ഇത് കേന്ദ്രം വന്‍തോതില്‍ വെട്ടിക്കുറച്ചു. 13.92 ലക്ഷം ടണ്‍ അരി ലഭിച്ചിരുന്നിടത്ത് 36,000 ടണ്‍ മാത്രമാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് പ്രതിവര്‍ഷം 42 ലക്ഷം ടണ്‍ അരിയാണ് ആവശ്യമുള്ളത്. സംസ്ഥാനത്തിന് അര്‍ഹമായ ഭക്ഷ്യധാന്യം പുനഃസ്ഥാപിച്ചാലേ ഈ പ്രതിസന്ധി പരിഹരിക്കാനാകൂവെന്നും സുനില്‍കുമാര്‍ പറഞ്ഞു.
ചലച്ചിത്രോത്സവത്തിന് ചെലവ് 3.08 കോടി
തിരു: സംസ്ഥാനത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് പോയവര്‍ഷം 3.08കോടിയും 2010ല്‍ 3.07കോടിയും ചെലവായതായി പി ശ്രീരാമകൃഷ്ണനെ മന്ത്രി കെ സി ജോസഫ് അറിയിച്ചു. തൃശൂരിലെ അഴീക്കോടിന്റെ വീട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് 51,25,470 രൂപ നഷ്ടപരിഹാരമനുവദിക്കണമെന്ന റിപ്പോര്‍ട്ട് ലഭിച്ചതായി സി കെ സദാശിവനെ മന്ത്രി അറിയിച്ചു. കേബിള്‍ ടി വിയിലെ വ്യാജ, അശ്ലീല പരസ്യങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ കഴിയുന്ന മോണിറ്ററിങ് സമതി നിലവവിലുണ്ട്. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രചാരണം നടത്തുമെന്ന് ബാബു എം പാലിശ്ശേരി, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരെ മന്ത്രി അറിയിച്ചു. മോണിറ്ററിങ്ങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഫലപ്രദമല്ല. ഇത് പരിഹരിക്കുമെന്നും സി മോയിന്‍കുട്ടി, കെ എന്‍ എ ഖാദര്‍, എം ഉമ്മര്‍, കെ എം ഷാജി എന്നിവരെ മന്ത്രി അറിയിച്ചു.
നേഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം: നിയമസഭാ സമിതി
തിരു: സ്വകാര്യ ആശുപത്രി നേഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്താന്‍ കര്‍ശനിയമം കൊണ്ടുവരണമെന്ന് യുവജനക്ഷേമത്തിനായുള്ള നിയമസഭാ സമിതി ശുപാര്‍ശചെയ്തു. ഈ മേഖലയില്‍ കൊടിയ ചൂഷണമാണ് നിലനില്‍ക്കുന്നത്. മിക്കയിടത്തും മാന്യമായ വേതനവും ആനുകൂല്യങ്ങളും നിഷേധിക്കുന്നു. മിനിമം വേതനം നല്‍കാത്ത ആശുപത്രികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജോസഫ് വാഴയ്ക്കന്‍ അധ്യക്ഷനായ സമിതി ശുപാര്‍ശചെയ്തു.
deshabhimani
Labels:
നിയമസഭ
Subscribe to:
Post Comments (Atom)
No comments:
Post a Comment