Tuesday, December 25, 2012

സുധാകരനെ രക്ഷിക്കാന്‍ സിബിഐയുടെ കത്ത് പൂഴ്ത്തി


സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന് കെ സുധാകരന്‍ എംപി വെളിപ്പെടുത്തിയതിന്റെ പേരില്‍ തങ്ങള്‍അന്വേഷണം നടത്തുന്നില്ലെന്ന സിബിഐയുടെ കത്ത് ആഭ്യന്തരവകുപ്പ് പൂഴ്ത്തി. ചെന്നൈ യൂണിറ്റില്‍നിന്ന് അയച്ച കത്ത് മറച്ചുവച്ചാണ് സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ കേസ് എഴുതിത്തള്ളണമെന്ന് വിജിലന്‍സ് പ്രത്യേക കോടതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് വിജിലന്‍സ് പ്രത്യേക കോടതി കേസ് തള്ളിയത്.

കെ സുധാകരന്റെ ആരോപണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ചെയ്തിട്ടില്ലെന്നും അന്വേഷണമൊന്നും നടത്തുന്നില്ലെന്നും കാണിച്ച് കഴിഞ്ഞ സെപ്തംബറിലാണ് സിബിഐ ആഭ്യന്തരവകുപ്പിന് കത്ത് നല്‍കിയത്. ഈ കത്ത് പൂഴ്ത്തി പ്രത്യേക കോടതിയില്‍ മറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്, സുധാകരനെതിരായ വിജിലന്‍സ് കേസ് അട്ടിമറിക്കാനാണെന്ന് വ്യക്തമായി. അന്വേഷണം നടത്തുന്നില്ലെന്ന് സിബിഐ രേഖാമൂലം അറിയിച്ചിട്ടും വിജിലന്‍സ് എസ്പി കോടതിയില്‍ കളവ് ബോധിപ്പിച്ചത് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശത്തെതുടര്‍ന്നാണ്. സിബിഐ ചെന്നൈ യൂണിറ്റ് മേധാവിയുടെ കത്ത് പൊലീസ് ആസ്ഥാനത്തുനിന്ന് മുക്കിയിട്ടുണ്ട്. കത്തിന്റെ പകര്‍പ്പ് സെപ്തംബര്‍ നാലിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്. കെ സുധാകരനെതിരെ കോടതിനിര്‍ദേശപ്രകാരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ചെയ്ത ക്രിമിനല്‍കേസ് മാത്രമാണ് ഇനിയുള്ളത്. തിരുവനന്തപുരം സിറ്റി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി അന്വേഷിക്കുന്ന ഈ കേസും എഴുതിത്തള്ളാനാണ് നീക്കം. 2011 ഫെബ്രുവരിയില്‍ കൊട്ടാരക്കരയിലാണ് കെ സുധാകരന്‍ വിവാദപ്രസംഗം നടത്തിയത്. 37 ബാര്‍ലൈസന്‍സ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അനുകൂലവിധി സമ്പാദിക്കാന്‍ സുപ്രീംകോടതി ജഡ്ജിക്ക് 15 ലക്ഷം രൂപ കൈക്കൂലി കൊടുത്തത് താന്‍ നേരിട്ട് കണ്ടുവെന്നായിരുന്നു സുധാകരന്റെ വാദം.

സുപ്രീംകോടതി ജഡ്ജിക്കെതിരെയുള്ള അഴിമതി ആരോപണമായതിനാലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തത്. സിബിഐ അന്വേഷിക്കുന്നതിനാല്‍ തങ്ങള്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗം കോടതിയില്‍ നേരത്തെ ബോധിപ്പിച്ചിരുന്നു. എന്നാല്‍, സിബിഐ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതിനെതുടര്‍ന്ന് നിലപാട് മാറ്റി. സുപ്രീംകോടതി രജിസ്ട്രാറുടെ പരാതി സിബിഐ ചെന്നൈ യൂണിറ്റിലേക്ക് അയച്ചിരിക്കുകയാണെന്നാണ് പൊലീസ് ബോധിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ആഗസ്ത് 25ന് അന്വേഷണോദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. സിബിഐയെക്കുറിച്ചുള്ള പരാമര്‍ശം സിബിഐ അഭിഭാഷകന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ അന്വേഷിക്കുന്നില്ലെന്ന് അവര്‍ രേഖാമൂലം അറിയിച്ചത്. ഈ കത്താണ് പൊലീസ് പൂഴ്ത്തിവച്ച് വിജിലന്‍സ് കോടതിയില്‍ കളവ് ബോധിപ്പിച്ചത്.
(കെ ശ്രീകണ്ഠന്‍)

deshabhimani 251212

No comments:

Post a Comment