Saturday, December 29, 2012
കൊല്ലം ജില്ലാ സഹകരണബാങ്കില്‍ കോടികളുടെ അഴിമതിക്കു കളമൊരുങ്ങി
കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ മറവില്‍ കൊല്ലം ജില്ലാ സഹകരണബാങ്കില്‍ വീണ്ടും കോടികളുടെ അഴിമതിക്കു ശ്രമം. ഡാറ്റാ എന്‍ട്രി ജോലികള്‍ക്കുവേണ്ടി പുറംകരാര്‍ നല്‍കിയ നീക്കവും വിവാദത്തിനിടയാക്കി. ബാങ്ക് അഡ്മിനിസ്ട്രേറ്ററും ഉന്നത ഉദ്യോഗസ്ഥരും ബാങ്കിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെയും കോണ്‍ഗ്രസിന്റെയും ഒരുസംഘം നേതാക്കളുടെ പിന്‍ബലത്തിലാണ് കോടികളുടെ അഴിമതിക്കു കളമൊരുങ്ങുന്നത്. ചിന്നക്കടയിലെ ഹെഡ് ഓഫീസിലും 57 ശാഖകളിലും ബാങ്കിന്റെ അക്കൗണ്ടിങ് ഉള്‍പ്പെടെയുള്ള രഹസ്യരേഖകളും മറ്റും കംപ്യൂട്ടര്‍വല്‍ക്കരിക്കാനാണു നീക്കം. 2013 ഫെബ്രുവരി പത്തിനു പുതിയ ഭരണസമിതി തെരഞ്ഞെടുപ്പു നടത്താനിരിക്കെയാണ് തിരിക്കിട്ട ഈ നീക്കം. നിലവില്‍ ജനറല്‍ മാനേജരും രണ്ടു സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരും ബാങ്കിന്റെ ചുമതല വഹിക്കുന്നു. ഇവരെ ഒഴിവാക്കിയും പുതുതായി നിയമനം ലഭിച്ച കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന നേതാവിനെ കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ചുമതല ഏല്‍പ്പിച്ചുമാണ് അഴിമതിക്കു കളമൊരുക്കുന്നത്.
നിലവില്‍ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ് ബാങ്ക്. എല്‍ഡിഎഫ് ഭരണസമിതിയെ പിരിച്ചുവിട്ടശേഷം യുഡിഎഫിന് അധികാരം പിടിക്കാന്‍ ശ്രമം നടന്നുവരികയാണ്. ഇതിനായി സഹകരണ ജോയിന്റ് രജിസ്ട്രാറെ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചു. ഇദ്ദേഹവും ബാങ്കിലെ ഒരുസംഘം യുഡിഎഫ് അനുകുല സംഘടനാനേതാക്കളുമാണ് ഇപ്പോഴത്തെ അഴിമതി നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്. കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഭാഗമായി ഹെഡ് ഓഫീസിലും 57 ശാഖകളിലും നൂറുകണക്കിനു കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പുതുതായി വാങ്ങാനാണു നീക്കം. ഇതിനായി പത്രങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ ടെന്‍ഡര്‍ പരസ്യവും നല്‍കി. കരുനാഗപ്പള്ളിക്കടുത്ത് ആലുംകടവ്, കൊല്ലം തേവള്ളി എന്നിവിടങ്ങളിലെ രണ്ട് ഏജന്‍സികള്‍ക്കാണ് ഡാറ്റാ എന്‍ട്രി ജോലികള്‍ പുറംകരാര്‍വഴി നല്‍കിയത്. ഈ ഏജന്‍സികളില്‍നിന്നുള്ള 20 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ഡിസംബര്‍ ഒന്നുമുതല്‍ ജോലി തുടങ്ങി. ഏജന്‍സികളുമായി ബാങ്കിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഇന്നത്തെ നിലയില്‍ ബാങ്കിലെ സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണത്തിനു ഏഴുകോടിയോളം രൂപ അധികമായി വേണ്ടിവരും. 2005ല്‍ അന്നത്തെ യുഡിഎഫ് ഭരണസമിതി പത്തു കോടിരൂപ മുടക്കി കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയിരുന്നു. യുഡിഎഫ് ഭരണസമിതിയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും കാരണം അന്നത്തെ കംപ്യൂട്ടര്‍വല്‍ക്കരണം അമ്പേ പരാജയപ്പെട്ടു. അന്നു വാങ്ങിയ കംപ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും ഹെഡ്ഓഫീസില്‍ ഉള്‍പ്പെടെ കിടന്നു നശിക്കുന്നു. അതുസംബന്ധിച്ച വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇതിനിടയിലാണ് പുതിയ അഴിമതി നീക്കമെന്നതും ശ്രദ്ധേയമാണ്. വിദ്യാസമ്പന്നരും കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക യോഗ്യതയുള്ളവരും ജോലിക്കായി നെട്ടോട്ടമോടുമ്പോഴാണ് ജില്ലാബാങ്കില്‍ പിന്‍വാതില്‍ നിയമനത്തിനു സഹകരണ ഉദ്യോഗസ്ഥന്‍ കൊണ്ടുപിടിച്ചു ശ്രമിച്ചത്. ഭരണകക്ഷി നേതാക്കളുടെയും ചില ഉദ്യോഗസ്ഥരുടെയും ബന്ധുക്കളും ഈ തസ്തികയില്‍ കയറിപ്പറ്റി.
(എം സുരേന്ദ്രന്‍)
deshabhimani 281212
Labels:
അഴിമതി,
സഹകരണ മേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment