യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ രാഷ്ട്രീയ കുതന്ത്രങ്ങളുടെ നടത്തിപ്പുകാരായി മാറ്റിയിരിക്കുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാകാത്ത വസ്തുതയാണ്. പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലും പകപോക്കലും നടത്തുന്നത് കോണ്‍ഗ്രസിന്റെ കാര്യത്തില്‍ പുതുമയുള്ളതല്ല. ഭരണകക്ഷിക്കകത്തെ ഗ്രൂപ്പു വഴക്കില്‍ പോലും പൊലീസുദ്യോഗസ്ഥരെ ഇടപെടുവിച്ച അനുഭവം കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിട്ടുണ്ട്. അത്തരം അനുഭവങ്ങളെയെല്ലാം കവച്ചുവയ്ക്കുംവിധമാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ ദുരുപയോഗിക്കുന്നത്. തെരഞ്ഞെടുപ്പുഫലം വന്നശേഷം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിനുമുമ്പ് വിജിലന്‍സില്‍ സ്വാധീനം ചെലുത്തി തനിക്കെതിരായ കേസ് അട്ടിമറിച്ച് ഉമ്മന്‍ചാണ്ടി തുടങ്ങിവച്ച ആ കളി ഇന്നും അഭംഗുരം തുടരുകയാണ്. 2006ല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനദിവസം മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി കൊണ്ടുവന്ന് എസ്എന്‍സി ലാവ്ലിന്‍ കേസില്‍, സിബിഐ അന്വേഷണത്തിന് തീരുമാനിച്ചത് ഇതേ ഉമ്മന്‍ചാണ്ടിയാണ്. തന്റെ തന്നെ ഭരണത്തിന്‍കീഴിലുള്ള വിജിലന്‍സ് അന്വേഷിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച കേസാണ്, അസാധാരണ നടപടിയിലൂടെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തേജോവധം ചെയ്യാനുള്ള ഉപകരണമാക്കിയത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രചാരണവിഷയം സൃഷ്ടിക്കല്‍, പിണറായി വിജയന്‍ എന്ന "ഭീഷണി" ഒഴിവാക്കല്‍ എന്നീ ഇരട്ടലക്ഷ്യം മുന്നില്‍ക്കണ്ടു നടന്ന ആ ഗൂഢാലോചനയുടെ തുടര്‍ച്ചയായാണ് ഇന്നും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ യുഡിഎഫിലെ നിരവധി പ്രമുഖര്‍ അഴിമതിക്കേസിലും ഇതര ക്രിമിനല്‍ കേസുകളിലും വിചാരണ നേരിടേണ്ടവരാണ്. അവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ പ്രകടവുമാണ്. അത്തരം കേസുകളാകെ തേച്ചുമാച്ചുകളയലായിരിക്കുന്നു പൊലീസിന്റെയും വിജിലന്‍സിന്റെയും പണി. തുടരന്വേഷണങ്ങളും പുനരന്വേഷണങ്ങളും ആസൂത്രിത കോടതി വ്യവഹാരങ്ങളുമൊക്കെയായി ഒരോ കേസും ഇല്ലാതാക്കുകയാണ്. ഉമ്മന്‍ചാണ്ടി മുതല്‍ കണ്ണൂര്‍ എംപി കെ സുധാകരനും ലീഗ് നേതാവ് പി കെ ബഷീറും വരെ- ഈ ആഭിചാരക്രിയകളുടെ ഉപയോക്താക്കളുടെ പട്ടിക നീളുന്നു. പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് നിയമപാലകരെ ഭീഷണിപ്പെടുത്തി ക്രിമിനലുകളെ ഇറക്കിക്കൊണ്ടുപോകുന്ന ഗുണ്ടാനേതാക്കള്‍ക്ക് സംരക്ഷണം കൊടുക്കുന്ന കൂലിത്തല്ലുകാരുടെ നിലവാരത്തിലേക്ക് ആഭ്യന്തരവകുപ്പിനെ മാറ്റിയിരിക്കുന്നു. പൊലീസിലെ ഏതാനും അതീവ വിശ്വസ്തരായ ഉദ്യോഗസ്ഥരെ വച്ച് അമ്പരപ്പിക്കുന്ന ഉപജാപങ്ങള്‍ നടത്തുന്നതിന് മേല്‍നോട്ടം വഹിക്കുന്നത് മുഖ്യമന്ത്രിയാണെങ്കില്‍ അതിന്റെ നേരിട്ടുള്ള നടത്തിപ്പു ചുമതല സംസ്ഥാന ആഭ്യന്തരമന്ത്രിയാണ് ഏറ്റെടുത്തിരിക്കുന്നത്.
വടകരയിലെ ടി പി ചന്ദ്രശേഖരന്‍, തളിപ്പറമ്പ് അരിയിലെ അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസുകള്‍ വച്ച് മലബാര്‍ മേഖലയിലെ സിപിഐ എമ്മിനെ അടിച്ചമര്‍ത്താമെന്ന വ്യാമോഹമാണ് യുഡിഎഫിനെ നയിച്ചത്. അവസരം കിട്ടിയപ്പോള്‍, ഇടുക്കിയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് എം എം എണിയെ ഒരു പ്രസംഗത്തിന്റെ പേരില്‍ തുറുങ്കിലടയ്ക്കാനും മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി ജാമ്യം നിഷേധിക്കാനും തയ്യാറാകുന്നതും ആഭ്യന്തര മന്ത്രിക്കസേരയിലിരിക്കുന്ന മാന്യകോണ്‍ഗ്രസ് നേതാവിന്റെ കാര്‍മികത്വത്തില്‍ തന്നെ. ഒരു സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവമെന്ന നിലയില്‍നിന്ന് ഷുക്കൂര്‍ കേസിനെ "പാര്‍ടി കോടതി", "പരസ്യവിചാരണ", "ആശുപത്രിയിലെ ഗൂഢാലോച" തുടങ്ങിയ കഥകള്‍ സൃഷ്ടിച്ച് വൈകാരിക തലത്തിലേക്കുയര്‍ത്തിയതും ക്രമസമാധാന പ്രശ്നങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ചതും മറ്റാരുമല്ല. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താനും നിയമപാലനം ഉറപ്പാക്കാനും ബാധ്യതപ്പെട്ട മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തന്നെ ക്രിമിനല്‍ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാണ് ഇതിനര്‍ഥം. ചന്ദ്രശേഖരന്‍ കേസും ഷുക്കൂര്‍ കേസും തങ്ങള്‍ ഉദ്ദേശിച്ച "ഫലം" ചെയ്തില്ലെന്ന് യുഡിഎഫിന് ബോധ്യപ്പെട്ടിരിക്കുന്നു. എന്നാല്‍, ഇത്തരം കേസുകള്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും രാഷ്ട്രീയ പകപോക്കല്‍ നടത്താനുള്ള അവസരമാകാമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ച കെ ടി ജയകൃഷ്ണന്‍ കേസ് പൊടിതട്ടി പുറത്തെടുക്കാനുള്ള കാരണം മറ്റൊന്നല്ല. കൃത്രിമ തെളിവുണ്ടാക്കാന്‍ ജയിലില്‍ ചെന്ന് പൊലീസ് ഗുണ്ടകള്‍ മൂന്നാംമുറ പ്രയോഗിക്കാന്‍ തയ്യാറായി എന്നാണ് ഏറ്റവുമൊടുവിലത്തെ വാര്‍ത്ത.
സംസ്കാരശൂന്യതയും സത്യസന്ധതയില്ലായ്മയും അന്തസ്സുകേടും ഭരണം നയിക്കുന്നവര്‍ക്കെന്നല്ല, ആര്‍ക്കും ഭൂഷണമല്ല. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയിലും ആഭ്യന്തരമന്ത്രിയിലും അത്തരം അരുതായ്മകളേ കാണാനുള്ളൂ. അല്‍പ്പമെങ്കിലും സംസ്കാരം സൂക്ഷിക്കുന്നുണ്ടെങ്കില്‍, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നാവില്‍നിന്ന് കഴിഞ്ഞദിവസം നിയമസഭയിലെ സഹ അംഗത്തിനെതിരെ വന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. കെ കെ ലതിക, കുറ്റ്യാടി നിയോജക മണ്ഡലത്തില്‍നിന്ന് ജനങ്ങള്‍ തെരഞ്ഞെടുത്ത് അയച്ചതുകൊണ്ടാണ് നിയമസഭയിലെത്തിയത്. അതല്ലാതെ ഓടിളക്കി അകത്തുകടന്നതല്ല. അവര്‍ സഭയുടെ അന്തസ്സും താന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളും ഉയര്‍ത്തിപ്പിടിച്ചു മാത്രമേ ഇന്നോളം പെരുമാറിയിട്ടുള്ളൂ. പക്ഷേ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്, കെ കെ ലതിക ഇരിക്കേണ്ട കസേരയില്‍ കയറി നില്‍ക്കുന്നുവെന്നും തുള്ളിച്ചാടുന്നുവെന്നുമാണ്. ദുരര്‍ഥത്തോടെയാണ് ആ മന്ത്രിയില്‍നിന്ന് വാക്കുകള്‍ പുറത്തുചാടിയത്. ജനാധിപത്യ സമ്പ്രദായത്തില്‍ അധികാരം ലഭിക്കുന്നത് എന്ത് തോന്ന്യാസവും കാട്ടിക്കൂട്ടാനുള്ള ലൈസന്‍സാകുമെന്ന തെറ്റിദ്ധാരണകൊണ്ടാണ് ഇത്തരം രീതിയുണ്ടാകുന്നത്. തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും ഇരിക്കേണ്ട കസേരയില്‍ ഇരുന്നാല്‍ ഇതു സംഭവിക്കില്ല. മാന്യതയും മര്യാദയുമൊന്നും ഏകപക്ഷീയ സ്വഭാവമുള്ളതല്ല എന്നവര്‍ മനസ്സിലാക്കണം. ക്ഷമ പരീക്ഷിക്കുന്ന വിടുവായത്തങ്ങളും ദുഷ്ചെയ്തികളും അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ വെറുതെ വിടുമെന്ന് പ്രതീക്ഷിക്കരുത്. കാക്കിയിട്ട പൊലീസും കാല്‍ച്ചുവട്ടില്‍ കുറെ മാധ്യമങ്ങളുമുണ്ടെങ്കില്‍ ആരുടെയും തലയില്‍ ചവിട്ടാമെന്ന് കരുതുമ്പോള്‍ അതിനു തക്കതായ തിരിച്ചടി ജനങ്ങളില്‍നിന്ന് കിട്ടുമെന്ന ധാരണയും ഉണ്ടായിരിക്കണം.
deshabhimani editorial 251212
No comments:
Post a Comment