Friday, December 28, 2012

കോഴനിയമനം വാഹനഗതാഗത വകുപ്പിന്റെ കരാറിന്റെ മറവില്‍


സി-ഡിറ്റിലെ കോഴനിയമനത്തിന് വഴിയൊരുക്കുന്നത് വാഹന ഗതാഗതവകുപ്പ് നല്‍കിയ കരാറിന്റെ മറവില്‍. സി-ഡിറ്റിന് കരാര്‍ ലഭിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. ഇതിനിടയിലാണ് മന്ത്രി ഓഫീസ് സഹിതം സര്‍ക്കാര്‍ ഉത്തരവും കാറ്റില്‍പറത്തി ഇടപെട്ട് 250ല്‍പരം പേരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റാന്‍ നീക്കം തുടങ്ങിയത്. വാഹന ഗതാഗതവകുപ്പിന് ആവശ്യമായ ലൈസന്‍സ്, ആര്‍സി ബുക്ക് തുടങ്ങിയവ നിര്‍മിക്കാനും വിതരണംചെയ്യാനും വേണ്ട ജീവനക്കാരെ നല്‍കുക, സ്റ്റേഷനറിയും മറ്റും എത്തിക്കുക, ഹൗസ് കീപ്പിങ് സേവനം ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള ജോലികളാണ് സി-ഡിറ്റ് ഏറ്റെടുത്തത്. സി-ഡിറ്റില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ അനുമതി വേണമെന്നതിനാല്‍ ആര്‍സി ബുക്ക്, ലൈസന്‍സ് എന്നിവയുടെ വിതരണം തടസ്സപ്പെടാതിരിക്കാന്‍ ഇസിഐഎല്‍ എന്ന സാങ്കേതിക സേവന ദാതാവ് (ടിഎസ്പി) കമ്പനി നിയോഗിച്ച ജീവനക്കാരെ നിലനിര്‍ത്തിയാണ് പദ്ധതി ഏറ്റെടുത്തത്. പദ്ധതിക്കായി സാങ്കേതികജ്ഞാനമുള്ള ജീവനക്കാരെ തെരഞ്ഞെടുക്കാന്‍ 2010ലും 11ലും നടപടി തുടങ്ങുകയും തയ്യാറാക്കിയ ഉദ്യോഗാര്‍ഥികളുടെ പട്ടിക ഉപേക്ഷിക്കുകയും ചെയ്തതാണ്. 2010 ജൂലൈയില്‍ സി-ഡിറ്റും ഗതാഗതവകുപ്പും ഒപ്പിട്ട കരാര്‍ 2012 ഡിസംബര്‍ 31ന് അവസാനിക്കും. തുടര്‍ന്ന് 2016 വരെയുള്ള കാലയളവിലേക്ക് പദ്ധതി നടത്തിപ്പിന് സ്ഥാപനത്തെ കണ്ടെത്താന്‍ വാഹന ഗതാഗതവകുപ്പ് ടെന്‍ഡര്‍ വിളിച്ചു. വിപ്രോ, എച്ച്സിഎല്‍, സിഎംസി, ടെറാസോഫ്റ്റ്, ഐഎച്ച്ആര്‍ഡി തുടങ്ങിയ സ്ഥാപനങ്ങളെ പിന്തള്ളിയാണ് സി-ഡിറ്റിനെ തെരഞ്ഞെടുത്തത്. ഇതു സംബന്ധിച്ച് ഉത്തരവ് മാസങ്ങളായിട്ടും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. ഈ അവസരത്തിലാണ് തിരക്കുപിടിച്ച് യഥാവിധി വിജ്ഞാപനംപോലും പ്രസിദ്ധപ്പെടുത്താതെ പിന്‍വാതില്‍ നിയമനത്തിന് നിര്‍ദേശം നല്‍കിയത്.

സി-ഡിറ്റിന് കരാര്‍ നല്‍കിയതോടെ റോഡ് ഗതാഗത ഓഫീസുകളില്‍ തുടരുന്ന എല്ലാ സാങ്കേതികവിഭാഗം ജീവനക്കാര്‍ക്കും ജോലി നഷ്ടപ്പെടും. വര്‍ഷങ്ങളായുള്ളവര്‍ക്കാണ് ജോലി നഷ്ടപ്പെടുന്നത്. ഇവര്‍ വകുപ്പുമന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിച്ച് സി-ഡിറ്റിലെ നിയമനത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. നിയമന നടപടികള്‍ക്കുള്ള ശ്രമവും തുടങ്ങി. നിയമന നടപടി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമിക്കപ്പെടേണ്ടവരുടെ പട്ടിക വകുപ്പുമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകള്‍ ഇടപെട്ട് തയ്യാറാക്കിയതായാണ് വിവരം. ഇപ്പോഴുള്ള അപേക്ഷകര്‍ക്കായി പ്രഹസന കൂടിക്കാഴ്ച നടത്തി നിയമനം നല്‍കാനാണ് നിര്‍ദേശം.

deshabhimani 281212

No comments:

Post a Comment