Thursday, December 27, 2012
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍: വര്‍ധന ഇരട്ടിയോളം
ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാല്‍സംഗം
ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം. ജയ്പൂര്‍ സ്വദേശിനിയായ 42കാരിയെ ബുധനാഴ്ച രാത്രി ഒരുസംഘം ആളുകള്‍ തെക്കന്‍ ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായാണ് പരാതി. ഡല്‍ഹിക്ക് സമീപമുള്ള കല്‍ക്കാജി പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വൃന്ദാവനില്‍ നിന്നും ഡല്‍ഹിക്കു വരുകയായിരുന്ന സ്ത്രീയാണ് മാനഭംഗത്തിനിരയായത്. യുവതിക്ക് പരിചയമുള്ള വ്യക്തിയും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ബാലല്‍സംഗം ചെയ്തതെന്നാണ് വിവരം. സംഭവശേഷം യുവതിയെ കല്‍ക്കാജിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
ഒരു സുഹൃത്തിനെ കൂട്ടുവിളിച്ച് അവരുടെ സഹായത്തോടെ സ്റ്റേഷനിലെത്തിയാണ് യുവതി പരാതി നല്‍കിയത്. പരാതി അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായാണ് വിവരം. യുവതിക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെന്നും കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലാക്കിയതായും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍: വര്‍ധന ഇരട്ടിയോളം
10 വര്‍ഷത്തിനിടെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ പ്രതിവര്‍ഷം നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയോളമായി. 2002ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ 1.31 ലക്ഷം ആയിരുന്നത് 2011ല്‍ 2.19 ലക്ഷമായി. ബലാത്സംഗം, ലൈംഗികചൂഷണം, ശാരീരികപീഡനം, ബന്ധുക്കളുടെ ക്രൂരത, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധനമരണം എന്നീ കേസുകളുടെ കണക്കാണിത്. ബലാത്സംഗ കേസുകളിലെ വര്‍ധന 47.84 ശതമാനമാണ്. 2002ല്‍ രാജ്യത്ത് 16,373 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ ഇത് 24,206 ആയി ഉയര്‍ന്നു. പ്രതിദിനം ശരാശരി 67 ബലാത്സംഗ കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. റിപ്പോര്‍ട്ട്ചെയ്യാത്തവയുടെ കണക്ക് ഇതിലേറെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011ല്‍ ഏറ്റവുമധികം ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തത് മധ്യപ്രദേശിലാണ്. 3,406 എണ്ണം. രാജ്യത്താകെ രജിസ്റ്റര്‍ചെയ്ത ബലാത്സംഗ കേസുകളുടെ 14.1 ശതമാനം വരുമിത്.
രാജ്യത്തെ ആകെ ജനസംഖ്യയുടെ 7.55 ശതമാനമുള്ള ബംഗാളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രാജ്യത്താകെ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ 12.7 ശതമാനമാണ്. ഏഴുശതമാനം ജനസംഖ്യയുള്ള ആന്ധ്രയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രാജ്യത്താകെ നടക്കുന്നതിന്റെ 12.4 ശതമാനമാണ്. തലസ്ഥാനമായ ഡല്‍ഹിയാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം, ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നിലായുണ്ട്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ലൈംഗികചൂഷണ കേസുകളുടെ എണ്ണത്തില്‍ മാത്രം നേരിയ കുറവുണ്ട്. 2002ല്‍ 10155 ചൂഷണകേസ് റിപ്പോര്‍ട്ട്ചെയ്തപ്പോള്‍ 2011 ല്‍ ഇത് 8,570 ആയി കുറഞ്ഞു. മാനഭംഗ കേസുകള്‍ 2002ല്‍ 33,943 ആയിരുന്നത് 2011ല്‍ 42,968 ആയി ഉയര്‍ന്നു. സ്ത്രീകള്‍ക്കെതിരായ ബന്ധുക്കളുടെ ക്രൂരതയിലാണ് വന്‍ വര്‍ധന. 2002ല്‍ ഇത്തരത്തില്‍ 49237 കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2012ല്‍ 99,135 ആയി വര്‍ധിച്ചു. തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ 14,506ല്‍ നിന്ന് 35,565 ആയി ഉയര്‍ന്നപ്പോള്‍ സ്ത്രീധന മരണകേസുകള്‍ 6822ല്‍നിന്ന് 8618 ആയി.
കൊല്‍ക്കത്തയില്‍ സ്ത്രീയെ ബസില്‍ മാനഭംഗപ്പെടുത്തി
വികലാംഗയായ മധ്യവയസ്കയെ യുവാവ് ഡിപ്പോയില്‍ നിര്‍ത്തിയിട്ട ബസില്‍ മാനഭംഗപ്പെടുത്തി. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും പൊലീസിന്റെ അനാസ്ഥമൂലം പ്രതി രക്ഷപ്പെട്ടു. കൊല്‍ക്കത്ത നഗരത്തില്‍, പൊലീസ് സ്റ്റേഷന്തൊട്ടടുത്തുള്ള ബസ് ഡിപ്പോയിലാണ് സംഭവം. ബസിനകത്തുനിന്ന് സ്ത്രീയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ എത്തിയത്. ഇരുപത്തെട്ടുകാരനായ യുവാവ് സ്ത്രീയെ ബലാല്‍ക്കാരംചെയ്യാനുള്ള ശ്രമത്തിലായിരുന്നു അപ്പോള്‍. നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ച പ്രതി പൊലീസിന്റെ കൈയില്‍നിന്ന് കുതറി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഇതിനിടെ ഭോപാലില്‍ ആശുപത്രിയില്‍ രണ്ടു വയസ്സുകാരിയായ മകള്‍ക്ക് കൂട്ടിരുന്ന യുവതിയെ ആശുപത്രി ജീവനക്കാര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. ശനിയാഴ്ചയായിരുന്നു സംഭവം. യുവതിയും ഭര്‍ത്താവും ഗോപാല്‍ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. പൊള്ളലേറ്റ മകള്‍ക്ക് ചികിത്സ തേടിയാണ് യുവതി ആശുപത്രിയിലെത്തിയത്. ടോയ്ലറ്റില്‍ പോയ യുവതിയെ പിന്തുടര്‍ന്നെത്തിയ ആശുപത്രിയിലെ തൂപ്പുകാരായ ചിലര്‍ ടോയ്ലറ്റില്‍വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇതിനിടെ യുവതിയുടെ മകള്‍ ചൊവ്വാഴ്ച മരിച്ചു. തമിഴ്നാട്ടില്‍ കുഡല്ലൂര്‍ ജില്ലയിലെ വിരുതാചലത്താണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. മണിമുക്ത നദിക്കരയില്‍ ബന്ധുവുമായി സംസാരിച്ചുനിന്ന ഇരുപതുകാരിയെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ബന്ധുവിനെ അക്രമികള്‍ ദേഹോപദ്രവമേല്‍പ്പിക്കുകയും യുവതിയെ മാനഭംഗപ്പെടുത്തുകയുമായിരുന്നു. യുവതിയെ മുണ്ട്യപാക്കം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചയാള്‍ അറസ്റ്റില്‍
ആലപ്പുഴ: ബസിനുള്ളില്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചയാള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി സന്തോഷിനെയാണ് ആലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയെ ബസില്‍ ചേര്‍ത്തല മുതല്‍ സന്തോഷ് ശല്യപ്പെടുത്തി. യുവതി മുന്നറിയിപ്പ് നല്‍കിയെങ്കിലും വീണ്ടും ശല്യപ്പെടുത്തി. യാത്രക്കാര്‍ ഇയാളെ തടഞ്ഞുവെച്ചു പോലീസിനെ ഏല്‍പ്പിച്ചു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment