Tuesday, December 25, 2012

ജംബോ കോണ്‍ഗ്രസ്


ലോകത്തിലെ ഏറ്റവും വലിയ ആനയാണ് ജംബോ. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈ ആഫ്രിക്കന്‍ ആനയ്ക്ക് നാലുമീറ്റര്‍ ഉയരമുണ്ടായിരുന്നു. ഏറ്റവും വലുത് എന്ന അര്‍ഥത്തിലാണ് ജംബോ എന്ന പ്രയോഗം. ജംബോ സര്‍ക്കസ് മുതല്‍ ജംബോ ജെറ്റ് വരെ. ഇപ്പോഴിതാ, ജംബോ കോണ്‍ഗ്രസ്. അംഗങ്ങളുടെ എണ്ണത്തിലല്ല, ഭാരവാഹികളുടെ ബാഹുല്യത്തിലാണ് കേരളത്തില്‍ ജംബോ കെപിസിസി ഉടലെടുത്തിരിക്കുന്നത്. പുനഃസംഘടനാ പട്ടിക പുറത്തുവന്നപ്പോള്‍ കെപിസിസിയില്‍ 4 വൈസ് പ്രസിഡന്റുമാര്‍, 21 ജനറല്‍ സെക്രട്ടറിമാര്‍, 42 സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 69 ഭാരവാഹിപ്പട. സ്ഥിരം ക്ഷണിതാക്കള്‍ ഉള്‍പ്പെടെ ഇരുനൂറോളം പേരുള്ള കെപിസിസി എക്സിക്യൂട്ടീവ് യോഗം ചേരണമെങ്കില്‍ ഇന്ദിരാഭവന്‍ പോരാ, ഏതെങ്കിലും കല്യാണമണ്ഡപം ബുക്ക് ചെയ്യണം. കെപിസിസി ജനറല്‍ ബോഡി കൂടണമെങ്കില്‍ പുത്തരിക്കണ്ടം മൈതാനം വേണ്ടിവരും.

കോണ്‍ഗ്രസ് ഭരണഘടനാ പ്രകാരം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് ഒരു പ്രസിഡന്റും ഒരു വൈസ്പ്രസിഡന്റും ഒരു ട്രഷററും മാത്രമേയുള്ളൂ. ഒന്നിലധികം പേരെ ജനറല്‍ സെക്രട്ടറിമാരായി നോമിനേറ്റ് ചെയ്യാം. കേരളപ്പിറവിക്കുശേഷം ആര്‍ ശങ്കര്‍, സി കെ ഗോവിന്ദന്‍നായര്‍, കെ സി എബ്രഹാം, ടി ഒ ബാവ, കെ കെ വിശ്വനാഥന്‍, എ കെ ആന്റണി എന്നിവര്‍ പ്രസിഡന്റായിരുന്നപ്പോള്‍ മൂന്നു ജനറല്‍ സെക്രട്ടറിമാര്‍മാത്രം. 1978ലെ കോണ്‍ഗ്രസ് ഭിന്നിപ്പുവരെ ഭാരവാഹികളുടെ എണ്ണം ഭരണഘടനാനുസൃതമായിരുന്നു.

1982ല്‍ ഇരു കോണ്‍ഗ്രസുകളുടെ ലയനം നടന്നപ്പോള്‍ ആരെയും ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് ഭാരവാഹിപ്പട്ടിക ഇരട്ടിച്ചത്. സി വി പത്മരാജന്‍, എ കെ ആന്റണി എന്നിവര്‍ പ്രസിഡന്റായിരുന്ന 1992 വരെ രണ്ടു വൈസ്പ്രസിഡന്റുമാരും ആറു ജനറല്‍ സെക്രട്ടറിമാരും രണ്ടുസെക്രട്ടറിമാരുംമാത്രം. 1992ല്‍ ഗോദയ്ക്കു പുറത്തായ ആന്റണി ഗ്രൂപ്പുകാരെക്കൂടി ഭാരവാഹികളാക്കിയപ്പോള്‍ കെപിസിസിയിലും ഡിസിസികളിലും എണ്ണം കുതിച്ചുയര്‍ന്നു.

കെ കരുണാകരനും എ കെ ആന്റണിയും ശക്തികേന്ദ്രങ്ങളായിരുന്ന കോണ്‍ഗ്രസില്‍ ദീര്‍ഘകാലം സംഘടനാപദവികള്‍ ഗ്രൂപ്പടിസ്ഥാനത്തിലാണ് പങ്കുവച്ചിരുന്നത്. മൂന്നും നാലും ഗ്രൂപ്പുകള്‍ വന്നപ്പോള്‍ അവര്‍ക്കും വീതം നല്‍കേണ്ടിവന്നു. ഗ്രൂപ്പുകളുടെ എണ്ണം വര്‍ധിക്കുകയും ഗ്രൂപ്പുകളില്‍നിന്ന് അങ്ങോട്ടുമിങ്ങോട്ടും ആളുകള്‍ മറിയുകയും, ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകള്‍ വളരുകയും ചെയ്ത സാഹചര്യത്തിലാണ് വീതം വയ്ക്കല്‍ ഒരു ഏടാകൂടമായത്. ഗ്രൂപ്പുകള്‍ക്കു പുറത്തു വളര്‍ന്ന ഗ്രൂപ്പില്ലാ നേതാക്കളും സമ്മര്‍ദശക്തികളായി.

ആന്റണിയില്ലാത്ത ആന്റണിഗ്രൂപ്പിനെ ഉമ്മന്‍ചാണ്ടിയും കരുണാകരന്റെ മകനും മകളുമില്ലാത്ത ഐ ഗ്രൂപ്പിനെ രമേശ് ചെന്നിത്തലയും നയിക്കുന്നതാണ് വിരോധാഭാസം. വിശാല ഐ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടി വിരുദ്ധരുടെ ഒരു കോണ്‍ഫെഡറേഷനാണ്. ഇവരില്‍ പലരും ഡല്‍ഹിയിലെത്തുമ്പോള്‍ ആന്റണിയുടെ കൂടെയാണ്. ആന്റണി ഹൈക്കമാന്‍ഡില്‍ സര്‍വശക്തനായതിനാല്‍ ഗ്രൂപ്പില്ലാ ഗ്രൂപ്പുകാരായ വി എം സുധീരന്‍, ജി കാര്‍ത്തികേയന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ്, പി സി ചാക്കോ, കെ മുരളീധരന്‍ എന്നിവരെല്ലാം ഇപ്പോള്‍ ആന്റണിയുടെ ഭ്രമണപഥത്തിലാണ്.

കോണ്‍ഗ്രസിലിപ്പോള്‍ പ്രവര്‍ത്തകരില്ല, നേതാക്കള്‍ മാത്രമേ ഉള്ളൂ. അംഗത്വമുള്ള ഖദര്‍ധാരികളെല്ലാം ജനനേതാക്കളാണ്. കോണ്‍ഗ്രസ് യോഗങ്ങളില്‍ സദസ്സില്‍ ആരെയും കാണാറില്ല. ആള്‍ക്കൂട്ടം സ്റ്റേജിലാണ്. സ്റ്റേജുകള്‍ പൊളിഞ്ഞു വീഴുന്നത് ഇപ്പോള്‍ വാര്‍ത്തയേയല്ല. കോണ്‍ഗ്രസ് ജാഥകള്‍ക്ക് നീളം കുറവാണെങ്കിലും വീതി കൂടുതലാണ്. ജാഥാ അംഗങ്ങളെല്ലാം മുന്‍നിരയില്‍ തന്നെ അണിനിരക്കുന്നതിനാല്‍ റോഡിന്റെ വീതിക്ക് ജാഥയുടെ വീഥി ഉള്‍ക്കൊള്ളാനാവില്ല. നേതാക്കള്‍ പുരനിറഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസില്‍ അധികാരത്തിന്റെ അപ്പക്കഷണം നല്‍കി അനുയായികളെയെല്ലാം സംതൃപ്തരാക്കാനാവില്ല. അതുകൊണ്ടാണ്, "ഒരാള്‍ക്ക് ഒരു പദവി" എന്ന മുദ്രാവാക്യം മുഴക്കിയത്. പാര്‍ലമെന്ററി പദവികള്‍ ലഭിക്കാത്തവരെ കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും കുടിയിരുത്താന്‍ ഒരു വര്‍ഷം വേണ്ടിവന്നു. ജംബോ കെപിസിസിയും ജംബോ ഡിസിസിയും ഉണ്ടാക്കിയത് ഭിക്ഷാപാത്രവുമായി എത്തിയ ഭിക്ഷാംദേഹികളുടെ വിശപ്പടക്കാനാണ്. എന്നിട്ടും മുറുമുറുപ്പ് തീരുന്നില്ല. 1992നുശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ വ്യവസ്ഥാപിത സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കോണ്‍ഗ്രസ് ഭരണഘടന പ്രകാരം അഞ്ചുവര്‍ഷത്തിലൊരിക്കലാണ് തെരഞ്ഞെടുപ്പ്. നേരത്തെ രണ്ടുവര്‍ഷത്തിലൊരിക്കലായിരുന്നു. മണ്ഡലതലംമുതല്‍ ദേശീയതലംവരെ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിക്കുമെങ്കിലും തെരഞ്ഞെടുപ്പ് പ്രകിയ തീര്‍ത്തും പ്രഹസനമാണ്. പലയിടത്തും വോട്ടര്‍പട്ടിക നോക്കിയാണ് പ്രാഥമിക അംഗത്വപട്ടിക ഉണ്ടാക്കുന്നത്. കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പ് കേരളത്തില്‍ എപ്പോഴും ഒരു ക്രമസമാധാനപ്രശ്നമാണ്. അംഗത്വ വിതരണംമുതല്‍ തന്നെ വാര്‍ഡ് അടിസ്ഥാനത്തില്‍ ചേരിതിരിഞ്ഞ് അടിപിടി തുടങ്ങും. വിവിധതലങ്ങളില്‍ നിഷ്പക്ഷരായ വരണാധികാരികളെ കണ്ടെത്തുകയെന്നത് ദുഃസാധ്യമാണ്. കൂട്ട അടിയില്‍ വരണാധികാരികള്‍ക്ക് ഓടി രക്ഷപ്പെടേണ്ടി വന്ന സന്ദഭങ്ങള്‍ നിരവധിയാണ്. ജീവല്‍ഭയമുള്ളവരാരും വരണാധികാരികളാവാന്‍ തയ്യാറല്ല.

1992ലെ സംഘടനാ തെരഞ്ഞെടുപ്പില്‍ റിട്ടേണിങ് ഓഫീസര്‍ പ്രഭാ റാവുവിന്റെ സാന്നിധ്യത്തിലാണ് തൈക്കാട് ഗസ്റ്റ് ഹൗസില്‍ പൊരിഞ്ഞ അടി നടന്നത്. തമിഴ്നാട്ടുകാരായ ചില നിരീക്ഷകര്‍ക്ക് അന്ന് മര്‍ദനമേല്‍ക്കേണ്ടി വന്നു. 1996ല്‍ മസ്ക്കറ്റ് ഹോട്ടലിലെ ഹാളില്‍നിന്ന് അന്നത്തെ റിട്ടേണിങ് ഓഫീസര്‍ കിഷോര്‍ ചന്ദ്രദേവ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പട്ടാളത്തിന്റെയോ പൊലീസിന്റെയോ സഹായമില്ലാതെ തെരഞ്ഞെടുപ്പ് കമീഷനുപോലും കോണ്‍ഗ്രസില്‍ സമാധാനപരമായി സംഘടനാതെരഞ്ഞെടുപ്പ് നടത്താനാവില്ല. ഭരണഘടനപ്രകാരം കൃത്യമായി സംഘടനാതെരഞ്ഞെടുപ്പ് നടത്തുന്ന രാഷ്ട്രീയകക്ഷികള്‍ക്കുമാത്രമേ തെരഞ്ഞെടുപ്പ് കമീഷനു അംഗീകാരം നല്‍കാന്‍ കഴിയൂ. ദേശീയകക്ഷി, പ്രാദേശികകക്ഷി എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കമീഷന്റെ നിബന്ധനകളില്‍നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് എപ്പോഴും കുറുക്കുവഴികള്‍ തേടുകയാണ്. വോട്ടര്‍പട്ടികപോലും പ്രസിദ്ധീകരിക്കാതെ മേല്‍ഘടകങ്ങള്‍തന്നെ കീഴ്ഘടകങ്ങളുടെമേല്‍ ഏകാധിപത്യ പരമായി ഭാരവാഹിപ്പട്ടിക അടിച്ചേല്‍പ്പിക്കുന്നു.

മണ്ഡലം തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ ഡിസിസി പ്രസിഡന്റുമാരെയും ഡിസിസി തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കാതെ പിസിസി പ്രസിഡന്റിനെയും പിസിസി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാതെ കോണ്‍ഗ്രസ് പ്രസിഡന്റിനെയും പ്രഖ്യാപിക്കുന്ന രീതി ജനാധിപത്യവിരുദ്ധമാണ്. തെരഞ്ഞെടുപ്പോ സമവായപ്രക്രിയയോ നടപ്പാക്കാതെ വരുമ്പോഴാണ് എല്ലാ അധികാരവും ഹൈക്കമാന്‍ഡ് കവര്‍ന്നെടുക്കുന്നത്. ഉള്‍പ്പാര്‍ടി ജനാധിപത്യം തകര്‍ക്കുന്ന നോമിനേഷന്‍ സമ്പ്രദായംതന്നെയാണ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയെന്ന വ്യാജേനയാണ് കോണ്‍ഗ്രസ് നേതൃത്വം ഭാരവാഹിപ്പട്ടിക നല്‍കി തെരഞ്ഞെടുപ്പ് കമീഷനെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ പാലിക്കാതെ തെരഞ്ഞെടുപ്പ് പ്രഹസനം നടത്തുന്ന കോണ്‍ഗ്രസിന് ഒരു ദേശീയ കക്ഷിയായി തുടരാന്‍ അവകാശമില്ല. കോണ്‍ഗ്രസിനുള്ള അംഗീകാരം തെരഞ്ഞെടുപ്പ് കമീഷന്‍ റദ്ദാക്കേണ്ടത് തികച്ചും ന്യായയുക്തമാണ്.

ചെറിയാന്‍ ഫിലിപ്പ് deshabhimani 251212

No comments:

Post a Comment