Friday, December 28, 2012

പിണറായിയുടെ പാറപ്രം പ്രസംഗം


കെ ടി ജയകൃഷ്ണന്‍ വധക്കേസ് സുപ്രീംകോടതി വരെ പോയതാണ്. കേസില്‍ പ്രതികളെ തൂക്കിക്കൊല്ലാന്‍ ആദ്യം വിധിച്ചിരുന്നു. ആ കേസില്‍ അപ്പീല്‍ പോയില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു. സുപ്രീംകോടതിയാണ് വധശിക്ഷ ഒഴിവാക്കിയത്. പലരെയും വിട്ടയച്ചത്. ചിലരെ ശിക്ഷിച്ചു. ശിക്ഷാ കാലാവധിയും കഴിഞ്ഞു. സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ എന്തടിസ്ഥാനത്തിലാണ് പുനരന്വേഷണം.

ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാള്‍ മൊഴി കൊടുത്തെന്നാണ് പൊലീസ് പറയുന്നത്. ഗോവയില്‍വച്ചാണ് ആ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തത്. അയാള്‍ മൂത്രമൊഴിക്കുമ്പോള്‍ രക്തവും പഴുപ്പുമാണ് വന്നത്. ഒപ്പം ദുര്‍ഗന്ധവും. അയാളെ ഇടിച്ച് ഒരു പരുവമാക്കിയതിന്റെ ഫലമാണിത്. പൊലീസ് തയ്യാറാക്കിയ ഒരു സ്റ്റേറ്റ്മെന്റിന്റെ അടിയില്‍ ഒപ്പിടീക്കുന്നു. സാധാരണക്കാരനെ ലോക്കപ്പിലിട്ട് ഇടിച്ചുപിഴിഞ്ഞ് സ്റ്റേറ്റ്മെന്റ് വാങ്ങാന്‍ ചിലപ്പോള്‍ സാധിച്ചെന്ന് വരും. എന്നാല്‍, ആ ചെറുപ്പക്കാരന്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു.

പൊലീസ് ക്യാമ്പിന്റെ ഭീകരത ചിലര്‍ക്കേ ഊഹിക്കാനാകൂ. ലോക്കപ്പില്‍ ഒഴുകിക്കിടക്കുന്ന ജീവരക്തത്തില്‍ വിരല്‍മുക്കി ലോക്കപ്പിന്റെ ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ച മണ്ടോടി കണ്ണന്‍ ഉത്തമ കമ്യൂണിസ്റ്റ് മാതൃകയാണ്. ഉറച്ച കമ്യൂണിസ്റ്റ് ബോധത്തിലൂടെയാണ് ഈ മനസ്ഥൈര്യം നേടുന്നത്. ലോകചരിത്രത്തില്‍ ഫാസിസ്റ്റുകളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ക്രൂരതകളിലും പിടിച്ചുനിന്ന പോരാളികളുണ്ടായിരുന്നു. അതെല്ലാം രാഷ്ട്രീയബോധത്തിന്റെ ഭാഗമായിരുന്നു. അത്തരം രാഷ്ട്രീയബോധം എല്ലാവരിലും ഉണ്ടാകണമെന്നില്ല. പൊലീസ് ഭാഷ്യത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സിപിഐ എമ്മിനെ വേട്ടയാടാന്‍ അവസരമാക്കി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. ഇത് അപകടമാണ്.

മനോരമ കണ്ടത് ഇങ്ങനെ

No comments:

Post a Comment