Thursday, December 27, 2012
കേരളത്തെ വെട്ടിച്ചുരുക്കുന്നു
ലാലുവിന്റെയും വേലുവിന്റെയും പ്രേതങ്ങള്‍ വീണ്ടും കേരളത്തെ മാന്തിപ്പൊളിക്കാന്‍ അവതരിക്കുന്നു. കേരളത്തിലെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളെ വീണ്ടും വെട്ടിമുറിച്ച് കര്‍ണാടകയ്ക്കും തമിഴ്‌നാടിനും വേണ്ടി രണ്ടു പുതിയ റയില്‍വേ ഡിവിഷനുകള്‍ രൂപീകരിക്കും.
കേരളത്തില്‍ നിന്ന് അടര്‍ത്തിമാറ്റുന്ന മംഗലാപുരം, കൊങ്കണ്‍, കന്യാകുമാരി, തിരുനെല്‍വേലി റയില്‍വേ ലൈനുകളില്‍ തിരക്കിട്ട സര്‍വേ റയില്‍വേ ബോര്‍ഡ് ധൃതഗതിയില്‍ നടത്തിവരുന്നു. മിനുക്കുപണികള്‍ നടന്നുവരുന്ന കേന്ദ്ര റയില്‍വേ ബജറ്റില്‍ തിരുനെല്‍വേലി, മംഗലാപുരം ഡിവിഷനുകളുടെ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഇതോടെ കേരളത്തിലെ രണ്ടു റയില്‍വേ ഡിവിഷനുകള്‍ സംസ്ഥാനത്തിനുള്ളില്‍ മാത്രമായി ഒതുങ്ങും.
ഒന്നാം യു പി എ സര്‍ക്കാരില്‍ ലാലുപ്രസാദ് യാദവ് റയില്‍ മന്ത്രിയും തമിഴ്‌നാട്ടുകാരനായ ആര്‍ വേലു സഹമന്ത്രിയുമായിരുന്നപ്പോള്‍ പാലക്കാട് ഡിവിഷന്‍ വെട്ടിപ്പിളര്‍ന്ന് തമിഴ്‌നാട്ടില്‍ സേലം ആസ്ഥാനമായി പുതിയൊരു ഡിവിഷന്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് മറ്റൊരു റയില്‍വേ സോണിലോ ഡിവിഷനിലോ ഇല്ലാത്തവിധം ഭാഷാടിസ്ഥാനത്തില്‍ കേരളത്തിലെ രണ്ടു റയില്‍വേ ഡിവിഷനുകളിലെയും നല്ലൊരു ഭാഗം അടര്‍ത്തിമാറ്റി കര്‍ണാടകയ്ക്കുവേണ്ടി മംഗലാപുരം ഡിവിഷനും തമിഴ്‌നാടിനു തിരുനെല്‍വേലി ഡിവിഷനും രൂപീകരിക്കാനുള്ള തീരുമാനം റയില്‍വേ വകുപ്പ് എടുത്തുകഴിഞ്ഞു.
ഇതനുസരിച്ച് പാലക്കാട് ഡിവിഷനില്‍ നിന്നും തിരുവനന്തപുരം ഡിവിഷനില്‍ നിന്നും കേരളത്തിനു പുറത്തുള്ള റയില്‍വേ ലൈനുകള്‍ മുറിച്ചെടുത്ത് മംഗലാപുരം, തിരുനെല്‍വേലി ഡിവിഷനുകള്‍ രൂപീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രിസഭ വിട്ടതോടെ റയില്‍മന്ത്രിയായ പവന്‍കുമാര്‍ ബന്‍സല്‍ നിര്‍ദേശം നല്‍കിയതായി അറിയുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തിനു പുറത്തുള്ള തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ റയില്‍വേ ലൈനുകളുടെ സര്‍വേ ധൃതഗതിയില്‍ ആരംഭിച്ചതെന്ന് ഉന്നത റയില്‍വേ ബോര്‍ഡ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
കേരളത്തിന് പ്രത്യേക റയില്‍വേ സോണ്‍ അനുവദിക്കുന്നകാര്യം സജീവ പരിഗണനയിലാണെന്ന് തൃണമൂലിന്റെ റയില്‍മന്ത്രിയായിരുന്ന ദിനേശ് ത്രിവേദി ഇക്കഴിഞ്ഞ സെപ്തംബറില്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളും കൊങ്കണ്‍ റയില്‍വേയും ഉള്‍പ്പെടുത്തി കേരളത്തിനുവേണ്ടി പെനിന്‍സുലാര്‍ റയില്‍സോണ്‍ സ്ഥാപിക്കുമെന്ന ത്രിവേദിയുടെ ഉറപ്പ് നിലനില്‍ക്കുന്നതിനിടയിലാണ് ഒരു വെള്ളിടിപോലെ ലാലു-വേലുമാരുടെ പ്രേതങ്ങള്‍ വീണ്ടും കേരളത്തിനുമുന്നില്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്.
ആസന്നമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മംഗലപുരം ഡിവിഷന്‍ കോണ്‍ഗ്രസിന്റെ നേട്ടമായി അവകാശപ്പെട്ട് നേട്ടം കൊയ്യാനുള്ള തന്ത്രമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ ഒപ്പിച്ചെടുത്ത ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധി തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന തിരുനെല്‍വേലിയില്‍ മറ്റൊരു ഡിവിഷനുകൂടി കുറേനാളായി കേന്ദ്രത്തില്‍ പിന്നാമ്പുറനീക്കങ്ങള്‍ നടത്തിവരിയാണ്.
മന്‍മോഹന്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചുകളയുമെന്ന് നിരന്തര ഭീഷണി മുഴക്കുന്ന കരുണാനിധി തിരുനെല്‍വേലി ഡിവിഷന്‍ നേടിയെടുക്കാനും ഈ സമ്മര്‍ദതന്ത്രം തന്നെ പയറ്റുന്നുവെന്നാണ് സൂചന. ഇതോടെ കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലേയ്ക്ക് വ്യാപിച്ചുകിടക്കുന്ന തിരുവനന്തപുരം ഡിവിഷന്റെ തമിഴ്‌നാട്ടിലെ റയില്‍വേ ലൈനുകളിലും കൊങ്കണ്‍, മംഗലാപുരം വരെയുള്ള പാലക്കാട് ഡിവിഷന്റെ കര്‍ണാടക പ്രദേശങ്ങളും കേരളത്തിനു നഷ്ടമാകും.
ഈ നീക്കത്തിനെതിരേ റയില്‍വേയുടെ ചുമതലവഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ് റയില്‍ മന്ത്രി ബന്‍സലിന് ഒരു കത്തെഴുതി ചടങ്ങുതീര്‍ത്തു. എ കെ ആന്റണിയും വയലാര്‍രവിയുമടക്കമുള്ള എട്ടുപേര്‍ കേരളത്തില്‍ നിന്ന് കേരളത്തിന്റെ നിറസാന്നിധ്യമായി ഉണ്ടെന്നാണ് ഭരണമുന്നണിയുടെ അവകാശവാദം. പുറമേ 16 എം പിമാരും. പക്ഷേ, സംസ്ഥാനത്തെ റയില്‍വേയെ കേന്ദ്രം തീണ്ടാക്കല്ലുകള്‍ക്കപ്പുറത്തേക്ക് ചവിട്ടിയെറിയുമ്പോഴും ഈ മന്ത്രിപുംഗവന്മാര്‍ക്ക് മിണ്ടാട്ടമില്ലെന്നതാണ് ദുരൂഹമാവുന്നത്. തിരുവനന്തപുരത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന ശശിതരൂര്‍ അസത്യങ്ങളും അസംബന്ധങ്ങളും കുത്തിനിറച്ച തന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ അവതരിപ്പിച്ചപ്പോഴും സംസ്ഥാനത്തെ റയില്‍വേ ലൈനുകള്‍ മാന്തി പൊളിച്ചെടുക്കാനുള്ള കേന്ദ്രനീക്കത്തിനെതിരേ മൗനം പാലിക്കുകയായിരുന്നൂവെന്നതും ശ്രദ്ധേയം.
janayugom 271212
Labels:
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment