Thursday, December 27, 2012

25 ലക്ഷം ടണ്‍ ഗോതമ്പ് കയറ്റി അയക്കും


ബംഗാളില്‍ തോട്ടംതൊഴിലാളികളുടെ പട്ടിണിമരണം വര്‍ധിക്കുന്നു

കൊല്‍ക്കത്ത: ബംഗാളില്‍ കര്‍ഷക ആത്മഹത്യകള്‍ക്കൊപ്പം തൊഴിലാളികളുടെ പട്ടിണിമരണവും പെരുകുന്നു. ഉത്തരബംഗാളിലെ ഡുവേഴ്സ് പ്രദേശത്ത് തേയിലത്തോട്ടം പൂട്ടിയതിനെതുടര്‍ന്ന് പട്ടിണിയിലായ തൊഴിലാളികളില്‍ മൂന്നുപേരാണ് കഴിഞ്ഞദിവസം മരിച്ചത്. ദല്‍മോഡാ തോട്ടത്തിലെ തൊഴിലാളികളായ ജേട്ടി ദൊര്‍ജി (58), കാലേസ്തിക ഒറാവൊ (56), ലക്ഷ്മി മുണ്ഡ (47) എന്നിവരാണ് മരിച്ചത്. ആദിവാസിവിഭാഗത്തില്‍പ്പെട്ട ഇവരില്‍ രണ്ടുപേര്‍ വനിതകളാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉത്തര ബംഗാള്‍ പര്യടനത്തിന് തൊട്ടുമുമ്പാണ് സംഭവം. ഉത്തരബംഗാളില്‍ പല തേയിലത്തോട്ടങ്ങളും പൂട്ടിയതുമൂലം ആയിരക്കണക്കിന് തൊഴിലാളികളാണ് ദാരിദ്ര്യവും പട്ടിണിയും രോഗവുംമൂലം കഷ്ടപ്പെടുന്നത്. ആറുമാസത്തിനുള്ളില്‍ ദല്‍മുഡ, ഡക്കലപാഡാ എന്നീ പ്രദേശത്ത് രണ്ട് തേയിലത്തോട്ടങ്ങള്‍ പൂട്ടിയതിനാല്‍ 34 തൊഴിലാളികള്‍ പട്ടിണികിടന്ന് മരിച്ചു. എന്നാല്‍, പട്ടിണിമരണം അംഗീകരിക്കാന്‍ മമതസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അസുഖം ബാധിച്ചാണ്് തൊഴിലാളികള്‍ മരിച്ചതെന്നാണ് മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും പറയുന്നത്. പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഇടതുസര്‍ക്കാര്‍ നല്‍കിയിരുന്ന പ്രത്യേക തൊഴില്‍രഹിതവേതനം മമതസര്‍ക്കാര്‍ നിര്‍ത്തിയത് ദുരിതം വര്‍ധിപ്പിച്ചു. തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പട്ടിണിമൂലം മരിക്കുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളിക്കളയുകയാണ്.
(ഗോപി)

25 ലക്ഷം ടണ്‍ ഗോതമ്പ് കയറ്റി അയക്കും

ന്യൂഡല്‍ഹി: കേന്ദ്രപൂളിലെ ഭക്ഷ്യധാന്യശേഖരത്തില്‍നിന്ന് 25 ലക്ഷം ടണ്‍ ഗോതമ്പുകൂടി കയറ്റി അയക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി തീരുമാനിച്ചു. ടണ്ണിന് 300 ഡോളര്‍ (16,454 രൂപ) നിരക്കിലാണ് കയറ്റിഅയക്കുക. സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍, എംഎംടിസി, പിഇസി എന്നിവ വഴി 20 ലക്ഷം ടണ്‍ ഗോതമ്പും ജൂണിനകം കയറ്റി അയക്കും. എഫ്സിഐ ഗോഡൗണുകളിലെ സ്ഥലപരിമിതി പരിഹരിക്കാനാണ് കയറ്റുമതിയെന്ന് ധനമന്ത്രി പി ചിദംബരം വിശദീകരിച്ചു. ഉത്തര്‍പ്രദേശില്‍ ജനുവരി 14ന് ആരംഭിക്കുന്ന മഹാകുംഭമേളയ്ക്ക് 16,200 ടണ്‍ അരിയും 9600 ടണ്‍ ഗോതമ്പും ബിപിഎല്‍ വിലയ്ക്ക് നല്‍കും. ഇതിനായി 40.60 കോടി രൂപ ചെലവുവരും. 800 കോടി രൂപ മഹാകുംഭമേളയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ധനസഹായവും നല്‍കിയിട്ടുണ്ട്. ഗോതമ്പിന് 2012-13 വര്‍ഷത്തിലേക്ക് സംഭരണവില 1350 രൂപയായി നിശ്ചയിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 65 രൂപ കൂടുതലാണിത്.

deshabhimani

No comments:

Post a Comment