Tuesday, December 25, 2012

ഈശ്വരപ്പയുടെ വസതികളില്‍ നിന്ന് കള്ളപ്പണവും സ്വര്‍ണവും പിടിച്ചു


ബിജെപിക്ക് വന്‍ നാണക്കേടുണ്ടാക്കി, കര്‍ണാടക ഉപ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയുടെ വസതികളില്‍നിന്ന് കള്ളപ്പണവും സ്വര്‍ണ-വെള്ളി ശേഖരവും പിടികൂടി. ബംഗളൂരുവിലും ശിവമോഗയിലും ഈശരപ്പയുടെ പേരിലുള്ള എട്ടു കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച ഒരേസമയം ലോകായുക്ത പൊലീസ് നടത്തിയ റെയ്ഡില്‍ 10.9 ലക്ഷം രൂപയും 1.9 കിലോ സ്വര്‍ണവും 37 കിലോ വെള്ളിയുമാണ് കണ്ടെത്തിയത്. തെരച്ചില്‍ രാത്രിയും തുടരുമെന്ന് ലോകായുക്ത പൊലീസ് അറിയിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ്കൂടിയായ ഈശ്വരപ്പ ജഗദീഷ് ഷെട്ടാര്‍ മന്ത്രിസഭയില്‍ റവന്യൂ, ഗ്രാമവികസനം, പഞ്ചായത്തീരാജ് തുടങ്ങിയ വകുപ്പുകളാണ് വഹിക്കുന്നത്. ഈശ്വരപ്പയുടെ മകന്‍ കെ ഇ കന്തേഷും മരുമകള്‍ ശാലിനിയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ 15ന് ശിവമോഗ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ലോകായുക്ത കേസെടുത്തെങ്കിലും സ്വകാര്യ പരാതിയെ തുടര്‍ന്നുള്ള കേസായതിനാല്‍ രാജിവയ്ക്കാന്‍ തയ്യാറല്ലെന്ന് ഈശ്വരപ്പ പ്രഖ്യാപിച്ചിരുന്നു. റെയ്ഡ് വിവരങ്ങള്‍ പുറത്തുവന്നതോടെ ഈശ്വരപ്പയുടെ രാജി ആവശ്യം ശക്തമായി.


മോഡിക്ക് ഭരിക്കാന്‍ 150 കോടിയുടെ "പഞ്ചാമൃതം"

അഹമ്മദാബാദ്: മൂന്നാംതവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോഡിക്ക് ഭരിക്കാന്‍ 150 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പുതിയ ഓഫീസ്. "പഞ്ചാമൃത്" എന്ന പേരില്‍ ഗാന്ധിനഗറില്‍ നിര്‍മിച്ച ഓഫീസ് "ബുള്ളറ്റ് പ്രൂഫ്" കവചത്തോടെയുള്ളതാണ്. "അശുഭദിനങ്ങള്‍" കഴിഞ്ഞശേഷം ജനുവരി പകുതിയില്‍ മോഡി പുതിയ ഓഫീസിലേക്ക് മാറും. കെട്ടിടത്തിലെ "നോര്‍ത്ത് ബ്ലോക്കി"ലാണ് മോഡിയുടെ ഓഫീസ്. ഒരുവര്‍ഷം മുമ്പാണ് 35,000 ചതുരശ്ര അടിയില്‍ നാലുനില ഓഫീസ് കെട്ടിടം നിര്‍മിച്ചത്. ഡല്‍ഹി സെക്രട്ടറിയറ്റ് മാതൃകയില്‍ ഒരു "സൗത്ത്ബ്ലോക്ക്" പഞ്ചാമൃതത്തിലും നിര്‍മിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്കിലാണ്. മോഡിയുടെ താല്‍പ്പര്യങ്ങള്‍ പാലിച്ചാണ് ഓഫീസ് മന്ദിരം നിര്‍മിച്ചത്. ജനലുകളിലും വാതിലുകളിലും ബുള്ളറ്റ് പ്രൂഫ് കവചവും സിസി ടിവി നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


deshabhimani 251212

No comments:

Post a Comment