Saturday, December 29, 2012

എഫ്സിഐ തൊഴിലാളികളുടെ സ്ഥിതി ദയനീയം: എ സമ്പത്ത്


കേരളത്തിലെ എഫ്സിഐ ഗോഡൗണുകളിലെ തൊഴിലാളികള്‍ക്കു നേരേയുള്ള നിര്‍ദയ ചൂഷണം സ്ഫോടനാത്മകമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് എഫ്സിഐ വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ സമ്പത്ത് എംപിയും ജനറല്‍ സെക്രട്ടറി അഡ്വ. ഷാനവാസ്ഖാനും പറഞ്ഞു. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ വി തോമസുമായി ചര്‍ച്ച നടത്തിയശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

തുച്ഛമായ കൂലിക്ക് തൊഴിലാളികളെക്കൊണ്ട് കഠിനാധ്വാനം ചെയ്യിക്കുകയാണ്. ഗുഡ്സ് വാഗണുകളില്‍നിന്ന് ചാക്കുകള്‍ ചുമലിലേറ്റി ഗോഡൗണിലെ 20 അട്ടി വരെ മുകളില്‍ കൊണ്ടുപോയി വയ്ക്കേണ്ട തൊഴിലാളികള്‍ അവരുടെ ശേഷിയുടെ പതിന്‍മടങ്ങ് ഉപയോഗിച്ചാണ് തൊഴില്‍ ചെയ്യുന്നത്. ഒരു ദിവസം ശരാശരി 100 ചാക്കു വരെയാണ് ഒരു തൊഴിലാളിക്ക് ഇങ്ങനെ മാറ്റാന്‍ കഴിയുക. എന്നാല്‍ 800 ചാക്കുവരെ എടുപ്പിക്കുന്നു. ബക്രീദിനു മുമ്പ് കൊല്ലം ഗോഡൗണില്‍ 900 ചാക്കുവരെ ഇങ്ങനെ എടുപ്പിച്ചു. എഫ്സിഐ ഗോഡൗണുകളിലെ തൊഴിലാളികള്‍ പണിമുടക്കിയാല്‍ ജനങ്ങളെ പട്ടിണിക്കിടാനാണെന്ന പ്രചാരണമുണ്ടാകും. എന്നാല്‍, അവിടെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. 145 രൂപയാണ് മിനിമം കൂലി. ട്രെയിനുകളില്‍നിന്ന് നിശ്ചിത സമയത്തിനകം ചാക്കുകള്‍ മാറ്റിയില്ലെങ്കില്‍ റെയില്‍വേയ്ക്ക് നല്‍കേണ്ട നഷ്ടപരിഹാരം തൊഴിലാളികളില്‍നിന്നാണ് ഈടാക്കുന്നത്. തൊഴിലാളികളുടേതല്ലാത്ത കാരണംകൊണ്ട് ധാന്യം നശിച്ചുപോയാല്‍, അത് വാര്‍ത്തയായാല്‍, തൊഴിലാളികളോടാണ് അധികൃതര്‍ പ്രതികാരം തീര്‍ക്കുന്നത്. തൃശൂരില്‍ ഇങ്ങനെ വാര്‍ത്ത പുറത്തുവന്നതിന് അസോസിയേഷന്‍ നേതാവ് എന്‍ പീതാംബരനെ തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റി. എഫ്സിഐയില്‍ ഇതുവരെ സ്ഥിരപ്പെടുത്താത്ത തൊഴിലാളിയെ ഇങ്ങനെ സ്ഥലംമാറ്റിയത് നിയമവിരുദ്ധമാണ്. എഫ്സിഐ എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സാമുവല്‍ ജോസഫിനെ തൃശൂരില്‍നിന്ന് കര്‍ണാടകത്തിലേക്കാണ് സ്ഥലം മാറ്റിയത്. പതിറ്റാണ്ടുകളായി പണിയെടുക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള ആവശ്യം തള്ളിക്കളയുന്ന മാനേജ്മെന്റ് സ്ഥിരമല്ലാത്ത തൊഴിലാളികളെ നിയമവിരുദ്ധമായി സ്ഥലം മാറ്റുന്നു. നിയമവിരുദ്ധമായ സ്ഥലംമാറ്റം ഉടന്‍ പിന്‍വലിക്കണം. ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനും ചൂഷണത്തിനുമെതിരെ സമരം നടത്തേണ്ടി വരുമെന്ന് ഇരുവരും മുന്നറിയിപ്പ് നല്‍കി.

deshabhimani 291212

No comments:

Post a Comment