Sunday, December 23, 2012
ഡാനിയല്‍ വരയ്ക്കുന്നു തൊഴിലാളികളുടെ ജീവിതങ്ങളിലൂടെ
ഓസ്ട്രേലിയന്‍ കലാകാരന്‍ ഡാനിയല്‍ കോണല്‍ വരച്ചുകൊണ്ടേയിരിക്കുകയാണ്. ഫോര്‍ട്ട്കൊച്ചിയിലെ പരിചിതമുഖങ്ങളെയെല്ലാം തന്റെ ചാര്‍ക്കോള്‍ പെന്‍സിലിലൂടെ ക്യാന്‍വാസിലേക്ക് ആവാഹിക്കുകയാണ് ഡാനിയല്‍. അക്രമികള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ക്യാന്‍വാസിന്റെ വലുപ്പം വര്‍ധിപ്പിക്കുകയാണ് ഡാനിയല്‍ കോണല്‍. ഫോര്‍ട്ട്കൊച്ചി കാര്‍ണിവല്‍ ഓഫീസിനുമുന്നിലെ തട്ടുകടക്കാരന്‍ അച്ചുവിന്റെ ചിത്രത്തില്‍ തുടങ്ങിയ വരയുടെ ഉത്സവം മത്സ്യത്തൊഴിലാളികളിലേക്കു നീളുന്നു. ബെഞ്ചമിന്‍, അനിഫ്, പീറ്റര്‍, ജോസഫ്, സെയ്ഫു, വര്‍ഗീസ്, ഫെലിക്സ്..... ഡാനിയല്‍ കോണലിന്റെ ശ്രമം ഓരോ ഫോര്‍ട്ട്കൊച്ചിക്കാരനെയും തന്റെ ഹൃദയത്തില്‍ സ്വീകരിക്കുകയാണ്, വരയിലൂടെ. തട്ടുകടക്കാരന്‍ അച്ചു എന്ന എന്‍ പി അഷ്റഫിന്റെ ചിത്രം കഴിഞ്ഞ തിങ്കളാഴ്ചയാണ് കാര്‍ണിവല്‍ ഓഫീസിന്റെ മതിലില്‍ ഡാനിയല്‍ കോണല്‍ കരിയുപയോഗിച്ചു വരഞ്ഞത്. രണ്ടു ദിവസത്തിനകം ചില സാമൂഹ്യവിരുദ്ധര്‍ അതു ചുരണ്ടി നശിപ്പിച്ചെങ്കിലും ഒറ്റദിവസംകൊണ്ട് ഡാനിയല്‍ കോണല്‍ അത് പുനഃസൃഷ്ടിച്ചു. മാത്രമല്ല അടുത്തദിവസം അതിനു സമീപത്തുതന്നെ മറ്റൊരു ചിത്രവും ഡാനിയല്‍ വരച്ചു. 27 വര്‍ഷമായി അച്ചുവിന്റെ സഹായിയായി തട്ടുകടയില്‍ ജോലിചെയ്യുന്ന വൈക്കം സ്വദേശി കെ ജി ഗോപിയുടെ ചിത്രമാണ് അത്. ഈ രണ്ടു പോര്‍ട്രേറ്റുകള്‍ക്കു ശേഷമാണ് ഫോര്‍ട്ട്കൊച്ചിയിലെ മത്സ്യത്തൊഴിലാളികളിലേക്ക് ഡാനിയല്‍ കോണല്‍ ഇറങ്ങിച്ചെന്നത്.
മറ്റുള്ളവരുടെയും തങ്ങളുടെയും വിശപ്പടക്കാന്‍ വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളോടുള്ള ആദരവാണ് താന്‍ ചിത്രങ്ങളിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ഡാനിയല്‍ കോണല്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അനവധി പോര്‍ട്രേറ്റുകള്‍ സൃഷ്ടിക്കാനുള്ള ശ്രമം ഡാനിയല്‍ തുടങ്ങിക്കഴിഞ്ഞു. വെള്ള പേപ്പറില്‍ ചാര്‍ക്കോള്‍ പെന്‍സിലുപയോഗിച്ച് വരച്ചെടുത്ത ചിത്രങ്ങള്‍ ലാമിനേറ്റ്ചെയ്ത് സൂക്ഷിക്കുകയാണ്. ഇനി അവ വലിയൊരു മതിലില്‍ പൊതുപ്രദര്‍ശനത്തിനുവയ്ക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇതിനായി ബിനാലെ സംഘാടകരെ സമീപിച്ചിട്ടുണ്ട്. കൊച്ചിന്‍ കാര്‍ണിവല്‍ സംഘാടകരുമായി ബന്ധപ്പെട്ട് ഡാനിയലിന്റെ പോര്‍ട്രെയ്റ്റ്മേള ഒരുക്കാന്‍ അവസരം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിനാലെ സംഘാടകര്‍. ഡാനിയലിന്റെ ഈ ശ്രമത്തെ സ്വാഗതംചെയ്യുന്നുവെന്നും അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുമെന്നും കൊച്ചിന്‍ കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ എസ് ബി അലിബാവ, ജനറല്‍ സെക്രട്ടറി ജോസ് എഡ്വിന്‍, അഡൈ്വസര്‍ പി ജെ ജോസി എന്നിവര്‍ അറിയിച്ചു.
deshabhimani 231212
Labels:
കല
Subscribe to:
Post Comments (Atom)
No comments:
Post a Comment