കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ആവേഗം പകര്‍ന്ന ദേശമാണ് അവിണിശേരി. ക്ഷേത്രപ്രവേശനം, വിജാതീയ വിവാഹം, വൈക്കം -ഗുരുവായൂര്‍ സത്യഗ്രഹം, കര്‍ഷക പ്രസ്ഥാനം, ഖാദി പ്രസ്ഥാനം എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് പ്രദേശത്തിന്റെ ഉള്‍ത്തുടിപ്പുകള്‍. കണിമംഗലം കോള്‍ നിലത്തിന്റെ വടക്കേ ഭാഗത്താണ് 7.82 ചതുരശ്ര കി. മീറ്റര്‍ വിസ്തൃതിയുള്ള അവിണിശേരി പഞ്ചായത്ത്. പഞ്ചായത്ത് രൂപീകരിക്കുന്നത് 1979 ഏപ്രില്‍ ഒന്നിനാണ്. അതുവരെ വല്ലച്ചിറ, പാറളം പഞ്ചായത്തുകളുടെ ഭാഗമായിരുന്നു. പാറളം, വല്ലച്ചിറ പഞ്ചായത്തുകള്‍ക്കു മുമ്പേ കോടന്നൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്നു.
ചെറുവത്തേരി കിഴക്കേടത്ത് മനയ്ക്കല്‍ മഹര്‍ഷി വിരൂപാക്ഷന്‍ നമ്പൂതിരി നവോത്ഥാന പ്രസ്ഥാനത്തിന് അവിണിശേരിയുടെ സംഭാവനയായിരുന്നു. തോട്ടപ്പായ മഹാവിഷ്ണു ക്ഷേത്രം 1946 നവംബര്‍ 13ന് കീഴ്ജാതിക്കാര്‍ക്ക് തുറന്ന് കൊടുത്ത് നാടിന്റെ വിപ്ലവ ചിന്തകള്‍ക്ക് തീകൊളുത്തിയത് അദ്ദേഹമാണ്. മകളെ അന്യജാതിക്കാരന് ആചാരങ്ങളില്ലാതെ വിവാഹം കഴിച്ചുകൊടുത്തതും യാഥാസ്ഥിതികരെ ഞെട്ടിച്ചു. അദ്ദേഹം പണ്ഡിതനും പാരമ്പര്യ വിഷ ചികിത്സാ വിദഗ്ധനും വിഷചികിത്സാ ഗ്രന്ഥ കര്‍ത്താവുമാണ്. അദ്ദേഹത്തിന്റെ മനയില്‍ എ കെ ജിയും ഇ എം എസും സി അച്യുതമേനോനും ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. വിരൂപാക്ഷന്‍ നമ്പൂതിരിയുടെ ശിലാപ്രതിമ തോട്ടപ്പായ മഹാവിഷ്ണു ക്ഷേത്ര നടയില്‍ ചരിത്ര സ്മാരകമായി നില്‍ക്കുന്നത് അപൂര്‍വതയും അദ്ദേഹത്തോടുള്ള നാടിന്റെ ആദരവാത്സല്യവുമാണ്. ജാതി വ്യവസ്ഥക്കെതിരെ ആലത്തൂരില്‍ സ്ഥാപിച്ച ബ്രഹ്മാനന്ദ ശിവയോഗിയുടെ ആനന്ദമഹാസഭയുടെ ശാഖ 1922ല്‍ പെരിഞ്ചേരി മഠത്തില്‍ സ്ഥാപിച്ചയാളായിരുന്നു പിന്നീട് മന്ത്രിയായ കെ കൊച്ചുകുട്ടന്‍. യോഗക്ഷേമ സഭാ പ്രവര്‍ത്തനം തുടക്കത്തിലേ അവിണിശേരിയിലുണ്ടായിരുന്നു. എം ആര്‍ ബിയുടെ ഋതുമതിയിലെ ദേവകി എന്ന കഥാപാത്രം അവിണിശേരി മേലേ മുല്ലനേഴി വാസുദേവന്‍ നമ്പൂതിരിയുടെ ഭാര്യ പാര്‍വതി അന്തര്‍ജനത്തിന്റെ കഥയായി കാണുന്നവരുണ്ട്.
മുല്ലനേഴി മാഷാണ് അവിണിശേരിയുടെ മറ്റൊരു അഭിമാനമുദ്ര. 1937ല്‍ പെരിഞ്ചേരി ഗ്രാമീണവായനശാല തുടങ്ങി. 1922ലാണ് പെരിഞ്ചേരിയില്‍ എഴുത്തച്ഛന്‍ സമാജം രൂപീകരിക്കുന്നത്. വി കെ കുഞ്ഞിറ്റി എഴുത്തച്ഛനായിരുന്നു മുഖ്യപ്രവര്‍ത്തകന്‍. എഴുത്തച്ഛന്‍ എന്ന വാരികയുടെ പ്രസിദ്ധീകരണവും ഉണ്ടായി. 1922ല്‍ എഴുത്തച്ഛന്‍ ബാങ്ക് സ്ഥാപിച്ചു. അവിണിശേരിയിലെ ആദ്യ പള്ളിക്കൂടമായ പെരിഞ്ചേരി എഎല്‍പി സ്കൂളിന് നൂറ്റാണ്ടിന്റെ കഥയുണ്ട്. വി ആര്‍ കൃഷ്ണനെഴുത്തച്ഛനാണ് ഇന്നാട്ടിലെ ആദ്യ നിയമ ബിരുദധാരി. ഓട്, മരം, കശുവണ്ടി തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനും അവകാശ സമരങ്ങള്‍ക്കും നേതൃത്വംകൊടുത്ത, ഗുണ്ടാ ആക്രമണത്തിനു വിധേയനായ കമ്യൂണിസ്റ്റ് നേതാവ് പി കെ വേലായുധന്‍ 95-ാം വയസ്സിലും അവിണിശേരിയിലുണ്ട്. 1937ല്‍ കൊച്ചി ഖാദി വില്ലേജ് ഇന്‍ഡസ്്ട്രീസ് ആനക്കല്ലില്‍ പ്രവര്‍ത്തമാരംഭിച്ചു. കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് പ്രസിഡന്റും വി ആര്‍ കൃഷ്ണനെഴുത്തച്ഛന്‍ സെക്രട്ടറിയും ഇ ഇക്കണ്ടവാര്യര്‍, ആര്‍ കൃഷ്ണയ്യര്‍ എന്നിവര്‍ അംഗങ്ങളുമായ സ്ഥാപനം 1941ല്‍ അഖിലേന്ത്യാ ചര്‍ക്കാ കേന്ദ്രം ഏറ്റെടുത്തു. ദണ്ഡിയാത്രയില്‍ പങ്കെടുത്ത കെ ശങ്കര്‍ജിയാണ് അവിണിശേരിയിലെ ആദ്യ ഖാദി പ്രവര്‍ത്തകന്‍. ക്വിറ്റിന്ത്യാ പ്രമേയം പാസ്സാക്കിയ ബോംബെ എഐസിസി സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവേ വി ആര്‍ കൃഷ്ണനെഴുത്തച്ഛന്‍ അറസ്റ്റ് വരിച്ച് വിയ്യൂര്‍ ജയിലിലായി.
deshabhimani 311212
No comments:
Post a Comment