Wednesday, December 26, 2012

കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത തകര്‍ക്കാന്‍ സംഘടിതശ്രമം: പിണറായി


പിണറായി: കേരളം ആര്‍ജിച്ച രാഷ്ട്രീയപ്രബുദ്ധതയും ഇടതുപക്ഷബോധവും തകര്‍ക്കാന്‍ സംഘടിതശ്രമം നടക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആള്‍ദൈവങ്ങളും ജാതിമത ശക്തികളും വര്‍ഗീയവാദികളുമെല്ലാം ഇതിനു പിന്നിലുണ്ട്. സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തെറ്റായ വഴിയിലേക്ക് നാടിനെ നയിക്കാനുള്ള ഏതു ശ്രമത്തെയും ശക്തമായി പ്രതിരോധിക്കണമെന്നും പിണറായി പറഞ്ഞു. പിണറായി-പാറപ്രം സമ്മേളനത്തിന്റെ 73-ാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപ്രബുദ്ധമായ നാടിനെ മാറ്റിത്തീര്‍ക്കാന്‍ കാലേക്കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് വലതുപക്ഷ ശക്തികള്‍ നീങ്ങുന്നത്. ഒരുകാലത്ത് സമൂഹം തള്ളിക്കളഞ്ഞ തെറ്റായ പല ആചാരങ്ങളും തിരിച്ചുവരികയാണ്. ജനംമുതല്‍ മരണംവരെയുള്ള ചടങ്ങുകളില്‍ പലതിലും വലിയ മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇതു കണ്ടില്ലെന്ന് നടിച്ചതുകൊണ്ട് കാര്യമില്ല. പല രീതിയില്‍ ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. മനുഷ്യദൈവങ്ങളെയും ഇക്കൂട്ടത്തില്‍ കാണണം. ഇവരെല്ലാം ചേര്‍ന്ന് വളര്‍ന്നുവരുന്ന തലമുറയെ തെറ്റായ വഴിയിലേക്കാണ് നയിക്കുന്നത്. മദ്യപാനാസക്തി വര്‍ധിക്കുന്നു. ജാതീയമായ വേര്‍തിരിവിനുള്ള ശ്രമവുമുണ്ട്. ജാതിസംഘടനകള്‍ ഒത്തുചേര്‍ന്ന് ഹൈന്ദവ ഏകീകരണമെന്ന മുദ്രാവാക്യം വെറുതെ ഉയര്‍ത്തിയതല്ല. രാഷ്ട്രീയപാര്‍ടി രൂപീകരിക്കുമെന്നാണ് പറയുന്നത്. ജാതിസംഘടനകളുടെ നേതൃത്വത്തില്‍ നേരത്തെയുണ്ടായിരുന്ന രാഷ്ട്രീയപാര്‍ടികള്‍ തകര്‍ന്നടിഞ്ഞത് നാം കണ്ടതാണ്. ഓരോ മതവിഭാഗത്തിനും പ്രത്യേകം പഠനസൗകര്യം വേണമെന്ന അപകടകരമായ വാദമടക്കം ഉയരുന്നു. അന്യമതസ്ഥരുമായി ബന്ധപ്പെടരുതെന്നാണ് പറയുന്നത്. അന്യമതസ്ഥരുമായി ബന്ധപ്പെട്ടാല്‍ അത് ചോദ്യംചെയ്യുന്നു. മതവര്‍ഗീയ ശക്തികള്‍ ഡ്രസ് കോഡ് ഉള്‍പ്പെടെ അടിച്ചേല്‍പ്പിക്കുന്നു. തെറ്റായ വഴിയിലേക്ക് നാടിനെ നയിക്കുന്നതിനെ ചോദ്യംചെയ്യണം. തെറ്റായ ഒരു കാര്യവും വകവച്ചുതരില്ലെന്ന് പറയണം. സമൂഹത്തെ പിറകോട്ട് നയിക്കാനുള്ള ഏതു നീക്കത്തെയും അതിശക്തമായി ചെറുക്കണം- പിണറായി പറഞ്ഞു.


ആള്‍ദൈവങ്ങള്‍ കമ്യൂണിസ്റ്റുകാരെ തോണ്ടേണ്ട

പിണറായി: ആള്‍ദൈവങ്ങളാരും കമ്യൂണിസ്റ്റുകാരെ തോണ്ടാന്‍ വരേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാറപ്രം സമ്മേളനത്തിന്റെ 73-ാം വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റുകാര്‍ അപകടകാരികളാണെന്നാണ് ഒരു മനുഷ്യദൈവം പറഞ്ഞത്. എന്തിന് കമ്യൂണിസ്റ്റുകാരെ ആക്രമിക്കുന്നു? അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന യോഗവിദ്യയെക്കുറിച്ചൊന്നും ഞങ്ങള്‍ക്ക് ആക്ഷേപമില്ല. അതിന്റെ പേരില്‍ കമ്യൂണിസ്റ്റുകാരെ തോണ്ടുന്ന പരിപാടി വേണ്ട. പ്രസിദ്ധരായ ആത്മീയാചാര്യന്മാര്‍ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. ദീര്‍ഘകാലത്തെ സാധനയിലൂടെയാണ് അവര്‍ ആ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. എന്നാല്‍, ഇന്നത്തെ മനുഷ്യദൈവങ്ങള്‍ കൃത്യമായ മാര്‍ക്കറ്റിങ്ങിലൂടെയാണ് നീങ്ങുന്നത്. മനുഷ്യദൈവങ്ങള്‍ മാത്രമല്ല ഇതിനു പിന്നില്‍. കേരളത്തിന്റെ പൊതുസാമൂഹ്യാന്തരീക്ഷം തകരണമെന്ന് കരുതുന്ന ശക്തികളെല്ലാം ഇതിനൊപ്പമുണ്ട്- പിണറായി പറഞ്ഞു.


deshabhimani

No comments:

Post a Comment