Monday, December 31, 2012

അഞ്ചാംമന്ത്രി മുതല്‍ വിസി വരെ; വിവാദങ്ങള്‍ വരിവരിയായ്


മലപ്പുറം: വിവാദങ്ങളുടെ വര്‍ഷമായിരുന്നു ജില്ലയ്ക്ക് 2012. അഞ്ചാംമന്ത്രി മുതല്‍ കലിക്കറ്റ് സര്‍വകലാശാലയിലെ വൈസ്ചാന്‍സലര്‍ നിയമനവും ഭൂമിദാനവുമെല്ലാം രാഷ്ട്രീയത്തെ കലുഷിതമാക്കി. പി കെ ബഷീര്‍ എംഎല്‍എയുടെ കൊലവിളി പ്രസംഗവും കുനിയില്‍ ഇരട്ടക്കൊലപാതകവും പൊതുസമൂഹത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കി. ഭരണരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള അഴിമതികളും സ്വജനപക്ഷപാതവും പുറത്തുകൊണ്ടുവരുന്നതില്‍ "ദേശാഭിമാനി" നിസ്തുല പങ്കുവഹിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റനാള്‍ മുതല്‍ അഞ്ചാംമന്ത്രിസ്ഥാനം വിവാദ വിഷയമായിരുന്നു. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച മന്ത്രി പദവി ലഭിക്കാത്തത് രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ വാഗ്വാദങ്ങള്‍ക്കും വാക് യുദ്ധങ്ങള്‍ക്കും അരങ്ങൊരുക്കി. ഒരുഭാഗത്ത് ലീഗ് മന്ത്രിമാരും നേതാക്കളും അഞ്ചാംമന്ത്രിക്കായി അവകാശ വാദമുയര്‍ത്തിയപ്പോള്‍ ആര്യാടന്‍ മുഹമ്മദ് എതിര്‍ചേരിയില്‍ ഉച്ചത്തില്‍ ശബ്ദിച്ചു. ഒടുവില്‍ ഒരുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മഞ്ഞളാംകുഴി അലിക്ക് മന്ത്രിക്കസേര ലഭിച്ചപ്പോഴേക്കും അതിന്റെ പുതുമ നഷ്ടമായിരുന്നു. കലിക്കറ്റ് സര്‍വകലാശാലാ വി സി നിയമനം സംസ്ഥാനത്തുതന്നെ ഏറെ ചര്‍ച്ചാവിഷയമായി. മുന്‍ പിഎസ്സി അംഗവും റിട്ട. ഹൈസ്കൂള്‍ അധ്യാപകനുമായ പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി പി അബ്ദുല്‍ ഹമീദിനെ വിസിയാക്കാനാണ് ഭരണത്തിന്റെ പിന്‍ബലത്തില്‍ മുസ്ലിംലീഗ് ശ്രമിച്ചത്. "ദേശാഭിമാനി"യാണ് ഇത് പുറത്തുകൊണ്ടുവന്നത്. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് തീരുമാനം റദ്ദാക്കുകയായിരുന്നു.

വിസിയായെത്തിയ അബ്ദുള്‍ സലാമും വിവാദങ്ങളുടെ തോഴനായി. ഇദ്ദേഹവും യുഡിഎഫ് നോമിനേറ്റഡ് സിന്‍ഡിക്കേറ്റും ചേര്‍ന്ന് സര്‍വകലാശാല ഭൂമി സ്വന്തക്കാരും ബന്ധുക്കളും ഉള്‍പ്പെട്ട ട്രസ്റ്റുകള്‍ക്ക് സൗജന്യമായി കൈമാറനുള്ള നീക്കമാണ് നടന്നത്. ഇതും പുറത്തുകൊണ്ടുവന്നത് ദേശാഭിമാനിയാണ്. പൊതുസമൂഹം വിഷയം ഏറ്റെടുത്തതോടെ തീരുമാനത്തില്‍നിന്ന് പിന്തിരിയാന്‍ അധികൃതര്‍ നിര്‍ബദ്ധരായി.

ലീഗ് എംഎല്‍എ പി കെ ബഷീര്‍ നടത്തിയ കൊലവിളി പ്രസംഗമാണ് പോയവര്‍ഷത്തിലെ മറ്റൊരു പ്രധാന സംഗതി. മുമ്പ് അധ്യാപകന്‍ ലീഗ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് മരിച്ച കേസില്‍ സാക്ഷിപറയാന്‍ പോകുന്നവര്‍ വീട്ടില്‍ തിരിച്ചെത്തില്ലെന്ന് ഭീഷണിപ്പെടുത്തിയ എംഎല്‍എ ഇത്തവണ കുനിയില്‍ ഇരട്ടക്കൊലപാതകത്തിന് മുമ്പാണ് വിവാദ പ്രസംഗം നടത്തിയത്. എംഎല്‍എയുടെ പ്രസംഗത്തില്‍ ആവേശം കൊണ്ടാണ് ലീഗ് പ്രവര്‍ത്തകര്‍ കൊലപാതകം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി മരിച്ചവരുടെ ബന്ധുക്കള്‍രംഗത്തെത്തിയതോടെ പി കെ ബഷീര്‍ കേസില്‍ പ്രതിയായി. എന്നാല്‍ ഭരണസ്വാധിനം ഉപയോഗിച്ച് കേസില്‍നിന്ന് ഇദ്ദേഹം രക്ഷപ്പെടുന്ന കാഴ്ചയ്ക്കും ജില്ല സാക്ഷ്യം വഹിച്ചു. അരീക്കോട് കുനിയിലില്‍ സഹോദരങ്ങളെ ലീഗുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചു. ഫുട്ബോള്‍ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ച ലീഗിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഒന്നിനുപിറകെ ഒന്നായി ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയും ഒടുവില്‍ ജയിലിലായി. എന്നാല്‍ വിദേശത്തേക്ക് കടന്ന പ്രതികളെ പിടികൂടാന്‍ മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണസംഘത്തിനായിട്ടില്ല.

deshabhimani 311212

No comments:

Post a Comment