Thursday, December 27, 2012

സപ്ലൈകോയില്‍ വന്‍പയറിനും പച്ചരിക്കും വിലകൂട്ടി


സപ്ലൈകോയില്‍ വന്‍പയറിനും പച്ചരിക്കും കുത്തനെ വിലകൂട്ടി. ക്രിസ്മസ് വിപണിക്കിടെയാണ് പയറിന് മൂന്നിരട്ടി വിലകൂട്ടിയത്. വിലവര്‍ധന കഴിഞ്ഞ ആഴ്ചമുതല്‍ പ്രാബല്യത്തില്‍വന്നു. സബ്സിഡി ഇനത്തില്‍ ഉള്‍പ്പെട്ട വന്‍പയറിന് നേരത്തെ 26.50 രൂപയായിരുന്നു വില. ഒറ്റയടിക്ക് ഇത് 67.50 രൂപയായാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വന്‍പയര്‍ സപ്ലൈകോ വിപണിയില്‍ ലഭ്യമായിരുന്നില്ല. ക്രിസ്മസ് വിപണിയില്‍ സാധനം എത്തിച്ചപ്പോഴാണ് അധികൃതര്‍ കുത്തനെ വിലകൂട്ടിയത്. സപ്ലൈകോ മെട്രോ ബസാറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാത്രമാണ് ഇവ വില്‍പ്പനയ്ക്കുള്ളത്.

പച്ചരിയുടെ വില 16 രൂപയില്‍നിന്നും 21 രൂപയായാണ് വര്‍ധിപ്പിച്ചത്. ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടിയുടെ പര്‍ച്ചേസ് ഓര്‍ഡറാണ് സപ്ലൈകോ മുമ്പ് നല്‍കാറുള്ളത്. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ സപ്ലൈകോ ഇത് ഒന്നര ഇരട്ടിയായി ചുരുക്കി. ഇതോടെ അവശ്യസാധനങ്ങള്‍ വിപണിയില്‍ ലഭ്യമല്ലാതായി. ഇ- ടെന്‍ഡര്‍ വഴി വാങ്ങുന്ന പച്ചരി സ്റ്റോക്ക് തീര്‍ന്നതാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അധികതുകയുടെ അരിവാങ്ങാന്‍ സപ്ലൈകോയെ നിര്‍ബന്ധിതമാക്കിയത്. അധികബാധ്യത ഉപഭോക്താക്കളുടെ ചുമലില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു.

പര്‍ച്ചേസ് ഓര്‍ഡര്‍ വെട്ടിക്കുറച്ചതിനാല്‍ സബ്സിഡി സാധനങ്ങളുടെ ദൗര്‍ലഭ്യം ക്രിസ്മസ് വിപണിയില്‍ പ്രതിഫലിച്ചു. പഞ്ചസാര ഉള്‍പ്പെടെ പല ഇനങ്ങളും ആവശ്യക്കാര്‍ക്ക് ലഭിച്ചില്ല. നാമമാത്ര അളവിലാണ് പലയിടത്തും പഞ്ചസാര വിതരണം ചെയ്തത്. മിക്കയിടങ്ങളിലും ഇത് ക്രിസ്മസിന് മുമ്പെ തീര്‍ന്നു. സബ്സിഡി ഇനത്തില്‍ പെട്ട കടല, ഉഴുന്ന്, പരിപ്പ്, മുളക്, മല്ലി, ചെറുപയര്‍ തുടങ്ങിയ ഇനങ്ങളും മാവേലി സ്റ്റോറുകളില്‍ ഉള്‍പ്പടെ ലഭ്യമല്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അവശ്യവസ്തുക്കളുടെ സബ്സിഡി എടുത്തുകളയുന്നത് പതിവായി. ജീരകം, ഉലുവ, കടുക് എന്നിവയെ സബ്സിഡി സാധനങ്ങളുടെ പട്ടികയില്‍നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. ജയ, കുറുവ, മട്ട എന്നീ അരി ഇനങ്ങള്‍ പകരമായി ഉള്‍പ്പെടുത്തിയെങ്കിലും ഇവ നാമമാത്രമായാണ് വിതരണം ചെയ്യുന്നത്.

deshabhimani 271212

No comments:

Post a Comment