Tuesday, December 25, 2012
പ്ലാറ്റ്ഫോം ടിക്കറ്റ് ഉണ്ടെങ്കില്‍ പോലും നഷ്ടപരിഹാരം നല്‍കണം
തലേദിവസം വാങ്ങിയ ടിക്കറ്റുമായി യാത്രചെയ്തയാള്‍ ട്രെയിനില്‍നിന്നു വീണു മരിച്ചതിന് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് റെയില്‍വേ. കൈയില്‍ പ്ലാറ്റ്ഫോം ടിക്കറ്റെങ്കിലും ഉണ്ടെങ്കില്‍ അയാളെ ട്രെയിന്‍ യാത്രക്കാരനായി കരുതണമെന്ന് ഹൈക്കോടതി. ടിക്കറ്റിലെ തീയതിയില്‍ തര്‍ക്കം ഉന്നയിച്ച് നഷ്ടപരിഹാരം നിഷേധിക്കാനുള്ള റെയില്‍വേ അധികൃതരുടെ നീക്കം കേരള ഹൈക്കോടതിയാണ് തടഞ്ഞത്. വര്‍ക്കല സ്വദേശി അജിത്കുമാറാണ് ട്രെയിനില്‍നിന്നു വീണു മരിച്ചത്. 2010 ജൂലൈ എട്ടിനായിരുന്നു അപകടം. ശാസ്താംകോട്ടയ്ക്കു സമീപം ട്രെയിനില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ അജിത്കുമാര്‍ തലക്കേറ്റ പരിക്കുമൂലമാണ് മരിച്ചത്. ഇക്കാര്യം പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. റെയില്‍വേ ഇതേപ്പറ്റി തര്‍ക്കം ഉന്നയിച്ചതുമില്ല. അജിത്തിന്റെ ഭാര്യ ഭര്‍ത്താവിന്റെ മരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേ നഷ്ടപരിഹാര ട്രിബൂണലിനെ സമീപിച്ചു. ട്രിബ്യൂണല്‍ നഷ്ടപരിഹാരം അനുവദിച്ചു.
എന്നാല്‍ ട്രിബ്യൂണല്‍ വിധിക്കെതിരെ റെയില്‍വേ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അജിത്കുമാറിനെ നിയമപ്രകാരമുള്ള യാത്രക്കാരന്‍ എന്ന നിലയില്‍ കാണാനാകില്ലെന്ന വാദമാണ് ഹൈക്കോടതിയില്‍ റെയില്‍വേ ഉന്നയിച്ചത്. അജിത്കുമാറിന്റെ മൃതദേഹത്തില്‍നിന്നു കിട്ടിയ ടിക്കറ്റാണ് ഈ വാദത്തിന് ബലം നല്‍കാന്‍ റെയില്‍വേ ഉപയോഗിച്ചത്. അപകടം നടന്നത് ജൂലൈ എട്ടിനാണ്. എന്നാല്‍ വര്‍ക്കലയില്‍നിന്ന് ചെന്നൈയിലേക്കു പോകാന്‍ ജൂലൈ ഏഴിനു വാങ്ങിയ ടിക്കറ്റാണ് മൃതദേഹത്തില്‍നിന്നു കിട്ടിയത്. ഇങ്ങനെ "സാധുവല്ലാത്ത" ടിക്കറ്റുമായി യാത്രചെയ്ത അജിത്കുമാര്‍ യാത്രക്കാരനാകില്ല. അതുകൊണ്ടുതന്നെ അപകടത്തില്‍പ്പെടുന്ന യാത്രക്കാരനു ലഭിക്കേണ്ട നഷ്ടപരിഹാരം ഈ കേസില്‍ നല്‍കേണ്ടതില്ല. സാധുവായ ടിക്കറ്റ് സംബന്ധിച്ച റെയില്‍വേയുടെ നിലപാട് വിശദീകരിക്കുന്ന വിവിധ സര്‍ക്കുലറുകളും റെയില്‍വേ കൊമേഴ്സ്യല്‍ മാന്വലിലെ വ്യവസ്ഥകളുമൊക്കെ ഉദ്ധരിച്ചായിരുന്നു റെയില്‍വേയുടെ വാദം.
റെയില്‍വേ ആക്ടിലെ (1989) പ്രസക്ത വ്യവസ്ഥകളുടെ പശ്ചാത്തലത്തില്‍ വാദം കോടതി പരിശോധിച്ചു. നിയമത്തിലെ 123 (സി) (2) വകുപ്പിലാണ് ഇത്തരം അപകടത്തെപ്പറ്റി പറയുന്നത്. ഇവിടെ യാത്രക്കാരനെ നിയമം നിര്‍വചിക്കുന്നുണ്ട്. ""യാത്രക്കാരെ കയറ്റുന്ന ട്രെയിനില്‍ യാത്രചെയ്യാനായി ഏതെങ്കിലും ദിവസത്തെ സാധുവായ ടിക്കറ്റ് വാങ്ങുന്നയാളോ, സാധുവായ പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങുന്നയാളോ"" യാത്രക്കാരനാണെന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നു. യാത്രയ്ക്കിടയില്‍ അപകടത്തില്‍പ്പെടുന്ന ഒരാള്‍ക്ക് ഏതെങ്കിലും വിധത്തില്‍ നഷ്ടപരിഹാരം നിഷേധിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണ് നിയമത്തില്‍ കാണുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. "ഏതെങ്കിലും ദിവസത്തെ" ടിക്കറ്റെന്നു പറയുന്നത് അതുകൊണ്ടുതന്നെയാണ്. ടിക്കറ്റെടുത്ത തീയതിയും യാത്രചെയ്ത തീയതിയും അടുത്തടുത്ത ദിവസമാണ്. അതുകൊണ്ട് ടിക്കറ്റില്ലാ യാത്രക്കാരന്‍ എന്ന നിലയില്‍ ഇയാളെ കരുതാനുള്ള ന്യായങ്ങള്‍ റെയില്‍വേയുടെ വാദത്തിലില്ല. യാത്രചെയ്ത ദിവസത്തിന്റെ തലേദിവസം വാങ്ങിയ ടിക്കറ്റാണ് അജിത്കുമാറിന്റെ കൈയില്‍ ഉണ്ടായിരുന്നത് എന്നതുകൊണ്ടു മാത്രം അയാള്‍ നിയമപ്രകാരമുള്ള യാത്രക്കാരനല്ലെന്നു വാദിക്കാനാവില്ല. അതുകൊണ്ട് നിയമത്തിലെ 124 എ വകുപ്പനുസരിച്ച് യാത്രക്കാരന്‍ നഷ്ടപരിഹാരത്തിന് അര്‍ഹനാണ്. ഇക്കാര്യത്തില്‍ റെയില്‍വേ ട്രിബൂണല്‍ വിധി തീര്‍ത്തും ശരിയാണ്- ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, കെ വിനോദ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു. 2012 ആഗസ്ത് 22നായിരുന്നു വിധി.
-അഡ്വ. പി കെ രാമദാസ്, മാന്നാര്‍ deshabhimani
Labels:
കോടതി,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment