Wednesday, December 26, 2012

ചൈനയില്‍ അണുബോംബിടാന്‍ അമേരിക്ക ആലോചിച്ചു


വാഷിങ്ടണ്‍: 1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ തുടര്‍ന്ന് ചൈനയില്‍ അണുബോംബിടാന്‍ അമേരിക്ക ആലോചിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍. ചൈനയോട് ഇന്ത്യ തോല്‍ക്കുന്നത് തടയാനാണ് അമേരിക്ക ഈ രീതിയില്‍ ചിന്തിച്ചതെന്ന് കഴിഞ്ഞദിവസം പുറത്തിറക്കിയ "ലിസണിങ് ഇന്‍: ദ സീക്രട്ട് വൈറ്റ് ഹൗസ് റെക്കോര്‍ഡിങ്സ് ഓഫ് ജോണ്‍ എഫ് കെന്നഡി" എന്ന പുസ്തകത്തില്‍ പറയുന്നു. 1963 മെയ് ഒമ്പതിനു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രസിഡന്റ് കെന്നഡി പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് ഈ വാദം ഗ്രന്ഥകര്‍ത്താക്കള്‍ സമര്‍ഥിക്കുന്നത്. ഇന്ത്യയെ വീണ്ടും ആക്രമിക്കാന്‍ ചൈന തുനിഞ്ഞാല്‍ അവര്‍ക്കെതിരെ അണുവായുധം ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിവരുമെന്നാണ് കെന്നഡി പറയുന്നത്. അന്നത്തെ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് മക്നമാറയും സേനാമേധാവികളുടെ സംയുക്തസമിതി ചെയര്‍മാന്‍ മാക്സ്വെല്‍ ഡാവന്‍പോര്‍ട്ട് മാക്സ് ടെയ്ലറുമാണ് വൈറ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. വൈറ്റ് ഹൗസില്‍ കെന്നഡിയുടെ സംഭാഷണങ്ങളുടെയും ചര്‍ച്ചകളുടെയും ശബ്ദറെക്കോഡിങ്ങുകളുടെ ശേഖരമാണ് ടെഡ് വിഡ്്മെറും കെന്നഡിയുടെ മകള്‍ കരോലിന്‍ കെന്നഡിയും ചേര്‍ന്നെഴുതിയ പുസ്തകം. വൈറ്റ് ഹൗസില്‍ പ്രസിഡന്റിന്റെ ഓവല്‍ ഓഫീസിലും കാബിനറ്റ് യോഗമുറിയിലും 1962 ജൂലൈയില്‍ കെന്നഡി രഹസ്യമായി റെക്കോഡിങ് സംവിധാനം സ്ഥാപിച്ചിരുന്നു. സംഘര്‍ഷവും അഭിപ്രായഭിന്നതകളും നിറഞ്ഞ അന്തരീക്ഷത്തില്‍ പ്രസിഡന്റ് തീരുമാനങ്ങള്‍ എടുക്കുന്നതു സംബന്ധിച്ച രേഖ സൂക്ഷിക്കാനായിരുന്നു ഇത്.

ഈജിപ്തില്‍ ഭരണഘടനയ്ക്ക് കേവല അംഗീകാരം

കെയ്റോ: ഈജിപ്തില്‍ എഴുപതുശതമാനത്തോളം ജനങ്ങള്‍ ബഹിഷ്കരിച്ച ഭരണഘടനാ ഹിതപരിശോധനയില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കും മുസ്ലിം ബ്രദര്‍ഹുഡിനും താല്‍ക്കാലിക വിജയം. വെറും 30 ശതമാനം ജനങ്ങള്‍ മാത്രം വോട്ടുചെയ്ത ഹിതപരിശോധനയുടെ രണ്ടാംഘട്ടത്തിലും അംഗീകാരം കിട്ടിയതോടെ ഭരണഘടന സാങ്കേതികമായി അംഗീകരിക്കപ്പെട്ടു. ശനിയാഴ്ച 17 പ്രവിശ്യകളില്‍ നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 72 ശതമാനം പേര്‍ ഭരണഘടനയെ അംഗീകരിച്ചെന്ന് ഔദ്യോഗികകേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്ചെയ്തു. കഴിഞ്ഞ 15ന് 10 പ്രവിശ്യകളില്‍ നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 56 ശതമാനം പേര്‍ ഭരണടഘടനയെ പിന്തുണച്ചിരുന്നു. എന്നാല്‍, ഒന്നാംഘട്ടത്തില്‍ 32ഉം രണ്ടാംഘട്ടത്തില്‍ 30ഉം ശതമാനം മാത്രമായിരുന്നു പോളിങ്. രണ്ടുഘട്ടങ്ങളിലുമായി വോട്ടുചെയ്തവരില്‍ മൊത്തം 63 ശതമാനം പേര്‍ ഭരണഘടനയെ അംഗീകരിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ വാദം. അതേസമയം, ജനങ്ങളില്‍ ഭൂരിപക്ഷവും പങ്കെടുക്കാതിരുന്ന ഹിതപരിശോധനയില്‍ സാങ്കേതികമായി ഭൂരിപക്ഷം നേടിയത് മുര്‍സിക്കും ബ്രദര്‍ഹുഡിനും കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

പാര്‍ലമെന്റിന്റെ അധോസഭയിലേക്ക് അടുത്തവര്‍ഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പിനായി പ്രവര്‍ത്തനം ശക്തമാക്കുമെന്ന് പ്രതിപക്ഷത്ത മുഖ്യസംഘടനയായ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് വ്യക്തമാക്കി. "ഹിതപരിശോധനയിലൂടെ ഞങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കയാണ്. സമൂഹത്തില്‍ ഭൂരിപക്ഷവും ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്ന് തെളിഞ്ഞിരിക്കുന്നു"- മുന്നണിയുടെ വക്താവ് ഖാലിദ് ദവൂദ് പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് പുതിയ ഭരണഘടനയെന്നാണ് പ്രതിപക്ഷ പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തുന്നത്. ഇസ്ലാമിക ശരിയത്ത് നിയമങ്ങള്‍ക്ക് ആധിപത്യമുള്ള ഭരണഘടന രാജ്യത്തെ ന്യൂനപക്ഷസമുദായങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഹുസ്നി മുബാറകിനെ അധികാരഭ്രഷ്ടനാക്കിയ ജനകീയപ്രക്ഷോഭത്തിനുശേഷം ജനാധിപത്യത്തിലേക്കുള്ള ഈജിപ്തിന്റെ പ്രയാണം സുഖകരമായിരുന്നില്ല. മുസ്ലിം ബ്രദര്‍ഹുഡ് പ്രസിഡന്റായി നിയോഗിച്ച മുഹമ്മദ് മുര്‍സിയുടെ അമിതാധികാരപ്രവണതയ്ക്കും ജനാധിപത്യപ്രക്രിയയോടുള്ള വിമുഖതയ്ക്കുമെതിരെ ജനങ്ങള്‍ക്ക് വീണ്ടും തെരുവിലിറങ്ങേണ്ടിവന്നു. ഇപ്പോഴത്തെ സാങ്കേതികവിജയം ഈജിപ്തിലെ രാഷ്ട്രീയപ്രതിസന്ധിയും അഭിപ്രായഭിന്നതയും കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍.

വെനസ്വേലയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തില്ല

കരാക്കസ്: പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സത്യപ്രതിജ്ഞ വൈകാന്‍ ഇടയായാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്ന സോഷ്യലിസ്റ്റ് വിരുദ്ധരുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വെനസ്വേല ദേശീയ അസംബ്ലി പ്രസിഡന്റ് ദിയോസ്ദാഡോ കാബെല്ലോ. സാധാരണഗതിയില്‍ ജനുവരി പത്തിനാണ് എല്ലാത്തവണയും വെനസ്വേലയില്‍ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഷാവേസിന്റെ അടുത്ത ഊഴം ആരംഭിക്കേണ്ടത് ജനുവരി പത്തിനാണ്. എന്നാല്‍, അര്‍ബുദ ശസ്ത്രക്രിയക്കുശേഷം ക്യൂബയില്‍ വിശ്രമിക്കുന്ന ഷാവേസിന് ഇതിനകം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്താനാകുമോയെന്ന് വ്യക്തമല്ല.

deshabhimani

No comments:

Post a Comment