Sunday, December 30, 2012
മിച്ചഭൂമിസമരം: എ കെ ജിയുടെ ഓര്‍മകളുമായി സാംബശിവന്‍
ആധുനിക കേരളത്തിന്റെ സാമൂഹ്യജീവിതം പുതുക്കിപ്പണിത എഴുപതുകളിലെ മിച്ചഭൂമി സമരത്തില്‍ പാവങ്ങളുടെ പടത്തലവന്‍ എ കെ ജിക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ തുടിക്കുന്ന ഓര്‍മകളില്‍ ജീവിക്കുകയാണ് ഇന്നും സാംബശിവന്‍. എ കെ ജിക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം സാംബശിവനിലെ പോരാളിക്ക് ഇപ്പോഴും നിലയ്ക്കാത്ത ഊര്‍ജപ്രവാഹം. എ കെ ജിക്കൊപ്പമുള്ള അനുഭവം ദേശാഭിമാനിയുമായി പങ്കുവയ്ക്കുമ്പോള്‍ ഈ അറുപത്തിയൊമ്പതുകാരനില്‍ വര്‍ധിതാവേശം.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു ചേര്‍ന്ന വമ്പിച്ച സമരപ്രഖ്യാപന സമ്മേളനമാണ് മുടവന്‍മുഗള്‍ കൊട്ടാരവളപ്പിലെ 700 ഏക്കറോളം വരുന്ന മിച്ചഭൂമിയില്‍ സമരം നടത്താന്‍ തീരുമാനിച്ചതെന്ന് സാംബശിവന്‍ അനുസ്മരിച്ചു. മുടവന്‍മുഗള്‍ കൊട്ടാരത്തിനു സമീപത്തെ മാടക്കടയില്‍ നിന്ന് സംഘടിപ്പിച്ച സ്റ്റൂളിന്റെ സഹായത്താല്‍ അന്നു രാത്രി സാംബശിവന്‍ കൊട്ടാരമതില്‍ ചാടിക്കടന്നു. പിറ്റേദിവസം എ കെ ജി ചാടിക്കടക്കേണ്ട ഭാഗമാണിത്. അവിടെയെല്ലാം കുപ്പിച്ചില്ലു വിതറിയിരുന്നു. സാവകാശം അതെല്ലാം പെറുക്കി മാറ്റി. രാഷ്ട്രീയകേരളം ചുവന്ന ലിപികളില്‍ കൊത്തിയ സമരാനുഭവത്തിന്റെ നാന്ദി കുറിക്കലായി ആ ചാട്ടം. പിറ്റേന്നു മുടവന്‍മുഗള്‍ കൊട്ടാരത്തിലേക്കു പ്രകടനം. പതിനായിരങ്ങളാണ് ജാഥയില്‍. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ എ കെ ജിയും തെരഞ്ഞെടുക്കപ്പെട്ട 25 സമരഭടന്മാരും തലേദിവസം ഒരുക്കിയ ഭാഗത്തെത്തി. ആദ്യം എ കെ ജിയെയും പിന്നാലെ മറ്റുള്ളവരെയും സാംബശിവന്‍ കൊട്ടാരവളപ്പിലാക്കി. ഉജ്വലമായ മുദ്രാവാക്യം വിളികളുയര്‍ന്നപ്പോള്‍ മാത്രമാണ് സമരഭടന്മാര്‍ അകത്തുകയറിയ വിവരം പൊലീസ് അറിഞ്ഞത്. "അന്നത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ സി സുബ്രഹ്മണ്യം എ കെ ജിയെ തടഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. വൈകിട്ട് അഞ്ചോടെ കമീഷണര്‍ വീണ്ടുമെത്തി. അറസ്റ്റിനു വഴങ്ങാന്‍ നിര്‍ബന്ധിച്ചു. എ കെ ജി വഴങ്ങിയില്ല. ഒടുവില്‍ സമരഭടന്മാരെ അറസ്റ്റു ചെയ്തുനീക്കി. പിന്നീട് എ കെ ജിയെയും.
തിരുവനന്തപുരം സിജെഎം കോടതിയില്‍ വര്‍ക്കല രാധാകൃഷ്ണന്‍, പിരപ്പന്‍കോട് ശ്രീധരന്‍നായര്‍, കല്ലട സുകുമാരന്‍ തുടങ്ങിയവര്‍ കേസ് വാദിക്കാനെത്തി. എന്നാല്‍, എ കെ ജി സ്വയം വാദിച്ചു. എല്ലാവരെയും 15 ദിവസത്തേക്കു റിമാന്‍ഡുചെയ്തു. പിന്നീട് 15 ദിവസത്തേക്കുകൂടി റിമാന്‍ഡു നീട്ടി. ഇതിനിടെ കേസില്‍ വാദം നടന്നു. എ കെ ജി തന്നെ വാദിച്ചു. 29-ാം ദിവസം കോടതി എല്ലാവരെയും വെറുതെവിട്ടു"- സാംബശിവന്‍ ഓര്‍ക്കുന്നു. തിരുവനന്തപുരം ആയുര്‍വേദ ആശുപത്രിയില്‍ എ കെ ജി ചികിത്സയിലിരിക്കെ സഹായിയായി പാര്‍ടി നിയോഗിച്ചത് സാംബശിവനെയാണ്. പൂജപ്പുര ചിറ്റൂര്‍കോണത്തു പുത്തന്‍വീട്ടില്‍ രാമന്‍കുട്ടി പണിക്കരുടെയും സരസമ്മയുടെയും രണ്ടുമക്കളില്‍ മൂത്തയാളാണ് സാംബശിവന്‍. കൊല്ലത്തു സ്ഥിരതാമസമായിട്ട് 25 വര്‍ഷമായി. ഭാര്യ ശാരദയ്ക്കും മകന്‍ ജ്യോതിദേവ്, മരുമകള്‍ പ്രീതി, രണ്ടു കൊച്ചുമക്കള്‍ എന്നിവര്‍ക്കൊപ്പം കിളികൊല്ലൂര്‍ കല്ലുംതാഴത്ത് വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.
(എം സുരേന്ദ്രന്‍)
deshabhimani 311212
Labels:
എ.കെ.ജി,
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment