Saturday, December 29, 2012

സമരേതിഹാസം രചിക്കാന്‍ വടക്കാഞ്ചേരിയൊരുങ്ങുന്നു


തൃശൂര്‍: കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ വടക്കാഞ്ചേരി ഒരുങ്ങുന്നു. ഭൂസംരക്ഷണ സമരസമിതി നേതൃത്വത്തില്‍ ജില്ലയില്‍ ജനുവരി ഒന്നിനാരംഭിക്കുന്ന സമരത്തിന് പ്രധാനവേദിയാകുന്നത് വടക്കാഞ്ചേരിയിലെ വടക്കേക്കളം പ്ലാന്റേഷന്റെ കൈവശമിരിക്കുന്ന 73.73 ഏക്കര്‍ മിച്ചഭൂമിയാണ്. തലപ്പിള്ളി താലൂക്കില്‍ വടക്കാഞ്ചേരി, പാര്‍ളിക്കാട് വില്ലേജുകളിലായി 28 വ്യത്യസ്ത സര്‍വേ നമ്പറുകളിലായാണ് വടക്കേക്കളം പ്ലാന്റേഷന്‍ ആലപ്പി എന്ന കമ്പനി ഇത്രയും ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. കേരള ഭൂ പരിഷ്കരണ നിയമപ്രകാരം റബര്‍ തോട്ടം എന്ന നിലയില്‍ ഭൂപരിധിയില്‍ ഇളവുകിട്ടാന്‍ അര്‍ഹതയുള്ള ഈ ഭൂമി ആകെ 225. 77 ഏക്കറാണ്. അതേസമയം ഇതേ നിയമപ്രകാരം ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്നതാകട്ടെ 15 ഏക്കര്‍മാത്രം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിലേക്ക് എസ്റ്റേറ്റ് ഉടമകള്‍ 157.75 ഏക്കര്‍ ഭൂമിയാണ് തിരിച്ചേല്‍പ്പിക്കേണ്ടിയിരുന്നത്. തലപ്പിള്ളി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സര്‍വേ നടത്തി ഭൂമി തിരിച്ചേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉടമകള്‍ 16.24 ഏക്കര്‍ മാത്രം തിരികെ നല്‍കാന്‍ തയ്യാറായി. 1976 മാര്‍ച്ച് 18നാണ് ഭൂമി തിരിച്ചേല്‍പ്പിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് എസ്റ്റേറ്റ് ഉടമ ലാന്‍ഡ് ബോര്‍ഡിനും ഹൈക്കോടതിയിലും പരാതി നല്‍കി. കൈവശ ഭൂമിയില്‍ നല്ലൊരുഭാഗം കശുമാവിന്‍ തോട്ടമായിരുന്നെന്നും ലാഭകരമല്ലാത്തതിനാല്‍ 1964ലെ ഭൂപരിഷ്കരണ നിയമപ്രകാരം റബര്‍ തോട്ടമാക്കിയെന്നുമാണ് അവകാശവാദം. സ്വമേധയാ വിട്ടുകൊടുക്കാന്‍ തയ്യാറായത് കഴിച്ചുള്ള 141.51 ഏക്കര്‍ ഭൂമിക്ക് ഇളവനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉടമയുടെ വാദം അംഗീകരിക്കാതിരുന്ന ബോര്‍ഡും കോടതിയും അവസാനം ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. എല്ലാ വ്യവഹാരങ്ങള്‍ക്കും ശേഷം 73.73 ഏക്കര്‍ ഭൂമിയാണ് കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ച് എസ്റ്റേറ്റുടമ കൈവശം വച്ചിട്ടുള്ള ഭൂമിയുടെ വിസ്തീര്‍ണം 398.52 ഏക്കറാണ്. പ്ലാന്റേഷന്‍ എക്സെപ്ഷന്‍ പരിധി 262.50 ഏക്കര്‍. റബര്‍ നേഴ്സറിക്കും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി എസ്റ്റേറിനാവശ്യമുള്ളത് 15.42 ഏക്കര്‍. ഇതില്‍ കുളങ്ങള്‍, തോടുകള്‍, നീര്‍ച്ചാലുകള്‍ എന്നിവയുള്‍പ്പെടുന്ന പ്രദേശം 1.09 ഏക്കര്‍ വരും. മിച്ചഭൂമി എന്ന നിലയില്‍ കമ്പനി വിട്ടുകൊടുക്കേണ്ട ആകെ ഭൂമിയുടെ വിസ്തീര്‍ണം 89.97 ഏക്കറാണ്. 16.24 ഏക്കര്‍ കമ്പനി സ്വയം വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടുണ്ട്. ഇതിനു പുറമേയുള്ള 73.73 ഏക്കര്‍ മിച്ചഭൂമി ഏറ്റെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യണമെന്നാണ് ഭൂസംരക്ഷണ സമരസമിതി ആവശ്യപ്പെടുന്നത്. തലപ്പിള്ളി താലൂക്കില്‍ മാത്രം ഭൂരഹിതര്‍ 7,000 പേരുണ്ടെന്നാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരടക്കം ഭൂരഹിതരുടെ എണ്ണം 20,000നു മുകളില്‍ വരും.

പിണറായി ഉദ്ഘാടനം ചെയ്യും വടക്കേക്കളം പ്ലാന്റേഷനില്‍ ഒന്നിന് അവകാശം സ്ഥാപിക്കും

തൃശൂര്‍: ഭൂസംരക്ഷണ സമരസമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുവര്‍ഷത്തില്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് അവകാശം സ്ഥാപിക്കും. ഒന്നിന് രാവിലെ പത്തിന് വടക്കാഞ്ചേരി വ്യാസ കോളേജ് പരിസരത്ത് ചേരുന്ന പൊതുസമ്മേളനത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമരം ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരിയിലെ വടക്കേക്കളം പ്ലാന്റേഷന്റെ 73.73 ഏക്കര്‍ മിച്ചഭൂമിയില്‍ വളന്റിയര്‍മാര്‍ കൊടി നാട്ടിയാണ് ജില്ലയിലെ ഭൂസമരത്തിന് തുടക്കം കുറിക്കുകയെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കേരള കര്‍ഷകസംഘം, കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍, പട്ടികജാതി ക്ഷേമസമിതി, ആദിവാസി ക്ഷേമസമിതി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ രൂപീകരിച്ച ഭൂസംരക്ഷണ സമരസമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഭൂപരിഷ്കരണനിയമം അട്ടിമറിക്കാതിരിക്കുക, ആദിവാസികള്‍ക്ക് ഒരേക്കര്‍വീതം ഭൂമി നല്‍കുക, ഭൂരഹിത പട്ടികജാതിക്കാര്‍ക്ക് ഉടന്‍ ഭൂമി നല്‍കുക, ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് സമയബന്ധിതമായി ഭൂമി നല്‍കുക, നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കുക, മുഴുവന്‍ കൈവശ കൃഷിക്കാര്‍ക്കും പട്ടയം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഭൂസമരം.

ജനുവരി ഒന്നിന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നാനൂറോളം വളന്റിയര്‍മാര്‍ മിച്ചഭൂമിയില്‍ കൊടിനാട്ടി അറസ്റ്റ് വരിക്കും. രണ്ടുമുതല്‍ പത്തു വരെയുള്ള ദിവസങ്ങളില്‍ 200പേര്‍ വീതം അറസറ്റ് വരിക്കും. രണ്ടിന് കര്‍ഷകസംഘം സംസ്ഥാനകമ്മിറ്റിയംഗം അമ്പാടി വേണുവും മൂന്നിന് കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് കെ കെ ശ്രീനിവാസനും നാലിന് കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി കെ ഡേവിസും അഞ്ചിന് പട്ടികജാതി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് കെ മണിയും സമരത്തിന് നേതൃത്വം നല്‍കും. കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിയംഗം ബി ഡി ദേവസി എംഎല്‍എ ആറിനും ആദിവാസിക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ വി അയ്യപ്പനും കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി ലളിത ബാലനും ഏഴിനും കെഎസ്കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് ശങ്കരന്‍ എട്ടിനും സമരത്തിന് നേതൃത്വം നല്‍കും. ഒമ്പതിന് കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ്, പത്തിന് കെഎസ്കെടിയു ജില്ലാകമ്മിറ്റിയംഗം ടി കെ വാസു എന്നിവര്‍ നേതൃത്വം നല്‍കും. ഭൂരഹിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനുവരി 11 മുതല്‍ മിച്ചഭൂമിയില്‍ കുടില്‍കെട്ടി താമസമാരംഭിക്കും. ജില്ലയിലെ മറ്റു മിച്ചഭൂമിയിലേക്കും സമരം വ്യാപിപ്പിക്കും. ഭൂസംരക്ഷണ സമരസമിതി കണ്‍വീനര്‍ എന്‍ ആര്‍ ബാലന്‍, ചെയര്‍മാന്‍ മുരളി പെരുനെല്ലി, ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ വി അയ്യപ്പന്‍, പട്ടികജാതി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് കെ മണി, സംഘാടകസമിതി ചെയര്‍മാന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 281212

No comments:

Post a Comment