Tuesday, December 25, 2012

മര്‍മം അറിയുന്ന ഗാഡ്ഗില്‍


പുണെയിലെയും അടുത്തുള്ള ലോനാവാലയിലെയും മലനിരകളില്‍ പക്ഷികളെ നോക്കി നടന്ന മാധവ ഗാഡ്ഗില്‍ ചില്ലറക്കാരനല്ല. സ്കൂളില്‍ വികൃതിയിലും മാര്‍ക്കിലും ഒന്നാമന്‍. മലയും മരവും മലമുകളിലെ കോട്ടകളും കണ്ടും തൊട്ടും അറിഞ്ഞ മാധവന്‍ നാട്ടില്‍ ജീവശാസ്ത്രം പഠിച്ചു. ഹാര്‍വാഡില്‍ചെന്ന് പരിസ്ഥിതിയുടെ ഗണിതങ്ങളാണ് പഠിച്ചത്. തിരിച്ചെത്തുമ്പോള്‍ പരിസ്ഥിതി സ്നേഹിയില്‍നിന്ന് മരമൗലികവാദിയായി പരിണാമം. സ്വന്തം നാട്ടില്‍ ഏതാനും പക്ഷികളെയും ചെറു മൃഗങ്ങളെയുമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. എന്നിട്ടും കാടിനോട് ഒടുങ്ങാത്ത പ്രണയം. ആറു പുസ്തകങ്ങളും 214 ഗവേഷണ പ്രബന്ധങ്ങളും, എല്ലാം പരിസ്ഥിതിയെക്കുറിച്ച്. കാട് വീടാക്കിയവനെന്നു പറയാം.

ഇങ്ങ് തിരുനെല്ലിയിലോ ചിന്നാറിലോ ജനിക്കാത്തത് കേരളീയന്റെ ഭാഗ്യമെന്നേ കരുതാവൂ. പശ്ചിമ ഘട്ടമൊക്കെയാണെങ്കിലും പുണെയിലെ മലയും നമ്മുടെ ഇടുക്കി, വയനാടന്‍ കാടുകളും തമ്മില്‍ അജഗജാന്തരം. അവിടത്തെ കാഴ്ചകള്‍ കണ്ട് ഇത്രയും കടുപ്പത്തില്‍ ഒരു റിപ്പോര്‍ട്ട് കൊടുത്തെങ്കില്‍ തേക്കടിയില്‍ നാലുദിവസം താമസിപ്പിച്ച് ബോട്ട്സവാരികൂടി തരമാക്കിയെങ്കില്‍, കേരളത്തെ ഒന്നാകെ "അനാഘ്രാത പരിസ്ഥിതി കേന്ദ്ര"മാക്കാന്‍ ശുപാര്‍ശചെയ്തേനെ. ഈരാറ്റുപേട്ടക്കാരന്‍ ചീഫ് വിപ്പിനെ മധുരയിലേക്കോ തേനിയിലേക്കോ നാടുകടത്തുന്ന രംഗത്തിനും സാക്ഷിയാകാന്‍ കേരളീയന് ഭാഗ്യം കിട്ടുമായിരുന്നു. മര്‍മം അറിയുന്ന നമ്പൂതിരിക്ക് പശുവിനെ തല്ലാന്‍ കഴിയില്ല. കാണുന്നിടത്തൊക്കെ മര്‍മംതന്നെ. അതുപോലെയാണ് മാധവ ഗാഡ്ഗിലിന്റെ മനസ്സും. പശ്ചിമഘട്ടത്തില്‍ എന്തുകണ്ടാലും അത് സംരക്ഷിക്കേണ്ടതുതന്നെ. മുറ്റത്തെ മുല്ലയുടെ മണം പിടിക്കുന്ന മൂക്ക് മലയാളിക്ക് പണ്ടേ ഇല്ല. സഹ്യനും സഹ്യന്റെ മക്കളും കണ്‍മുന്നിലുണ്ട്, പക്ഷേ എത്ര വിലയുള്ളതാണെന്നറിയില്ല. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ പത്തു കേന്ദ്രങ്ങളിലൊന്നാണ് 1,600 കിലോമീറ്റര്‍ ദൈര്‍ഘ്യവും 1,60,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള പശ്ചിമഘട്ടം. ഗുജറാത്തില്‍ തുടങ്ങി മഹാരാഷ്ട്ര, ഗോവ, കര്‍ണാടകവഴി കൊങ്കണിലൂടെ തമിഴ്നാട്ടിലും കേരളത്തിലും കടന്ന് പരന്നും ഉയര്‍ന്നും കിടക്കുന്ന മലനിരകള്‍ സായ്പന്മാരെ ശരിക്കും മോഹിപ്പിച്ചിട്ടുണ്ട്. പൂവിടുന്ന അയ്യായിരം ഇനം സസ്യങ്ങളും പ്രസവിക്കുന്ന 139 ഇനം ജന്തുക്കളും 508 തരം പക്ഷികളും 179 പലവക ഉഭയജീവികളുമടക്കം ജൈവ വൈവിധ്യത്തിന്റെ കലവറതന്നെ.

ഹിമാലയത്തേക്കാള്‍ പഴക്കമുള്ള പശ്ചിമ മലനിരയെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കണം എന്ന് ഗാഡ്ഗില്‍ പറഞ്ഞതില്‍ തെല്ലുമില്ല കുഴപ്പം. സംഗതി അവിടെയല്ല, മരം മതി മനുഷ്യന്‍ വേണ്ട എന്നാണ് മരമൗലികവാദികളുടെ മാനിഫെസ്റ്റോ. പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ ഗാഡ്ഗില്‍ കമ്മിറ്റി വന്നപ്പോള്‍ത്തന്നെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കാര്യവിചാരമുള്ളവര്‍ കരുതിയിരുന്നു. റബര്‍ വെട്ടാതെ കോട്ടയത്തുകാരന് കഞ്ഞി കുടിക്കാന്‍ കഴിയുമോ?

ഏലവും ഇഞ്ചിയും കുരുമുളകും നട്ടുവളര്‍ത്താതെ ഇടുക്കിക്കാരന്‍ ഹൈറേഞ്ചില്‍ ജീവിക്കുമോ? മാധവ ഗാഡ്ഗിലിന്റെ കണക്കില്‍ കട്ടപ്പനയും തോപ്രാംകുടിയും ഏലമലക്കാടും തുല്യമാണ്. ഒരിടത്തും തൂമ്പാ പ്രയോഗിക്കരുതെന്ന്. മന്‍മോഹന്‍ജിയുടെ ഭരണം സപ്ലൈചെയ്യുന്ന വിത്തും വളവുമൊന്നും പ്രയോഗിക്കാനും പാടില്ലെന്ന്. ഒരു താലൂക്കിന്റെ പാതിയിലേറെ സ്ഥലം പശ്ചിമഘട്ടത്തിന്റെ പരിധിയില്‍വന്നാല്‍, ആ താലൂക്കാകെ അതീവ സംരക്ഷിത മേഖലയാക്കണമെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി പറയുന്നത്. റിപ്പോര്‍ട്ട് അതേപടി നടപ്പാക്കിയാല്‍ പാറശാലയിലും മഞ്ചേശ്വരത്തും ഫോറസ്റ്റ് ചെക്ക്പോസ്റ്റ് മതിയാകും. കേരള പൊലീസിനെ വനപാലകസേനയാക്കി മാറ്റേണ്ടിവരും. കേരളംപോലുള്ള ഇത്തിരിവട്ടത്ത് മഹാഭൂരിപക്ഷം സ്ഥലവും ജനവാസം നിരോധിതമാകുന്ന അവസ്ഥ ലോനാവാലയിലെ മൊട്ടക്കുന്നില്‍ കയറിനിന്നാല്‍ മനസ്സില്‍ കാണാനാകില്ല.

പ്രകൃതിയെ സംരക്ഷിക്കുന്നത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടാണോ എന്നൊന്നും ഗാഡ്ഗിലിനോട് ചോദിച്ചേക്കരുത്. മരഗീതങ്ങളേ അദ്ദേഹം കേള്‍ക്കാറുള്ളൂ. പശ്ചിമ ഘട്ടം സംരക്ഷിച്ചാല്‍പോര, ആരും തൊടാതെ സംരക്ഷിക്കണമെന്ന് അദ്ദേഹം നൂറ്റാന്നാവര്‍ത്തിക്കും. മലയാളിക്ക് പുതിയ അണക്കെട്ടും വേണ്ട; വൈദ്യുതി പദ്ധതിയും വേണ്ട. ഇടുക്കി അണക്കെട്ടുവരെ പൊളിച്ചുമാറ്റണമത്രേ. പുതിയ രീതിയനുസരിച്ച് കേരളത്തിലെ രാത്രികാല ഗതാഗതവും അടുത്തുതന്നെ നിരോധിച്ചേക്കും. അങ്ങനെ വന്നാല്‍ ആരും തടയാതെ സ്വച്ഛമായൊഴുകി അറബിക്കടലില്‍ ചേരുന്ന പെരിയാറിന്റെ പനിനീര് കണ്ട് നമുക്കിനി ഇരുട്ടത്ത് ജീവിക്കാം. പുതിയ കെട്ടിടം പാടില്ലെന്നിരിക്കെ മരച്ചില്ലകളില്‍ രാപ്പാര്‍ക്കാം. കൂട്ടിന് പക്ഷികളും മൃഗങ്ങളുമുണ്ടാകും. മലഞ്ചെരിവുകളിലെ റബര്‍കൃഷി അവസാനിപ്പിക്കേണ്ടിവരുമ്പോള്‍ പാലയിലെയും മുണ്ടക്കയത്തെയും പാവങ്ങള്‍ക്ക് കുന്നിറങ്ങി ആലപ്പുഴയ്ക്ക് പോകാം.

ഗാഡ്ഗിലിന്റെ ഉദ്ദേശ്യശുദ്ധി മഹത്തില്‍ മഹത്തരമാണ്. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ് എന്ന് ചിന്തിക്കാത്തതാണ് കുഴപ്പം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള പരിസ്ഥിതിഗണിതംമാത്രം പഠിച്ചിട്ടില്ല. മൃഗങ്ങള്‍ പ്രകൃതിയുമായി പൊരുത്തപ്പെട്ട് ജീവിക്കുമ്പോള്‍ പ്രകൃതിയെ തനിക്ക് വേണ്ട രൂപത്തില്‍ മാറ്റംവരുത്താനാണ് മനുഷ്യന്‍ പരിശ്രമിക്കുന്നത്. മൃഗങ്ങള്‍ക്ക് അധ്വാനിക്കാനുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല. മനുഷ്യന് ഈ ഉപകരണങ്ങള്‍ ഉണ്ടാക്കാനും അതുപയോഗിച്ച് പ്രകൃതിയെ മാറ്റിമറിക്കാനുമുള്ള ശേഷിയുണ്ട്. പ്രകൃതി അങ്ങനെതന്നെനിന്നാല്‍ മനുഷ്യന്‍ പുല്ലുതിന്ന് ജീവിക്കേണ്ടിവരും എന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടായാല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നല്ല കാര്യങ്ങള്‍ നടപ്പാക്കപ്പെടും; പശ്ചിമഘട്ടം തലപൊക്കിയങ്ങനെ നില്‍ക്കുകയുംചെയ്യും. റിപ്പോര്‍ട്ടിന്റെ പേരില്‍ മാധവ ഗാഡ്ഗിലിനെ പഴിക്കരുത്; ആത്മാര്‍ഥതയുടെ കടുപ്പം മനസ്സിലാക്കി പ്രതികരിക്കണമെന്നര്‍ഥം.

സൂക്ഷ്മന്‍ deshabhimani varanthapathipp 231212

No comments:

Post a Comment