Monday, December 24, 2012

ബിനാലെ സന്ദര്‍ശിക്കാന്‍ പ്രമുഖരുടെ നീണ്ടനിര


ഇറാനിയന്‍ സംവിധായകന്‍ മൊഹസിന്‍ മക്മല്‍ബഫ,് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ഇന്ത്യയിലെ സ്വിസ് അംബാസിഡര്‍ ഡോ. ലിനസ് വോണ്‍ കാസ്റ്റല്‍മര്‍, മന്ത്രി എം കെ മുനീര്‍.... ഞായറാഴ്ച ബിനാലെ വേദി സന്ദര്‍ശിച്ച പ്രമുഖരുടെ നിര നീളുന്നു. ടിക്കറ്റ്വച്ചുള്ള പ്രദര്‍ശനത്തിന്റെ ആദ്യദിവസമായ ഞായറാഴ്ച വന്‍തിരക്കാണ് ബിനാലെയില്‍ ഉണ്ടായത്. മക്മല്‍ബഫ് കുടുംബസമേതമാണ് കാണാനെത്തിയത്. ചലച്ചിത്രസംവിധായകരായ മക്കള്‍ സമീറയും ഹന്നയും മക്മല്‍ബഫിനൊപ്പമുണ്ടായി. സ്വിസ് അംബാസിഡര്‍ ഡോ. ലിനസ് വോണ്‍ കാസ്റ്റര്‍മറും എം എ ബേബിയും കുടുംബസമേതം പ്രദര്‍ശനത്തിനെത്തി. ലോകത്തെങ്ങുമുള്ള കലയുടെ വൈവിധ്യമാണ് കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രതിഫലിക്കുന്നതെന്ന് മക്മല്‍ബഫ് പറഞ്ഞു. ഇത്തരമൊരു പ്രദര്‍ശനം കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും മക്മല്‍ബഫ് വ്യക്തമാക്കി.

രണ്ടുവര്‍ഷംമുമ്പ് ബിനാലെ നടത്താന്‍ പദ്ധതിയിട്ടപ്പോള്‍ വിചാരിച്ചതിനേക്കാള്‍ വലിയ സാംസ്കാരിക ഇടപെടലാണ് കൊച്ചി-മുസിരിസ് ബിനാലെയിലൂടെ സാധിച്ചിരിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ഇക്കാര്യത്തില്‍ വിവാദം ഉണ്ടാക്കിയവരോടു തനിക്കു സ്നേഹമുണ്ട്. ബിനാലെയുമായി ബന്ധപ്പെട്ട് അര്‍ഥപൂര്‍ണമായ ഒരു സംവാദത്തിനാണ് കേരളത്തില്‍ വഴിതുറന്നിരിക്കുന്നതെന്നും ബേബി പറഞ്ഞു. നടന്‍ വിനീത്കുമാറും ബിനാലെ കാണാനെത്തി. മന്ത്രി മുനീര്‍ രണ്ടുമണിക്കൂറിലധികം ആസ്പിന്‍വാള്‍ ഹൗസിലെ സൃഷ്ടികള്‍ ചുറ്റിനടന്നുകണ്ടു. ബിനാലെയിലൂടെ കൊച്ചി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസ്അവധി കണക്കിലെടുത്ത് തിങ്കളാഴ്ച ബിനാലെവേദികള്‍ തുറക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. ശുചീകരണത്തിനും അറ്റകുറ്റപ്പണിക്കും മറ്റുമായി തിങ്കളാഴ്ചകളില്‍ അവധിയാക്കാനുള്ള തീരുമാനം താല്‍ക്കാലികമായി പിന്‍വലിച്ചു. ബിനാലെയുടെ പാസ്വില്‍പ്പന രാവിലെ കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ ടി കെ അഷ്റഫ് നിര്‍വഹിച്ചു. ഫോട്ടോഗ്രാഫര്‍മാര്‍ക്കുവേണ്ടി ക്യൂറേറ്റര്‍മാരായ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും നയിച്ച ഫോട്ടോവാക്കില്‍ നൂറോളം ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുത്തു. വൈകിട്ട് ഉക്രയിനില്‍നിന്നുള്ള റസ്റ്റം, ഒലിവ എന്നിവര്‍ നയിച്ച ക്ലൗഡ് ജാം ബാന്‍ഡിന്റെ പുതുമയാര്‍ന്ന സംഗീതവിരുന്നുമുണ്ടായി.

deshabhimani 241212

No comments:

Post a Comment