Monday, December 24, 2012

പൊട്ടിത്തെറി; രാജിഭീഷണി


രണ്ടുവര്‍ഷത്തെ മാരത്തോണ്‍ യജ്ഞത്തിനുശേഷം കെപിസിസി- ഡിസിസി ഭാരവാഹികളെ എഐസിസി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പ്രതിസന്ധികള്‍ കൂടുതല്‍ മൂര്‍ഛിച്ചു. തൃശൂരില്‍ എംഎല്‍എമാര്‍ രാജിഭീഷണി മുഴക്കി. ആഗ്രഹിച്ചത് കിട്ടാത്തവര്‍ വിവിധ ജില്ലകളില്‍ പരസ്യമായ പ്രതികരണങ്ങളോടെ പടയൊരുക്കം തുടങ്ങി. യുഡിഎഫ് സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാക്കി, അതൃപ്തി പൊട്ടിത്തെറിയിലേക്കു നീങ്ങുകയാണ്.

ഒ അബ്ദുറഹ്മാന്‍കുട്ടിയെ തൃശൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് മുന്നറിയിപ്പുനല്‍കി. ഡിസിസി ഓഫീസില്‍ ഇരുനൂറോളം പ്രവര്‍ത്തകരും നേതാക്കളും തേറമ്പില്‍ രാമകൃഷ്ണന്‍, എം പി വിന്‍സെന്റ് എന്നീ എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നശേഷമാണ് രാജിഭീഷണി ഉയര്‍ത്തിയത്. പുനഃസംഘടനാപട്ടികയ്ക്കെതിരെ രംഗത്തിറങ്ങിയവരില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനും ടി എന്‍ പ്രതാപനുമുണ്ട്.

പി സി ചാക്കോയുടെ നിര്‍ബന്ധത്താലാണ് അബ്ദുള്‍റഹ്മാന്‍ കുട്ടിയെ ഡിസിസി പ്രസിഡന്റായി ഹൈക്കമാന്‍ഡ് നിശ്ചയിച്ചത്. ഇത് "എ"യുടെ കണക്കിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടുജി സ്പെക്ട്രം അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ ചാക്കോയുമായി കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന് കെട്ടുപാടുകളുണ്ട്. ഈ സാഹചര്യമാണ് ചാക്കോ ഉപയോഗപ്പെടുത്തിയത്. ഡിസിസി പ്രസിഡന്റിനുപുറമെ രണ്ട് കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും പുനഃസംഘടനാ പട്ടികയില്‍ ചാക്കോ കയറ്റിവിട്ടു. പി രാമകൃഷ്ണന്‍ (കണ്ണൂര്‍), പി എം സുരേഷ്ബാബു എന്നിവര്‍ ഭാരവാഹി പട്ടികയില്‍ അങ്ങനെ ഇടം നേടി. ജില്ലയുടെ പല ഭാഗത്തും അബ്ദുറഹ്മാന്‍കുട്ടിയുടെയും പി സി ചാക്കോയുടെയും കോലം കത്തിച്ചു. പുനഃസംഘടനയ്ക്കെതിരെ തൃശൂരില്‍ പ്രതിഷേധക്കൊടുങ്കാറ്റ് കെട്ടഴിച്ച് വിട്ടവര്‍ ബുധനാഴ്ച വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നല്‍കുന്ന എ, ഐ ഗ്രൂപ്പുകള്‍ സ്ഥാനങ്ങള്‍ ഏറെക്കുറെ വീതംവച്ചെടുത്തതിനെതിരെ നേതൃത്വത്തിലും അണികളിലും നല്ലൊരു പങ്ക് രോഷത്തിലാണ്. കേന്ദ്രമന്ത്രി വയലാര്‍ രവി, വി എം സുധീരന്‍, കെ മുരളീധരന്‍, കേന്ദ്രമന്ത്രിമാരായ കെ വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെപിസിസി ഭാരവാഹി രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരെല്ലാം എതിര്‍പ്പിലാണ്. തൃശൂരിലെ ഡിസിസി അടക്കം എ ഗ്രൂപ്പിന് ഏഴ് ഡിസിസികള്‍ കിട്ടി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, തൃശൂര്‍. മറ്റു ജില്ലകള്‍ ഐ ഗ്രൂപ്പിന്. പാലക്കാട് പ്രസിഡന്റ്സ്ഥാനം വയലാര്‍ രവി ചോദിച്ചെങ്കിലും അവസാനം ഐ ഗ്രുപ്പിലെ സി വി ബാലചന്ദ്രനെ നിയമിച്ചു. വയലാര്‍ രവിയുടെ ഗ്രൂപ്പിന് പ്രാതിനിധ്യം നാമമാത്രമായി. ഈ ഗ്രൂപ്പില്‍നിന്ന് ഭാരതിപുരം ശശി (വൈസ് പ്രസിഡന്റ്), മോഹനചന്ദ്രന്‍, സി എസ് ശ്രീനിവാസന്‍, അബ്ദുള്‍ഗഫൂള്‍ ഹാജി എന്നിവരാണ് കെപിസിസി ഭാരവാഹി ലിസ്റ്റില്‍ ഇടം നേടിയത്. വയലാര്‍ രവിയെക്കാള്‍ കൂടുതല്‍ സ്വാധീനം വിശാല ഐ ഗ്രൂപ്പ് നേതാവ് പി പി തങ്കച്ചനുണ്ടെന്നും പട്ടിക തെളിയിച്ചു.

നിലവിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റണമെന്ന നിര്‍ദേശം അട്ടിമറിഞ്ഞത് എറണാകുളത്ത് വി ജെ പൗലോസിനെ മാറ്റാന്‍ പാടില്ലെന്ന് തങ്കച്ചന്‍ ശഠിച്ചതുകൊണ്ടാണ്. സമുദായ കാര്‍ഡാണ് ഇതിനുവേണ്ടി ഇറക്കിയത്. തുടര്‍ന്ന് ഏഴ് ഡിസിസികളില്‍ നിലവിലുള്ളവര്‍തന്നെ പ്രസിഡന്റായി. പുതിയ പ്രസിഡന്റുമാര്‍ വന്നത് തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോട്ടയം, വയനാട്, കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്. കെപിസിസി ഭാരവാഹി ലിസ്റ്റില്‍ നാല് സ്ഥാനങ്ങള്‍ തങ്കച്ചന്‍ ഗ്രൂപ്പിന് ലഭിച്ചു. ചെന്നിത്തലയെ പ്രസിഡന്റായി നിലനിര്‍ത്തിയുള്ള പുനഃസംഘടനയാണ് എഐസിസി പ്രഖ്യാപിച്ചതെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ പ്രസിഡന്റുപദവിയില്‍നിന്ന് ചെന്നിത്തല മാറിക്കൂടായ്കയില്ലെന്ന സൂചന ഉന്നത കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്നു. കെപിസിസി പ്രസിഡന്റുപദവിയില്‍ ഒമ്പതാം വര്‍ഷത്തിലേക്കു കടക്കുന്ന ചെന്നിത്തലയെ എഐസിസി നേതൃത്വത്തിലേക്ക് തിരിച്ചുവിളിക്കുക എന്ന ചിന്ത രാഹുല്‍ഗാന്ധിക്കുണ്ട്.
(ആര്‍ എസ് ബാബു)

deshabhimani 251212

No comments:

Post a Comment