Monday, December 31, 2012

വിലക്കയറ്റം; എല്‍ഡിഎഫ് ഉപവാസം നടത്തി


രൂക്ഷമായ വിലക്കയറ്റത്തില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള നടപടികള്‍ സ്വീകരി ക്കണമെന്നാ വശ്യപ്പെട്ട് സെക്രട്ടറിയറ്റ് പടിക്കല്‍ എല്‍ഡിഎഫ് നേതാക്കള്‍ ഉപവാസ സമരം നടത്തി. രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെയായിരുന്നു ഉപവാസം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ തെറ്റായ നയമാണ് വിലക്കയറ്റത്തിന് കാരണമെന്ന് വിഎസ് പറഞ്ഞു. വിലക്കയറ്റം തടഞ്ഞില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കും. തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് വിലക്കയറ്റം തടയാന്‍ സമയമില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു.

പരമദരിദ്രര്‍ പോലും സര്‍ക്കാരിന്റെ എപിഎല്‍ പട്ടികയിലാണുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ജനവിരുദ്ധനയം വാശിയോടെ കേരളവും നടപ്പാക്കുകയാണ്. പൊതുവിതരണ സബ്രദായം താറുമാറാക്കി. റേഷന്‍ സംവിധാനം വേണ്ട എന്നതാണ് കോണ്‍ഗ്രസിന്റെ നയം. അരി കത്തിച്ചുകളയുമ്പോഴും സാധാരണക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള അവസരമൊരുക്കുന്നില്ലെന്നും പിണറായി പറഞ്ഞു. കേരളം കൈവരിച്ച എല്ലാ പുരോഗതിയും അട്ടിമറിക്കുന്ന ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. ആരോഗ്യമേഖലയും പൊതുവിദ്യാഭ്യാസ മേഖലയും സര്‍ക്കാര്‍ തകര്‍ത്തെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍, എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍, മാത്യു ടി തോമസ്, സി കെ നാണു, എ കെ ശശീന്ദ്രന്‍, ടി പി പീതാംബരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി സി തോമസ്, വി സുരേന്ദ്രന്‍പിള്ള എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളുടെ ഭാഗമായി രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനം നേരിടുന്നത്. അരിയുടെ വില കുതിച്ചുയരുന്നു. പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും വന്‍വിലക്കയറ്റമാണ്. പൊതുവിതരണ സംവിധാനത്തെ തകര്‍ത്ത് വിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍. റേഷന്‍ സംവിധാനവും ഇല്ലാതാക്കുന്നു. മാവേലി സ്റ്റോറിലും കണ്‍സ്യൂമര്‍ഫെഡിന്റെ വിവിധ സ്റ്റോറുകളിലും അരിയും പലവ്യഞ്ജനവും കിട്ടാനില്ല. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ നടപടിയില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രക്ഷോഭം നടത്തിയത്.

deshabhimani

No comments:

Post a Comment