Wednesday, December 26, 2012

പുതുവര്‍ഷം പിറക്കുന്നുനവോത്ഥാനത്തിലേക്ക്


കണ്ണൂര്‍: ""വിധവയുടെ കണ്ണീര്‍ തുടയ്ക്കാനും അനാഥന്റെ വിശപ്പകറ്റാനും കഴിയാത്ത മതത്തിലും ദൈവത്തിലും എനിക്ക് വിശ്വാസമില്ല""- സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ ഈ വാചകത്തോടെയാണ് പുതുവത്സരം പിറക്കുന്നത്. ജനുവരിയുടെ താളില്‍ മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ ചാന്നാര്‍ ലഹളയെക്കുറിച്ചുള്ള ഓര്‍മകള്‍. മാര്‍ച്ചിലെ അക്കങ്ങള്‍ക്ക് മീതേ സഹോദരന്‍ അയ്യപ്പന്റെ ഛായാചിത്രം. ചുവടെ ചരിത്രം തിരുത്തിക്കുറിച്ച മഹദ്വചനം-""അനാചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കില്‍ ആ ദൈവത്തോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു"". കേരളം നവോത്ഥാനത്തിലേക്ക് നടന്നുകയറിയ വഴികള്‍ അടയാളപ്പെടുത്തുകയാണ് ഡിവൈഎഫ്ഐ പുറത്തിറക്കിയ നവോത്ഥാന കലണ്ടര്‍. കേവലം അക്കങ്ങള്‍ക്കപ്പുറം കലണ്ടര്‍ മതനിരപേക്ഷതയുടെ കൊടിക്കൂറയായി മാറുന്നു. മതവര്‍ഗീയതയോടും ജാതീയതയോടും സന്ധിചെയ്യുന്നതൊന്നും ഇതിലില്ല. ജാതിയും അന്ധവിശ്വാസങ്ങളും അയുക്തികളും അരങ്ങുവാഴാന്‍ തുടങ്ങിയ കേരളത്തില്‍ യുവത ഉയര്‍ത്തുന്ന പ്രതിരോധത്തിന്റെ പ്രതീകമാണ് ഈ കലണ്ടര്‍. ഓരോ താളുകള്‍ മറിക്കുമ്പോഴും കേരളീയ സമൂഹത്തെ ഉഴുതുമറിച്ച നവോത്ഥാനത്തിന്റെ നാഴികക്കല്ലുകള്‍ ഇതില്‍ തെളിയുന്നു. ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും വി ടിയും വാഗ്ഭടാനന്ദനും മുഹമ്മദ് അബ്ദുറഹിമാനും ഉള്‍പ്പടെയുള്ള സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ചിത്രങ്ങളും സന്ദേശവുമാണ് ഈ കലണ്ടറിന്റെ മുഖപ്രസാദം. എല്ലാ മാസത്തെയും വിശേഷദിവസങ്ങള്‍ കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ മാസത്തിന്റെയും അക്കങ്ങള്‍ക്ക് ചുവടെ ഓര്‍മകള്‍ വേണമെന്ന ശീര്‍ഷകത്തില്‍ കേരളത്തിലെ ഇന്നലെകളെ ഓര്‍മപ്പെടുത്തുന്നു.

"ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന സന്ദേശവുമായി ജനുവരി നാലുമുതല്‍ ഫെബ്രുവരി നാലുവരെ കേരളത്തില്‍ പര്യടനം നടത്തുന്ന യൂത്ത്മാര്‍ച്ചിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കലണ്ടര്‍ പുറത്തിറക്കിയത്. കണ്ണൂര്‍ റബ്കോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് നല്‍കിയാണ് കലണ്ടര്‍ പ്രകാശനംചെയ്തത്. ജാതി സംഘടനകളും മതസംഘടനകളും ഉണ്ടാക്കി അതിനെ വര്‍ഗീയസംഘടനകളാക്കി വികസിപ്പിക്കുന്ന പരിവര്‍ത്തനമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. കേരളത്തിലെ മന്ത്രിമാര്‍ ഓടിനടക്കുന്നത് ജാതിസംഘടനകളുടെ സമ്മേളനം ഉദ്ഘാടനംചെയ്യാനാണ്. നവോത്ഥാനത്തിന്റെ തുടര്‍ച്ചയെ ദുര്‍ബലമാക്കി അതിരുദ്ര യജ്ഞംപോലുള്ള തിന്മകള്‍ പ്രതിഷ്ഠിക്കുകയാണ്. ഇതിനെ ആരും എതിര്‍ക്കുന്നില്ലെങ്കില്‍ സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച പഴയ കേരളം പുനഃസ്ഥാപിക്കപ്പെടുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ബിനോയ് കുര്യന്‍ അധ്യക്ഷനായി. സെക്രട്ടറി പി സന്തോഷ് സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment