അടുത്തവര്‍ഷംമുതല്‍ ക്ഷേമപെന്‍ഷനുകള്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഹരമേല്‍പ്പിക്കുന്നത് തപാല്‍ വകുപ്പിന്. കര്‍ഷകത്തൊഴിലാളികള്‍, വിധവകള്‍, വൃദ്ധര്‍, വികലാംഗര്‍ തുടങ്ങിയവര്‍ക്ക് മണിഓര്‍ഡറായാണ് ഇതുവരെ പെന്‍ഷന്‍ ലഭിച്ചിരുന്നത്. ഇത് ബാങ്ക് വഴി ആക്കുന്നതോടെ മണി ഓര്‍ഡര്‍ കമീഷനായി തപാല്‍ വകുപ്പിന് കിട്ടിയിരുന്ന വന്‍തുക ഇല്ലാതാവുകയാണ്. തപാല്‍ വകുപ്പിന് ഈയിനത്തില്‍ വര്‍ഷത്തില്‍ 70 കോടി രൂപയുടെ നഷ്ടമുണ്ടാകും.
സ്വതവേ വരുമാനം കുറഞ്ഞ് വിഷമിക്കുന്ന തപാല്‍ വകുപ്പിന്റെ നടുവൊടിക്കുന്നതാണ് പുതിയ തീരുമാനം. ജനുവരിമുതലുള്ള ക്ഷേമപെന്‍ഷന്‍ ലഭിക്കാന്‍ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അക്കൗണ്ട് രേഖകള്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. തുടര്‍ന്ന് പഞ്ചായത്ത് വഴി ബാങ്ക് അക്കൗണ്ടില്‍ പണമിടുകയാണ് ചെയ്യുക. ഇവ മണി ഓര്‍ഡറായി നല്‍കിയിരുന്നപ്പോള്‍ ഒരാളില്‍നിന്ന് വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപ തപാല്‍ വകുപ്പിന് കമീഷന്‍ ലഭിച്ചിരുന്നു. ഒരു പോസ്റ്റല്‍ ഡിവിഷനില്‍ മാത്രം വിവിധ പെന്‍ഷനുകള്‍ വാങ്ങുന്ന 75,000 മുതല്‍ ഒരു ലക്ഷം പേര്‍ വരെയുണ്ടാകും. വകുപ്പിന്റെ ആകെ വരുമാനത്തില്‍ പകുതിയും മണി ഓര്‍ഡര്‍ കമീഷനാണ്. ഇത് ഒറ്റയടിക്ക് ഇല്ലാതാകുമ്പോള്‍ വകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും. വകുപ്പിലെ ജോലിഭാരം കുറയുമെന്നതിനാല്‍ സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന ഗ്രാമീണ മേഖലാ പോസ്റ്റ് മാന്‍മാരുടെ ജോലിയെയും ഇത് ബാധിക്കും. മണി ഓര്‍ഡര്‍ അടക്കമുള്ള ഉരുപ്പടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷംകൂടുമ്പോള്‍ വകുപ്പ് പോസ്റ്റ് മാന്‍മാരുടെ ജോലിഭാരം കണക്കാക്കാറുണ്ട്. അതനുസരിച്ച് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. പുതിയ തീരുമാനപ്രകാരം പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് ഓരോ അക്കൗണ്ടിനും കമീഷന്‍ ലഭിക്കുമെന്നതു മാത്രമാണ് വകുപ്പിന് ആശ്വാസം.
കേന്ദ്ര ധനകാര്യ വകുപ്പിന്റെ ഏജന്‍സിയായാണ് പോസ്റ്റല്‍ സേവിങ്സ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇതിലെ ഓരോ അക്കൗണ്ടിനും ധനകാര്യ വകുപ്പില്‍നിന്ന് 163 രൂപ കമീഷന്‍ കിട്ടും. അതായത് ഒരു പെന്‍ഷന്‍കാരനില്‍ നിന്ന് കുറഞ്ഞത് 250 രൂപ കിട്ടിയിരുന്നിടത്ത് 163 രൂപയേ കിട്ടൂ. മാത്രമല്ല എല്ലാവരും പോസ്റ്റ് ഓഫീസില്‍തന്നെ അക്കൗണ്ട് തുടങ്ങണമെന്നുമില്ല. ഇതിനിടെ പെന്‍ഷന്‍ ബാങ്ക് വഴിയാക്കുന്നതുസംബന്ധിച്ച അവ്യക്തത തുടരുകയാണ്. പെന്‍ഷന്‍ പഞ്ചായത്ത് വഴി എങ്ങനെ വിതരണംചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുപോലും നിശ്ചയമില്ല. ഇതുവരെ വീട്ടിലെത്തിയ പണത്തിന് ഇനി ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നേരിട്ടെത്തേണ്ടതിനാല്‍ വികലാംഗരുംവൃദ്ധരും വലയും. എടിഎം നല്‍കാമെന്നു വച്ചാല്‍ പല ബാങ്കുകളും സീറോ ബാലന്‍സ് അക്കൗണ്ടിന് എടിഎം നല്‍കാന്‍ തയ്യാറല്ല. തപാല്‍ വകുപ്പില്‍ എടിഎം സൗകര്യവുമില്ല.
(പി സി പ്രശോഭ്)
17,093 തസ്തിക നിര്‍ത്തുന്നു
പാലക്കാട്: തപാല്‍വകുപ്പിലെ 17,093 തസ്തിക നിര്‍ത്താന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടറേറ്റ,് ചീഫ്പോസ്റ്റ്മാസ്റ്റര്‍ ജനറലിന് കത്തയച്ചു. ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് തസ്തിക വെട്ടിക്കുറയ്ക്കല്‍. പോസ്റ്റ്മാന്‍, പോസ്റ്റല്‍ അസിസ്റ്റന്റ്, ഗ്രൂപ്പ് ഡി തുടങ്ങി എല്ലാമേഖലകളിലുമുള്ള തസ്തിക കുറയ്ക്കാനാണ് തീരുമാനം. 5010 പോസ്റ്റല്‍ അസിസ്റ്റന്റ് തസ്തികയും 3,230 പോസ്റ്റ് മാന്‍ തസ്തികയും ഗ്രൂപ്പ് ഡി വിഭാഗത്തില്‍ 4,404 തസ്തികയും സോര്‍ട്ടിങ് ആര്‍എംഎസ് വിഭാഗത്തില്‍ 1,250തസ്തികയും ഒഴിവാക്കുന്നവയില്‍ പ്പെടും. 2005 മുതല്‍ 2008വരെ ഒഴിഞ്ഞുകിടന്ന തസ്തികകളില്‍ നിയമനം പാടില്ലെന്നാണ് നിര്‍ദേശം. ഓരോ വര്‍ഷവും 10 ശതമാനം ജീവനക്കാരെ കുറയ്ക്കണമെന്ന സ്ക്രീനിങ് കമ്മിറ്റിയുടെ നിര്‍ദേശമാണ് നടപ്പാക്കുന്നത്. രണ്ടരലക്ഷം ജീവനക്കാര്‍ വേണ്ടിടത്ത് നിലവില്‍ തപാല്‍ വകുപ്പില്‍ 30,000 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അതിനിടെയാണ് വീണ്ടും തസ്തിക കുറയ്ക്കാന്‍ തീരുമാനം. ഇതോടെ തപാല്‍ വകുപ്പ് പ്രതിസന്ധിയിലാകും. ജീവനക്കാരുടെ കുറവുമൂലം ഏറെ പ്രയാസപ്പെട്ടാണ് പോസ്റ്റോഫീസുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
കേന്ദ്ര സര്‍വീസിലെ ജീവനക്കാരെ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് 2001ലാണ് സര്‍ക്കാര്‍ സ്ക്രീനിങ് കമ്മിറ്റി ഏര്‍പ്പെടുത്തിയത്. മൂന്നില്‍ ഒരു ഭാഗം ഒഴിവുകളില്‍ നേരിട്ട് നിയമനം നടത്താമെന്നും മൂന്നില്‍ രണ്ട് തസ്തിക ഒഴിവാക്കണമെന്നുമാണ് കമ്മിറ്റി നിര്‍ദേശം. ഇതനുസരിച്ച് 2001 മുതല്‍ 2004വരെയുള്ള തസ്തികകളില്‍ നിയമനം നടത്തിയില്ല. 2005 മുതല്‍ 2008 വരെ ഒഴിവുവന്ന തസ്തികകള്‍ ഒഴിവാക്കിയാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം താറുമാറാകുമെന്നും അതിനാല്‍ തസ്തികകള്‍ തുടരാന്‍ അനുവദിക്കണമെന്നും തപാല്‍വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 2005 മുതല്‍ 2008 വരെ ഒഴിവുള്ള തസ്തികകളില്‍ ധനവകുപ്പ് തീരുമാനമെടുത്തില്ല. പിന്നീട് 2009 മുതല്‍ 2012 വരെ ഒഴിവുള്ള തസ്തിക നികത്താന്‍ സര്‍ക്കാര്‍ അനുവദിച്ചു. അതിനിടയിലാണ് 2005 മുതല്‍ 2008 വരെയുള്ള ഒഴിവുകള്‍ നികത്തേണ്ടെന്നും തസ്തികകള്‍ നിര്‍ത്താനും ഉത്തരവ്.
(ജയകൃഷ്ണന്‍ നരിക്കുട്ടി)
deshabhimani 291212
No comments:
Post a Comment