Sunday, December 23, 2012
വൈദ്യുതിക്ക് അധികവില: വ്യവസായശാലകളെ പിഴിയുന്നു
വ്യവസായശാലകള്‍ക്കുള്ള വൈദ്യുതിക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കി വൈദ്യുതിബോര്‍ഡിന്റെ കൊള്ളയടി. വ്യവസായശാലകള്‍ക്ക് 25 ശതമാനം പവര്‍കട്ട് നേരത്തെ ഏര്‍പ്പെടുത്തി. ഇതനുസരിച്ച്, ബോര്‍ഡുമായുണ്ടാക്കിയ കരാറിന്റെ 75 ശതമാനം വൈദ്യുതി മാത്രമെ ഇപ്പോള്‍ വ്യവസായശാലകള്‍ക്ക് ഉപയോഗിക്കാനാകൂ. ഇതിന് യൂണിറ്റിന് നാലു രൂപയാണ് ഈടാക്കുന്നത്. കൂടുതല്‍ വേണ്ടിവരുന്ന വൈദ്യുതിക്ക് യൂണിറ്റിന് 11.39 രൂപ ഈടാക്കിയാണ് കൊള്ളയടി. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാന്‍ സംവിധാനമുള്ളപ്പോഴാണ് മൂന്നിരട്ടിയോളം അധികവില ഈടാക്കി വ്യവസായശാലകളെ പിഴിയുന്നത്.
കായംകുളം താപവൈദ്യുതി നിലയം, നാഫ്ത്ത ഉപയോഗിച്ച് വൈദ്യുതോല്‍പ്പാദനം നടത്തുന്ന പാതാളം ബിഎസ്ഇഎസ് പവര്‍സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് ഉയര്‍ന്ന വില നല്‍കിയാണ് വൈദ്യുതി വാങ്ങുന്നതെന്ന ന്യായമാണ് ബോര്‍ഡ് വ്യവസായങ്ങളുടെ ചാര്‍ജ് വര്‍ധിപ്പിച്ചതിന് കാരണമായി പറയുന്നത്. എന്നാല്‍ പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള സതേണ്‍ റീജണല്‍ ലോഡ് ഡെസ്പാച്ച് സെന്ററില്‍ (എസ്ആര്‍എല്‍ഡിസി) നിന്ന് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്തുപോലും (പീക് ടൈം) യൂണിറ്റിന് 2.50 രൂപയ്ക്ക് വൈദ്യുതി ലഭ്യമാണ്. ഇത് വാങ്ങാന്‍ കെഎസ്ഇബി തയ്യാറാവുന്നില്ല.
എസ്ആര്‍എല്‍ഡിസിയുടെ വെബ്സൈറ്റില്‍നിന്ന് ലഭ്യമായ വിവരം അനുസരിച്ച് ഡിസംബര്‍ ഒമ്പതിന് ആറുമുതല്‍ 10 വരെയുള്ള പീക് ടൈമില്‍ 2.50 രൂപയ്ക്ക് വൈദ്യുതി ലഭ്യമായിരുന്നു. ഇവിടെനിന്ന് വൈദ്യുതി വാങ്ങണമെങ്കില്‍ മുന്‍കൂര്‍ പണം നല്‍കി ലേലത്തില്‍ പങ്കെടുക്കണം. ഒരുദിവസം പണം നല്‍കിയാല്‍ അടുത്തദിവസം ലേലത്തില്‍ പങ്കെടുത്ത് അതിനടുത്തദിവസം വൈദ്യുതി വാങ്ങാം. മുന്‍കൂര്‍ പണം നേരിട്ടുനല്‍കാതെ ബാങ്ക് ഗ്യാരന്റി കാണിച്ചും ലേലത്തില്‍ പങ്കെടുക്കാം. എന്നാല്‍ ബോര്‍ഡ്ഇത് ചെയ്യുന്നില്ല. മുന്‍കൂര്‍ പണം മുടക്കാനാവില്ലെന്ന മുടന്തന്‍ ന്യായമാണ് പറയുന്നത്. വൈദ്യുതി റെഗുലേറ്ററി കമീഷനും ബോര്‍ഡിന്റെ കൊള്ളയടിക്ക് ഒത്താശ ചെയ്യുന്നു. വൈദ്യുതിബോര്‍ഡിന്റെ നടപടി വ്യവസായമേഖലയ്ക്ക് വന്‍ പ്രതിസന്ധിയാണ് വരുത്തിയത്. എറണാകുളം കളമശേരി വ്യവസായമേഖലയിലുള്ള പല പ്രമുഖ വ്യവസായസ്ഥാപനങ്ങളും ലേ ഓഫിലേക്ക് നീങ്ങുകയാണ്. ബിനാനി സിങ്ക് ലേ ഓഫ് നിര്‍ദേശം തൊഴിലാളിസംഘടനകളെ അറിയിച്ചുകഴിഞ്ഞു. യൂണിറ്റിന് 11.39 രൂപയ്ക്ക് വൈദ്യുതി വാങ്ങി പ്രവര്‍ത്തിക്കാന്‍ അധികനാള്‍ കഴിയില്ലെന്ന് ഹിന്‍ഡാല്‍കോ കമ്പനിയും അറിയിച്ചു. സംസ്ഥാനത്ത് സ്വകാര്യമേഖലയിലെ ഏക ടെക്സ്റ്റൈല്‍ മില്ലായ ആലുവ ജിടിഎന്‍ പ്രവര്‍ത്തിക്കുന്നതിന് പ്രതിമാസം 30 ലക്ഷം രൂപ അധികമായി നല്‍കേണ്ടിവരുമെന്ന നിലയിലാണ്. അല്ലെങ്കില്‍ ഉല്‍പ്പാദനം കുറയ്ക്കേണ്ടിവരും. പ്രവര്‍ത്തനമൂലധനത്തിനുപോലും പ്രയാസപ്പെടുന്ന ഫാക്ടിന് പ്രതിമാസം ഒരുകോടി 30 ലക്ഷം രൂപയില്‍അധികം കൂടുതല്‍ കണ്ടെത്തേണ്ടിവരും.
deshabhimani 231212
Labels:
വലതു സര്‍ക്കാര്‍,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment