ആലപ്പുഴ: മതചിഹ്നമണിഞ്ഞില്ലെന്നാരോപിച്ച് ദമ്പതിമാരെ പീഡിപ്പിച്ച കേസില്‍ അഡീഷണല്‍ എസ്ഐയെ മാത്രം സസ്പെന്‍ഡ് ചെയ്ത് മറ്റ് കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭങ്ങള്‍ക്ക് തുടക്കംകുറിച്ച് പൊലീസ് പീഡനത്തിനിരയായ രാജേഷും രശ്മിയും ഇരുന്ന കനാല്‍ക്കരയില്‍ 23ന് "സല്ലാപം" എന്ന പേരില്‍ പരിഷത്ത് സൗഹൃദകൂട്ടായ്മ സംഘടിപ്പിക്കും. പകല്‍ മൂന്നിനാണ് സൗഹൃദകൂട്ടായ്മ. സര്‍ഗാത്മക പ്രതിഷേധമാണ് തുടക്കം. ചിത്രങ്ങളായും ശില്‍പങ്ങളായും കവിതകളായും സംവാദമായും സംഗീതമായും പ്രതിഷേധങ്ങള്‍ ആവിഷ്കരിക്കും.
കനാല്‍ക്കരയില്‍ ഇരുന്ന ദമ്പതികളില്‍ മതചിഹ്നങ്ങള്‍ ഇല്ലെന്നപേരില്‍ പരസ്യമായി അപമാനിക്കുകയും പൊലീസ് ജീപ്പില്‍ ബലംപ്രയോഗിച്ച് കയറ്റി സ്റ്റേഷനില്‍കൊണ്ടുചെന്ന് മാനസികമായി പീഡിപ്പിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്ത സംഭവത്തില്‍ നാനാമേഖലകളില്‍നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധം ശമിപ്പിക്കാന്‍ സംഭവത്തിന് നേതൃത്വം നല്‍കിയ ഗ്രേഡ് എസ്ഐ ബാലകൃഷ്ണന്‍നായരെ സസ്പെന്‍ഡ് ചെയ്യുകമാത്രമാണ് ഇതേവരെ ചെയ്തത്. അറപ്പുളവാക്കുന്ന പദപ്രയോഗങ്ങള്‍ നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ ജെസ്സിയും പൊലീസ് ജീപ്പ് ഡ്രൈവര്‍ നൗഷാദും ഇപ്പോഴും "നിയമപാലകരാ"യി തുടരുകയാണ്. സംഭവം നടക്കുമ്പോള്‍ സ്റ്റേഷനിലെത്തി കള്ളക്കേസില്‍പ്പെടുത്തുമെന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെയും നടപടിയില്ല. ജില്ലാ പ്രസിഡന്റ് ആര്‍ രഞ്ജിത്, ജില്ലാ സെക്രട്ടറി എന്‍ സാനു, ജില്ലാ ജന്‍ഡര്‍ വിഷയസമിതി കണ്‍വീനര്‍ ലേഖ കാവാലം, ജില്ലാകമ്മിറ്റിയംഗം ജയന്‍ ചമ്പക്കുളം എന്നിവര്‍ പങ്കെടുത്തു.
deshabhimani news
No comments:
Post a Comment