Friday, December 28, 2012

ഡീസലിന് 10 രൂപ കൂട്ടും


രൂക്ഷമായ വിലക്കയറ്റത്തില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് "പുതുവത്സര സമ്മാ"മായി ഡീസല്‍വില കുത്തനെ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പെട്രോളിയം മന്ത്രാലയമാണ് ഡീസല്‍വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചത്. 2013ല്‍ 10 മാസം കൊണ്ട് ലിറ്ററിന് 10 രൂപ കൂട്ടുമെന്ന് പെട്രോളിയം സെക്രട്ടറി ജി സി ചതുര്‍വേദി പറഞ്ഞു. മണ്ണെണ്ണയുടെ വില രണ്ട് വര്‍ഷം കൊണ്ട് 10 രൂപയും വര്‍ധിപ്പിക്കും. ഇന്ധനവില വര്‍ധിപ്പിക്കുമെന്നും സബ്സിഡികള്‍ കുറയ്ക്കുമെന്നും ദേശീയ വികസനസമിതി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു പെട്രോളിയം സെക്രട്ടറിയുടെ പ്രഖ്യാപനം.

കഴിഞ്ഞ സെപ്തംബറില്‍ ഡീസല്‍ ലിറ്ററിന് 5.63 രൂപ വര്‍ധിപ്പിച്ചിരുന്നു. എണ്ണക്കമ്പനികള്‍ ലിറ്ററിന് 9.28 രൂപ നഷ്ടം സഹിച്ചാണ് ഇപ്പോള്‍ ഡീസല്‍ വില്‍ക്കുന്നതെന്നും വില വര്‍ധിപ്പിച്ചാല്‍ 10 മാസം കൊണ്ട് ഈ നഷ്ടം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്നും പെട്രോളിയം സെക്രട്ടറി അവകാശപ്പെട്ടു. ഡീസല്‍ സബ്സിഡി പൂര്‍ണമായും എടുത്തുകളയുന്നതിന്റെ ഭാഗമാണ് വിലവര്‍ധന നടപ്പാക്കുമെന്ന പ്രഖ്യാപനം. പാചകവാതക കണക്ഷനുകള്‍ ആവശ്യാനുസരണം നല്‍കുന്നതിനാല്‍ മണ്ണെണ്ണ വിലവര്‍ധന ജനങ്ങളെ സാരമായി ബാധിക്കില്ലെന്നും വിലവര്‍ധന വഴി രണ്ട് വര്‍ഷം കൊണ്ട് മണ്ണെണ്ണ ഉപയോഗത്തില്‍ 20 ശതമാനം കുറവു വരുത്താന്‍ കഴിയുമെന്നും സെക്രട്ടറി പറഞ്ഞു.

സബ്സിഡികള്‍ നിയന്ത്രിച്ചേ മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ദേശീയ വികസനസമിതി യോഗത്തിന്റെ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സാമ്പത്തിക സുസ്ഥിരത ഇല്ലാതാക്കുന്ന സബ്സിഡികള്‍ തുടരാനാവില്ല. സബ്സിഡികള്‍ കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അതിനര്‍ഥം പദ്ധതിച്ചെലവ് വെട്ടിക്കുറയ്ക്കണമെന്നാണ്. അതല്ലെങ്കില്‍ ധനക്കമ്മി വര്‍ധിക്കും. നികുതി വരുമാനം വര്‍ധിപ്പിക്കണം. ചരക്കുസേവന നികുതി എത്രയും പെട്ടെന്ന് നടപ്പാക്കണം. ഇന്ധന ആവശ്യത്തിന് ഇറക്കുമതിയെയാണ് രാജ്യം കൂടുതല്‍ ആശ്രയിക്കുന്നത്. ഇറക്കുമതി കുറയ്ക്കണമെങ്കില്‍ ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും ആഭ്യന്തര ഇന്ധനോല്‍പ്പാദനം വര്‍ധിപ്പിക്കുകയും വേണം. കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പ്രകൃതിവാതകം എന്നിവയെല്ലാം ആഗോള വിലയേക്കാള്‍ താഴ്ന്ന നിരക്കിലാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ഇന്ധനവില ആഗോള വിലനിലവാരത്തിലെത്തിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. സംസ്ഥാനങ്ങളും കൂടി സഹകരിച്ച് ഇന്ധനവില വര്‍ധിപ്പിക്കണം. വൈദ്യുതിനിരക്ക് കൂട്ടി ആ രംഗത്ത് സാമ്പത്തികഭഭദ്രത കൈവരിക്കണം. ജലത്തിന്റെ വിനിയോഗത്തിലും പുതിയ കാഴ്ചപ്പാട് വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

12-ാം പഞ്ചവത്സര പദ്ധതിയില്‍ എട്ടു ശതമാനം വളര്‍ച്ച നേടാനാണ് ലക്ഷ്യമിടുന്നത്. 11-ാം പദ്ധതിയില്‍ ശരാശരി 7.9 ശതമാനം വളര്‍ച്ച നേടി. ആഗോളമായി രണ്ടു തവണ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. കാര്‍ഷിക വളര്‍ച്ചാനിരക്ക് 10-ാം പദ്ധതിക്കാലത്തെ 2.4 ശതമാനത്തില്‍നിന്ന് 3.3 ശതമാനമായി ഉയര്‍ന്നു. എട്ടു ശതമാനം സാമ്പത്തികവളര്‍ച്ച നേടാന്‍ സാധാരണപോലെ കാര്യങ്ങള്‍ കണ്ടാല്‍ പോരാ. നിരവധി മേഖലകളില്‍ നയപരമായി ഇടപെടേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്ക് മുന്‍കൈയെടുത്തുചെയ്യാന്‍ കഴിയുന്ന നിരവധി മേഖലകളുണ്ട്. വളര്‍ച്ചാനിരക്ക് വര്‍ധിക്കേണ്ടത് രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമാണ്. കാര്‍ഷികരംഗം ഗുരുതരമായ ആശങ്കയുണര്‍ത്തുന്നു. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തില്‍ കൃഷിയുടെ സംഭാവന വെറും 15 ശതമാനമായി കുറഞ്ഞു. എന്നാല്‍, ജനസംഖ്യയില്‍ പകുതി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരെ മറ്റു മേഖലകളിലേക്ക് മാറ്റി എണ്ണം കുറയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
(വി ജയിന്‍)

deshabhimani 281212

No comments:

Post a Comment