Sunday, December 16, 2012

കയറില്‍നിന്ന് കലയുടെ കയറ്റമേറി മൊയ്തു ഹെറിറ്റേജ്


മൊയ്തു ഹെറിറ്റേജിന്റെ തട്ടിന്‍മുകളിലെ സാമാന്യം വലിയൊരു മുറിയുടെ നാലു ചുമരിലായി നാല് സിനിമാ സ്ക്രീനുകള്‍. മച്ചില്‍ ഘടിപ്പിച്ച പ്രൊജക്ടറുകളില്‍നിന്ന് ഓരോന്നിലും തെളിയുന്ന വീഡിയോ ചിത്രം. ഒന്നിനുപിന്നാലെ ഒന്നായി തെളിയുന്ന ചിത്രങ്ങളിലേക്ക് കണ്ണും മനസ്സും തിരിച്ച് സ്ക്രീനുകള്‍ക്ക് നടുവില്‍ തറയില്‍ വിരിച്ച പായില്‍ ഒരുകൂട്ടം പ്രേക്ഷകര്‍. സിറ്റിസണ്‍സ് ബാന്‍ഡ് എന്നു പേരിട്ട് ഓസ്ട്രേലിയന്‍ കലാകാരി ആഞ്ചലിക്ക മസിറ്റി ബിനാലെ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോ ഇന്‍സ്റ്റലേഷന്‍ ആസ്വാദകരുടെ മനം കവരുകയാണ്. ഫോര്‍ട്ട്കൊച്ചി ബസാര്‍ റോഡിലെ നൂറ്റാണ്ട് പഴക്കമുള്ള കൂറ്റന്‍ ഡച്ച് വാസ്തുവായ മൊയ്തു ഹെറിറ്റേജ് ഇപ്പോള്‍ പഴയ കയര്‍ ഗോഡൗണല്ല. ഇവിടെനിന്ന് കല്‍വത്തി കനാലിലൂടെ കയറും കയറുല്‍പ്പന്നങ്ങളും കപ്പലുകളിലേക്ക് യാത്രചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. കയറും കയറുല്‍പ്പന്നങ്ങളും ആലപ്പുഴക്ക് കൂടുമാറിയപ്പോള്‍ ഈ ഡച്ച് നിര്‍മിതിയിലെ ആളനക്കം നിലച്ചു. ബിനാലെയുടെ ഭാഗമായി ഗ്യാലറിയായി രൂപാന്തരപ്പെട്ട മൊയ്തു ഹെറിറ്റേജിന്റെ മുകളിലെ നിലയിലാണ് ആഞ്ചലിക്കയുടെ വീഡിയോ ഇന്‍സ്റ്റലേഷന്‍.

സിറ്റിസണ്‍ ബാന്‍ഡ് കാണാന്‍ ദിവസംമുഴുവന്‍ നല്ല തിരക്ക്. ലോകത്തിന്റെ നാലു കോണില്‍നിന്നുള്ള നാല് സംഗീതാനുഭവങ്ങളാണ് ഇതിലുള്ളത്. സാധാരണക്കാരായ അവതാരകരുടെ സംഗീതത്തിലൂടെയുള്ള സ്വയം ആവിഷ്കരിക്കല്‍ സൂക്ഷ്മാംശത്തില്‍ വെളിപ്പെടുത്തുന്നതാണ് വീഡിയോ ചിത്രീകരണം. ജെറാള്‍ഡൈന്‍ സോങ്കോ എന്ന കാമറൂണ്‍ യുവതിയാണ് ആദ്യ ചിത്രത്തില്‍. കായികതാരത്തിന്റെ ശരീരഘടനയുള്ള സോങ്കോ നീന്തല്‍ക്കുളത്തിലെ വെള്ളത്തില്‍ കൈകള്‍ തട്ടിയുണ്ടാക്കുന്ന സംഗീതത്തിന്റെ മാസ്മരികതയില്‍ പ്രേക്ഷകന്‍ മതിമറക്കും. അള്‍ജീരിയന്‍ കീ ബോര്‍ഡ് വായനക്കാരന്‍ മുഹമ്മദ് ലാര്‍മോറിയാണ് രണ്ടാം ചിത്രത്തില്‍. ഏതോ നഗര മെട്രോയിലാണ് മുഹമ്മദിന്റെ വായന. ഹൃദയത്തെ കരയിച്ച് മുഹമ്മദ് ഉണര്‍ത്തുന്ന സംഗീതത്തോട് മെട്രോയിലെ വ്യത്യസ്ത തരക്കാരായ യാത്രികരുടെ സമീപനവും കാണാം. പിന്നിലെ ഇരമ്പുന്ന നഗരത്തിലെ ഇടവഴിയിലിരുന്ന് ഒരു കുതിരത്തലയന്‍ ഫിഡില്‍ വായിക്കുന്ന ബുക്കു ഗംബുര്‍ഗേഡ് എന്ന യുവാവാണ് മൂന്നാം ചിത്രത്തില്‍. ഫിഡില്‍ വായനക്കൊപ്പം പ്രത്യേകതരത്തില്‍ ഗാനവും ആലപിക്കുന്നു. അസിം ഖുരേഷി എന്ന സുഡാന്‍കാരന്‍ ടാക്സിഡ്രൈവര്‍ തന്റെ കാര്‍ യാത്രയുടെ സ്വാതന്ത്ര്യത്തില്‍ ചുണ്ടുകോട്ടി ചൂളമടിച്ചു പാടുന്ന ഒരു ആഫ്രിക്കന്‍ ഗാനമാണ് നാലമത്തെ വീഡിയോ. നാല് വീഡിയോകള്‍ക്കും കൂടി 22 മിനിറ്റാണ് ദൈര്‍ഘ്യം.

മൊയ്തു ഹെറിറ്റേജിന്റെ താഴത്തെ വലിയഹാളില്‍ സൗദി അറേബ്യയില്‍നിന്നുള്ള അഹമ്മദ് മെറ്ററിന്റെ വീഡിയോ-ചിത്ര പ്രദര്‍ശനം. ഗലി യാത്രയെ ഓര്‍മിപ്പിക്കുന്ന ഇടനാഴി കടന്നാല്‍ തട്ടിന്‍മുകളിലേക്ക് പൊട്ടിപ്പൊളിഞ്ഞ മരഗോവണി. ഇവിടെ ആദ്യത്തെ മുറിയില്‍ മലയാളി ചിത്രകാരന്‍ സക്കീര്‍ഹുസൈന്‍ തീര്‍ത്ത വര്‍ണ പ്രപഞ്ചം. പ്രൊലോങ്ഡ് അവേഴ്സ് ഓഫ് ഡിസ്ഗൈസ്ഡ് സിറ്റ്വേഷന്‍ എന്നു പേര്. വലിയ മുറിയുടെ വാതിലിന് എതിരെയുള്ള ചുമരില്‍ സ്ഥാപിച്ച ഓക്കര്‍ മഞ്ഞയുടെ ധാരാളിത്തത്തില്‍ ചുമര്‍ചിത്ര മാതൃകയിലുള്ള കൂറ്റന്‍ ചിത്രം. അതിലേക്ക് വീഡിയോ പ്രൊജക്ടറില്‍നിന്ന് പതിയുന്ന ഇരുണ്ട ഇമേജുകള്‍. കര്‍ണാടകക്കാരന്‍ ശ്രീനിവാസ പ്രസാദിന്റെ ഏതാനും ഫോട്ടോകളുടെ പ്രദര്‍ശനവും മൊയ്തുവില്‍ നടക്കുന്നു.

deshabhimani 161212

No comments:

Post a Comment