Sunday, December 16, 2012
മായാവതിക്കെതിരായ അന്വേഷണത്തില്‍ കേന്ദ്രം ഇടപെട്ടെന്ന്
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് മായാവതിക്കെതിരെ നടന്ന അന്വേഷണത്തില്‍ കേന്ദ്രമന്ത്രിമാര്‍ ഇടപെട്ടെന്ന് മുന്‍ സിബിഐ മേധാവി യു എസ് മിശ്ര. ചില്ലറ വില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയുടെ വോട്ടെടുപ്പില്‍ യുപിഎ സര്‍ക്കാര്‍ ബിഎസ്പിയുടെ സഹായം ഉറപ്പാക്കിയത് സിബിഐയെ ഉപയോഗിച്ചാണെന്ന വിമര്‍ശം ശക്തമായിരിക്കെയാണ് ഈ വെളിപ്പെടുത്തല്‍. മായാവതി കേസിന് പുറമെ കോടികളുടെ തട്ടിപ്പ് നടന്ന തെല്‍ഗി കേസിലും ഭരണകേന്ദ്രങ്ങളില്‍നിന്ന് സമ്മര്‍ദമുണ്ടായെന്ന് മിശ്ര ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്നുണ്ടെന്ന് പറഞ്ഞ മിശ്ര മന്ത്രിമാരുടെ പേരുവെളിപ്പെടുത്തിയില്ല. അന്വേഷണഗതി മാറ്റുംവിധമാണ് ഇടപെടലുണ്ടായത്. സര്‍ക്കാര്‍ വകുപ്പ് പോലെയുള്ള പ്രവര്‍ത്തനരീതി സിബിഐ മാറ്റണം. തെല്‍ഗി കേസില്‍ അന്വേഷണം മരവിപ്പിക്കാന്‍ ഒരു മന്ത്രി കാര്യമായി ശ്രമിച്ചു. ഇടപെടല്‍ പരിധി വിട്ടപ്പോള്‍ ഇക്കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തുമെന്നും മിശ്ര പറഞ്ഞു. പ്രധാന നേതാക്കള്‍ ഉള്‍പ്പെട്ട ചൂടന്‍കേസുകളില്‍ ശക്തമായ സമ്മര്‍ദമായിരുന്നു. അന്വേഷണപുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എങ്ങനെ തയ്യാറാക്കണമെന്നതില്‍ അടക്കം ഇടപെടലുണ്ടായി. മന്ത്രിമാരില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് രഹസ്യസ്വഭാവമാണുള്ളത്. അവ ഔദ്യോഗികമായി രേഖപ്പെടുത്താറില്ല. എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനകാലത്ത് 2003ല്‍ സിബിഐ ഡയറക്ടറായ മിശ്ര യുപിഎയുടെ തുടക്കകാലമായ 2005 വരെയാണ് ഈ സ്ഥാനത്ത് തുടര്‍ന്നത്. മിശ്രയ്ക്ക് മറുപടി നല്‍കാനുള്ള ബാധ്യത ബിജെപിക്കാണെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല പറഞ്ഞു. സിബിഐയെ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി കാണരുതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി മനീഷ് തിവാരി പറഞ്ഞു. തങ്ങള്‍ ഒരിക്കലും സിബിഐയെ ദുരുപയോഗിച്ചിട്ടില്ലെന്ന് ബിജെപി പ്രതികരിച്ചു.
deshabhimani 161212
Subscribe to:
Post Comments (Atom)
No comments:
Post a Comment