Sunday, December 16, 2012
മൊയ്ലിയുടെ ഔദാര്യം!
കുറ്റി ആറായാലും ഒമ്പതായാലും മൊയ്ലിയുടെ മുടി വെളുക്കില്ല. 72-ാം വയസ്സിലും ആരോഗ്യദൃഢഗാത്രനും ഊര്‍ജസ്വലനുമായ മൊയ്ലി മറ്റു വീരന്മാര്ക്കും വീരപ്പന്മാര്ക്കും നിത്യഹരിത അസൂയാപാത്രംതന്നെ. ലാടവൈദ്യം ഹൃദിസ്ഥമാണ്. ഏതുരോഗത്തിനും മരുന്ന് കൈയിലുണ്ട്. പണ്ട് നേത്രാവതി പാലം കടന്ന് കേരളത്തിലെത്തി ആന്റണി- ലീഡര്‍ യുദ്ധത്തില്‍ റഫറി ആകാനും മുറിവേല്‍ക്കുന്ന പക്ഷത്തിന് മുറിവെണ്ണ വില്‍ക്കാനും ഒരേ ഒരു മൊയ്ലിയേ ഉണ്ടായിരുന്നുള്ളൂ. കന്നടാവില് വലിയ വിലയാണ്.
ബങ്കാരപ്പയും മറ്റും കളവും കാലും മാറിമാറി ചവിട്ടിയപ്പോള്‍ ഉറച്ചുനിന്നത് മൊയ്ലിമാത്രം. ആ ഉറപ്പിന് ഒരു നറുക്ക് വീണു. മീശയും താടിയുമില്ലാത്ത എസ് എം കൃഷ്ണ കോട്ടിട്ടുവന്നപ്പോഴാണ് മൊയ്ലിയുടെ കാറ്റുപോയത്.
വികസനായകന്‍ വിശ്രുത കലാകാരന്, വേണ്ടാതീനങ്ങളുടെ രാജകുമാരന് തുടങ്ങിയ ബിരുദങ്ങളൊന്നും വിലപ്പോയില്ല. നമ്മുടെ ടി എച്ച് മുസ്തഫയുടെ അവസ്ഥയായി. വാക്കിനു വീറുണ്ട്; വിലയില്ല എന്ന സ്ഥിതി. അപ്പോഴാണ് സോണിയാജി വിലപ്പെട്ട മുത്തിനെ കണ്ടെടുത്തത്. എവിടെവിടെ കുഴപ്പമുണ്ടോ അവിടെ അയക്കാന്‍ ഒരു മഹാ മധ്യസ്ഥന്‍, ട്രബിള്‍ ഷൂട്ടര്‍. പോകെപ്പോകെ മധ്യസ്ഥന്‍ ജനപഥ് പത്തിലെ കാര്യക്കാരനായി. എങ്ങനെ ചാടിയാലും ചട്ടിയിലേ വീഴൂ. അതല്ലെങ്കില്‍ മുട്ടോളം. പ്രത്യേകിച്ച് ഉപദ്രവമൊന്നുമില്ല. തന്‍കാര്യം നോക്കി ജീവിച്ചോളും. അനുയായി വൃന്ദവും അടിപതറാതെ നില്‍ക്കാനുള്ള കഴിവുമില്ലാത്ത സ്ഥിതിക്ക് മാധ്യസ്ഥത്തിന്റെയും മലക്കംമറിച്ചിലിന്റെയും ക്വട്ടേഷന്തന്നെ അത്യുത്തമം. എന്തും എപ്പോഴും ഏറ്റെടുക്കാം. തോറ്റാലും ജയിച്ചാലും ആരും കണക്കുപറയില്ല. പേരിനൊപ്പം മാത്രമല്ല വീരത്വം, സ്വഭാവത്തിലും അതു തുളുമ്പുന്നു.
സദാ വീരശൈലിയില്ത്തന്നെ പ്രവര്‍ത്തനം, സകലകലാവല്ലഭന്, അവാര്‍ഡുകളുടെ കളിത്തോഴന്‍, കവി, നോവലിസ്റ്റ്, കോളമിസ്റ്റ്, സോഷ്യലിസ്റ്റ് സര്‍വോപരി സൂര്യനു താഴെയുള്ള സകലചലനങ്ങളുടെയും നിയന്താതാവ്. സ്വന്തം ഭാഷ തുളു. ലിപി ഉണ്ടോ ഇല്ലയോ എന്ന് തിട്ടമില്ല- മൊയ്ലിയുടെ വ്യക്തിത്വംപോലെ.
അതുപോലെതന്നെ പുതിയ വിവാദവും, ഒരു കുടുംബത്തിന് വര്‍ഷത്തില്‍ ഗ്യാസ് സിലിണ്ടര്‍ ആറോ ഒമ്പതോ എന്നത് ദൈവത്തിനുപോലും അറിയില്ല. ഇഷ്ടംപോലെ കിട്ടിയ ഗ്യാസ്കുറ്റി പിടിച്ചുവച്ചതും വിതരണം കടുപ്പിച്ചതും മൊയ്ലി പെട്രോളിയം മന്ത്രിയായ യുപിഎ സര്‍ക്കാര്‍. വര്‍ഷം 12 കുറ്റി യഥേഷ്ടം കിട്ടിയതാണ്. പലര്‍ക്കും പന്ത്രണ്ടും തികഞ്ഞിരുന്നില്ല. ആറുമതിയെന്നോ ഒമ്പത് മതിയെന്നോ ആരും പറഞ്ഞിട്ടില്ല. എന്നിട്ടും മൊയ്ലിയും മന്മോഹനും നിരുപിച്ചു, ആറുതന്നെ ധാരാളമെന്ന്. ആറ് കുറ്റികൊണ്ട് ആറുമാസം. അടുപ്പില്‍ തീ പുകയാതെ വരുമെന്നു വന്നപ്പോള്‍ ജനം പ്രതികരിച്ചു. അവര്പറഞ്ഞിട്ടല്ല ആറായത്. ആറുകഴിഞ്ഞ് ഏഴാമത്തേതിന് സ്വര്‍ണവില കൊടുക്കാമെന്നും ജനങ്ങള്‍ പറഞ്ഞിട്ടില്ല. എല്ലാം മൊയ്ലിയുടെയും മന്മോഹന്റെയും സ്വപ്നസഞ്ചാരം. സകലമാന വികൃതികളും പൂര്‍ത്തിയാക്കിയശേഷം ഒരു സൗജന്യം കൊടുക്കാമെന്ന് മൊയ്ലിയുടെ ഔദാര്യം- ആറുകുറ്റി ഒമ്പതാക്കാമെന്ന്. അപ്പോഴേക്കും ദാ വരുന്നു തെരഞ്ഞെടുപ്പു കമീഷന് എന്ന ദുര്‍ഭൂതം.
ഗുജറാത്തിലും ഹിമാചലിലും തെരഞ്ഞെടുപ്പ് കഴിഞ്ഞേ ഗ്യാസ്കുറ്റിയുടെ വര്‍ധന പാടുള്ളൂ എന്ന്. അതും മൊയ്ലിക്ക്നേട്ടംതന്നെ. താന്‍ ഒരു മഹത്തായ ജനസേവനത്തിന് കൊതിച്ചു. അത് തെരഞ്ഞെടുപ്പു കമീഷന് മുടക്കി എന്നാണ് പുതിയ വിലാപം. ഇതിനെയാണ് നാലുകാലില്‍ വീഴുന്ന മാര്‍ജാര ജന്മം എന്ന് തുളുനാട്ടിലെ പൂര്‍വഗാമികള്‍ വിളിച്ചത്.
സൂക്ഷ്മന്‍ deshabhimani varanthapathippu 161212
Labels:
നർമ്മം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)

No comments:
Post a Comment