Wednesday, January 23, 2013
തൊഴില്‍ നഷ്ടപ്പെടുന്നവരുടെ സംഖ്യ കൂടുന്നു ലോകമൊട്ടാകെ 19 കോടി 70 ലക്ഷം
ലോകമൊട്ടാകെ തൊഴില്‍ രഹിതരുടെ സംഖ്യ 2012-ല്‍ 40 ലക്ഷം വര്‍ധിച്ചു. ഇപ്പോള്‍ തൊഴില്‍ രഹിതരുടെ എണ്ണം 19 കോടി 70 ലക്ഷമാണ്. അതിനിയും വര്‍ധിക്കുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ എല്‍ ഒ)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ടായിരുന്ന തൊഴില്‍ നഷ്ടപ്പെട്ടവരെയാണ് തൊഴില്‍ രഹിതരായി കണക്കാക്കിയിട്ടുള്ളത്. 2013 -ല്‍ തൊഴില്‍ രഹിതരുടെ സംഖ്യയില്‍ 51 ലക്ഷവും 2014-ല്‍ 30 ലക്ഷവുമാണ് വര്‍ധന പ്രതീക്ഷിക്കുന്നത്. സാമ്പത്തിക മാന്ദ്യമാണ് വര്‍ധിക്കുന്ന തൊഴിലില്ലായ്മയുടെ കാരണം. പ്രത്യേകിച്ചും വികസിത രാഷ്ട്രങ്ങളുടെ കാര്യത്തില്‍ ഇതാണ് സ്ഥിതി.
2012-ല്‍ അധ്വാനശക്തിയുടെ 6 ശതമാനമാണ് തൊഴില്‍രഹിതരായി ഉണ്ടായിരുന്നത്. ദീര്‍ഘകാലം തൊഴിലില്ലാതെ കഴിയേണ്ടിവരുന്ന അവസ്ഥയാണിപ്പോള്‍. യൂറോപ്പിലെ തൊഴില്‍ രഹിതരില്‍ മൂന്നിലൊരുഭാഗം ഒരുവര്‍ഷത്തിലേറെയായി തല്‍സ്ഥിതിയില്‍ തുടരുന്നു.വീണ്ടുമൊരു തൊഴില്‍ നേടുന്നതിനുള്ള പരിശ്രമങ്ങള്‍ പലരും ഉപേക്ഷിക്കുകയാണ്. മൂന്ന് കോടി 90 ലക്ഷം പേര്‍ തൊഴില്‍ വിപണിയില്‍ നിന്നും പിന്മാറിക്കഴിഞ്ഞു.
സാമ്പത്തിക സ്ഥിതിയിലെ അനിശ്ചിതത്വവും അതിനെ നേരിടുന്നതിനാവശ്യമായ നയത്തിന്റെ അപര്യാപ്തതയും മൊത്തത്തില്‍ തൊഴിലിനുള്ള അവസരങ്ങളെ ബാധിച്ചിരിക്കുകയാണെന്നും നിക്ഷേപക്ഷങ്ങള്‍ക്ക് മുതിരാത്തതുകൊണ്ടുതന്നെ തൊഴിലെടുക്കാന്‍ ആള്‍ക്കാരെയും വേണ്ടാതിയിരിക്കുകയാണെന്നും ഐ എല്‍ ഒയുടെ ഡയറക്ടര്‍ ജനറലായ ഗുയ്‌റൈഡര്‍ പറഞ്ഞു.
ലഭ്യമാകുന്ന ഏതുതൊഴിലും ചെയ്യാന്‍ കഴിയും വിധം യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ കൂടുതല്‍ തുക നീക്കിവയ്ക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴില്‍ പരിശീലനം തുടരുന്ന ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളിലാണ് യുവാക്കള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മയുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തൊഴില്‍ നഷ്ടപ്പെടുന്നവരുടെ സംഖ്യ കുറവാണെങ്കിലും (3.8 ശതമാനം) ദക്ഷിണേഷ്യയില്‍ യുവാക്കളുടെ (15-നും 24-നും മധ്യേ പ്രായമുള്ളവര്‍) തൊഴിലില്ലായ്മ വളരെ രൂക്ഷമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തൊട്ടാകെ ഏഴു കോടി 40 ലക്ഷം യുവാക്കളാണ് തൊഴില്‍ രഹിതര്‍. ഇന്ത്യയില്‍ 9.6 ശതമാനമാണ് യുവാക്കളുടെ തൊഴിലില്ലായ്മ.
janayugom
Labels:
തൊഴില്‍മേഖല,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment