നാട്ടുകാരാകെ പെരുവഴിയിലായപ്പോള്‍ ഗതാഗതമന്ത്രിയുടെ മണ്ഡലത്തില്‍മാത്രം കെഎസ്ആര്‍ടിസിക്ക് പ്രതിസന്ധിയില്ല. സംസ്ഥാനത്താകെ 1800ല്‍പ്പരം ബസ് സര്‍വീസ് കോര്‍പറേഷന്‍ റദ്ദാക്കിയപ്പോള്‍ മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സര്‍വീസും റദ്ദാക്കിയില്ല. ബസില്ലാത്തതിനാല്‍ ഒരു ഷെഡ്യൂള്‍ മുടങ്ങിയെന്നുമാത്രം. നിലമ്പൂര്‍ ഡിപ്പോയില്‍ 39 സര്‍വീസില്‍ 38 എണ്ണവും കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രവര്‍ത്തിച്ചു. ബസുകള്‍ അറ്റകുറ്റപ്പണിയിലായതിനാലാണ് ഒരു സര്‍വീസ് മുടങ്ങിയത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും മറ്റു ജനപ്രതിനിധികളുടെയും സമ്മര്‍ദത്തില്‍ ആരംഭിച്ച ഷെഡ്യൂളുകള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിയാണ് സ്വന്തം മണ്ഡലത്തിന്റെ കാര്യത്തില്‍മാത്രം പക്ഷപാതിത്വം കാട്ടുന്നത്.
തിങ്കളാഴ്ച 1161 ഷെഡ്യൂള്‍ റദ്ദാക്കിയതായി കെഎസ്ആര്‍ടിസി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ റദ്ദാക്കലുള്ളത് മേഖല ഒന്നായ തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 296 സര്‍വീസ് നിര്‍ത്തിവച്ചു. സിറ്റി ഡിപ്പോകളിലെ 526ല്‍ 333 എണ്ണം പ്രവര്‍ത്തിച്ചു. 123 റദ്ദാക്കല്‍. റൂറല്‍ ഡിപ്പോകളില്‍ 985 ഷെഡ്യൂളുകളില്‍ പ്രവര്‍ത്തിച്ചത് 812. റദ്ദാക്കല്‍ 173. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ അടങ്ങിയ മേഖല രണ്ടില്‍ 1350 ഷെഡ്യൂളുകളില്‍ 219 എണ്ണം റദ്ദാക്കി. പ്രവര്‍ത്തിച്ചത് 1131. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ അടങ്ങിയ മേഖല മൂന്നില്‍ 171 സര്‍വീസ് റദ്ദാക്കി. 1170ല്‍ 999 പ്രവര്‍ത്തിപ്പിച്ചു. മലപ്പുറം, പാലക്കാട്, തൃശൂര്‍ ഉള്‍പ്പെട്ട മേഖല നാലില്‍ 729ല്‍ 635 എണ്ണം പ്രവര്‍ത്തിച്ചു. 94 എണ്ണം റദ്ദാക്കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ അടങ്ങിയ മേഖല അഞ്ചില്‍ 800ല്‍ 683 സര്‍വീസാണ് നടന്നതെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. 117 എണ്ണം റദ്ദാക്കി. എന്നാല്‍, കോര്‍പറേഷന്‍ വ്യക്തമാക്കുന്ന കണക്കിനേക്കാള്‍ കൂടുതലാണ് റദ്ദാക്കിയ സര്‍വീസുകളുടെ കണക്കെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമീണമേഖലയില്‍ യാത്രാക്ലേശം രൂക്ഷം
ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ലാഭകരമല്ലാത്ത റൂട്ടുകള്‍ റദ്ദാക്കാന്‍ തുടങ്ങിയതോടെ ഗ്രാമീണമേഖലയില്‍ യാത്രാക്ലേശം രൂക്ഷം. ലാഭകരമല്ലെന്ന കാരണത്താല്‍ ആദ്യം നിര്‍ത്തുന്നത് ഗ്രാമീണറൂട്ടുകളിലെ സര്‍വീസാണ്. ഒരു കെഎസ്ആര്‍ടിസി ബസ്സിനെ മാത്രം ആശ്രയിക്കുന്ന ഉള്‍പ്രദേശങ്ങളിലെ ജനജീവിതം സ്തംഭിക്കുന്ന അവസ്ഥയാണ്. ഇടുക്കി, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഇത് കടുത്ത പ്രതിസന്ധിയാകുന്നു. ബുധനാഴ്ചയോടെ ലാഭകരമല്ലാത്ത മുഴുവന്‍ സര്‍വീസും റദ്ദാക്കാനാണ് തീരുമാനം. ഇതോടെ, പ്രശ്നം കൂടുതല്‍ രൂക്ഷമാകും. എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച കെഎസ്ആര്‍ടിസി 107 സര്‍വീസ് റദ്ദാക്കി. എറണാകുളം-28, ആലുവ-16, പറവൂര്‍-10, അങ്കമാലി-14, പെരുമ്പാവൂര്‍-9, മൂവാറ്റുപുഴ-10, പിറവം-13, കോതമംഗലം-7 എന്നിങ്ങനെയാണ് വിവിധ യൂണിറ്റുകളിലെ കണക്ക്. ജില്ലയില്‍ തിങ്കളാഴ്ച 113 സര്‍വീസ് നിര്‍ത്തിയിരുന്നു. എറണാകുളം ഡിപ്പോയില്‍ ഡീസല്‍ സ്റ്റോക്ക് തീരുകയാണ്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് റദ്ദാക്കും. ആലപ്പുഴയില്‍ ചൊവ്വാഴ്ച 68 ഷെഡ്യൂള്‍ വെട്ടിക്കുറച്ചു. ചെങ്ങന്നൂര്‍-14, ആലപ്പുഴ-11, ഹരിപ്പാട്-9, കായംകുളം-18, എടത്വ-5, ചേര്‍ത്തല-11 എന്നിങ്ങനെയാണ് ഒഴിവാക്കിയ സര്‍വീസുകള്‍. കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച 49 കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിയില്ല. കണ്ണൂര്‍ ഡിപ്പോ-15, പയ്യന്നൂര്‍-22, തലശേരി-12 എന്നിങ്ങനെയാണ് ബസ്സുകളുടെ ഓട്ടം മുടങ്ങിയത്.
കാസര്‍കോട് ഡിപ്പോയില്‍ തിങ്കളാഴ്ച ഒരു സര്‍വീസ് റദ്ദാക്കി. നിര്‍ത്തിയിട്ട വണ്ടികളില്‍നിന്ന് ഡീസല്‍ ഊറ്റിയെടുത്താണ് ചില ബസ്സുകള്‍ സര്‍വീസ് നടത്തിയത്. പാലക്കാട് ജില്ലയില്‍ മൂന്ന് അന്തര്‍സംസ്ഥാന സര്‍വീസ് ഉള്‍പ്പടെ 27 ബസ് സര്‍വീസ് റദ്ദാക്കി. ആദിവാസി മേഖലയായ അട്ടപ്പാടി ആനക്കട്ടി ഉള്‍പ്പടെ പിന്നോക്കമേഖലകളിലേക്കുള്ള ബസുകളാണ് നിര്‍ത്തിയത്. പാലക്കാട് ഡിപ്പോയിലെ 11 സര്‍വീസ് റദ്ദാക്കി. ഇതില്‍ കോയമ്പത്തൂരിലേക്കുള്ള രണ്ട് അന്തര്‍സംസ്ഥാന സര്‍വീസും ഉള്‍പ്പെടും. ചിറ്റൂര്‍ സബ് ഡിപ്പോയില്‍ ഒരു അന്തര്‍ സംസ്ഥാന ബസുള്‍പ്പെടെ ആറെണ്ണം റദ്ദാക്കി. മണ്ണാര്‍ക്കാട് സബ് ഡിപ്പോയില്‍നിന്ന് ഏഴ് ബസും വടക്കഞ്ചേരി സബ് ഡിപ്പോയിലെ മൂന്ന് സര്‍വീസും റദ്ദാക്കി. കോട്ടയം ജില്ലയില്‍ 32 സര്‍വീസ് നിര്‍ത്തി. കോട്ടയം ഡിപ്പോയില്‍ അഞ്ച് സര്‍വീസ് റദ്ദാക്കി. ചങ്ങനാശ്ശേരി-7, പാല-5, പൊന്‍കുന്നം-1, ഈരാറ്റുപേട്ട-14 എന്നിങ്ങനെ റദ്ദാക്കി.
ഇടുക്കിയില്‍ വിവിധ സബ്ഡിപ്പോകളിലായി 25 സര്‍വീസ് വെട്ടിക്കുറച്ചു. തൊടുപുഴ-8, കട്ടപ്പന-7, മൂലമറ്റം-3, മൂന്നാര്‍-1, കുമളി-6 എന്നീ ക്രമത്തിലാണ് സര്‍വീസുകള്‍ നിര്‍ത്തിയത്. പത്തനംതിട്ടയില്‍ 25 സര്‍വീസ് റദ്ദാക്കി. പുനലൂര്‍-മുണ്ടക്കയം ചെയിന്‍ സര്‍വീസുകളുടെ എണ്ണം കുറച്ചു. വയനാട്ടില്‍ ചൊവ്വാഴ്ച 22 സര്‍വീസ് റദ്ദാക്കി. ബത്തേരി-9,മാനന്തവാടി-7, കല്‍പ്പറ്റ-6 സര്‍വീസുകളാണ് റദ്ദാക്കിയത്. ദീര്‍ഘദൂര സര്‍വീസുകളും ഗ്രാമീണ സര്‍വീസുകളും ഒരുപോലെ റദ്ദാക്കി. ഗ്രാമീണ സര്‍വീസുകള്‍ റദ്ദാക്കുന്നതിനെതിരെ നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്. തിങ്കളാഴ്ച്ച 33 സര്‍വീസ് റദ്ദാക്കിയിരുന്നു. മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച 26 സര്‍വീസ് റദ്ദാക്കി. 10,000 രൂപയില്‍ കുറഞ്ഞ ദിവസ വരുമാനമുള്ള സര്‍വീസുകള്‍ റദ്ദാക്കുമ്പോള്‍ ഇവിടെ 186 സര്‍വീസുകളില്‍ 104 എണ്ണവും നിര്‍ത്തേണ്ടി വരും.
രൊക്കം പണത്തിന് ഡീസല്‍ നല്‍കാമെന്ന് സപ്ലൈകോ
തിരു: രൊക്കം പണം നല്‍കിയാല്‍ ഡീസല്‍ നല്‍കാമെന്ന് സപ്ലൈകോ കെഎസ്ആര്‍ടിസിയെ അറിയിച്ചു. പമ്പ് ഉടമകളുടെ സംഘടനകളും ഇതേനിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. നിലവിലുള്ള സാമ്പത്തികപ്രതിസന്ധിയില്‍ മുഴുവന്‍ പണവും മുന്‍കൂര്‍ നല്‍കി ഡീസല്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയില്ല. ഓരോദിവസവും നിശ്ചിതതുക ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് നല്‍കിയാണ് ആവശ്യമായ ഡീസല്‍ കെഎസ്ആര്‍ടിസി വാങ്ങുന്നത്. നിശ്ചിത ഇടവേളകളിലാണ് കണക്ക് പരിശോധിച്ച് പണം അടവ് ക്രമപ്പെടുത്തുന്നത്.
deshabhimani 230113
No comments:
Post a Comment