Wednesday, January 23, 2013
കൊച്ചി മെട്രോ: രണ്ടാംഘട്ട വികസനത്തിന് സാധ്യതാപഠനം
കൊച്ചി മെട്രോ റെയില്‍ രണ്ടാംഘട്ടത്തില്‍ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നതിന് സാധ്യതാ പഠനം നടത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സാധ്യതാ പഠനത്തിനായി ഏജന്‍സിയെ കണ്ടെത്തി ചുമതലപ്പെടുത്തും. മുഖ്യമായും മൂന്ന് വികസനപദ്ധതികളാണ് പരിഗണനയിലുള്ളത്.
ഒന്ന്- ആലുവയില്‍നിന്ന് പാത നെടുമ്പാശേരി, അങ്കമാലി എന്നിവിടങ്ങളിലേക്ക് നീട്ടുക. രണ്ട്- തൃപ്പൂണിത്തുറയില്‍നിന്നുള്ള പാത സ്മാര്‍ട്ട്സിറ്റി ഉള്‍പ്പെടെയുള്ള വ്യവസായമേഖലയിലൂടെ കാക്കനാട് വഴി വീണ്ടും ആലുവയെ സ്പര്‍ശിക്കുക. കൊച്ചി മെട്രോ പാത ഒരു വൃത്തരൂപം കൈവരിക്കാന്‍ ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ സാധിക്കും. മൂന്ന്- ഫോര്‍ട്ട് കൊച്ചിവഴി മട്ടാഞ്ചേരിയിലേക്ക് പുതിയൊരു പാത. പുതിയ പാതകളുടെ നിര്‍മാണച്ചെലവ്, ലാഭസാധ്യത എന്നിവയാകും സാധ്യതാപഠനത്തില്‍ വിലയിരുത്തുക.
പഠനം നടത്തുന്ന ഏജന്‍സി പദ്ധതി വിജയകരമാകുമെന്ന് റിപ്പോര്‍ട്ട് നല്‍കിയാല്‍ അടുത്ത നടപടികളിലേക്ക് കടക്കും. മെട്രോ റെയിലിന് ആവശ്യമായ വൈദ്യുതി ശൃംഖലയുടെ കാര്യത്തില്‍ ഡിഎംആര്‍സി മുന്നോട്ടുവച്ച നിര്‍ദേശം കൊച്ചി മെട്രോ റെയില്‍ (കെഎംആര്‍എല്‍) ഡയറക്ടര്‍ ബോര്‍ഡ് തള്ളി. മെട്രോപാതയ്ക്കു മുകളിലൂടെ വൈദ്യുതി ലൈന്‍ വലിക്കാമെന്ന നിര്‍ദേശമായിരുന്നു ഡിഎംആര്‍സി മുന്നോട്ടുവച്ചിരുന്നത്. ഇതിന് ചെലവ് കുറവാണ്. എന്നാല്‍, ഈ നിര്‍ദേശം തള്ളിയ ഡയറക്ടര്‍ ബോര്‍ഡ് ചെലവുകൂടിയ, പാതയ്ക്ക് അടിയിലൂടെയുള്ള സംവിധാനമാണ് തെരഞ്ഞെടുത്തത്. ചെലവ് ഏറുമെങ്കിലും അറ്റകുറ്റപ്പണികളും മറ്റും അധികം വേണ്ടിവരില്ലെന്ന ന്യായമാണ് ഡയറക്ടര്‍ ബോര്‍ഡ് മുന്നോട്ടുവയ്ക്കുന്നത്. ബംഗളൂരു മെട്രോ ഉള്‍പ്പെടെയുള്ള പുതിയ മെട്രോ റെയില്‍ പാതകളെല്ലാം ഈ സംവിധാനമാണെന്ന് കെഎംആര്‍എല്‍ വൃത്തങ്ങള്‍ പറഞ്ഞു.
മെട്രോപദ്ധതിമേഖലയില്‍ വീണ്ടും പരിസ്ഥിതി- സാമൂഹിക ആഘാതപഠനം നടത്താന്‍ പുതിയ ഏജന്‍സിയെ വയ്ക്കും. ജപ്പാന്‍ ധനസഹായ ഏജന്‍സിയായ ജൈക്കയുടെ നിര്‍ദേശപ്രകാരമാണ് പുതിയ പഠനം. ഡിഎംആര്‍സിയും കെആര്‍എംഎല്ലുമായുള്ള സഹകരണം ഏതുവിധത്തില്‍ വേണമെന്ന് വ്യവസ്ഥചെയ്യുന്ന കരാറിന് അന്തിമരൂപം നല്‍കാന്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് അധ്യക്ഷനായി നാലംഗ സമിതിക്ക് രൂപം നല്‍കി.
എസ് കെ ലോഹിയ, ഡി ഡി പഹൂജ, വി പി ജോയ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. ധനസമാഹരണം ഏതുവിധത്തില്‍ വേണമെന്ന് അടുത്ത യോഗത്തില്‍ ചര്‍ച്ചചെയ്യും. നിലവില്‍ ജൈക്കയില്‍നിന്നുള്ള 2147 കോടി രൂപയുടെ കാര്യത്തിലാണ് ധാരണയായിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 2000 കോടി രൂപവരെ വായ്പ വാഗ്ദാനംചെയ്തിട്ടുണ്ട്. 500 കോടിയുടെ വാഗ്ദാനം ഹഡ്കോയില്‍നിന്നുമുണ്ട്. വായ്പ ആരില്‍നിന്നൊക്കെ വേണമെന്ന കാര്യത്തില്‍ വീണ്ടും കൂടിയാലോചന നടത്തും. കൊച്ചി മെട്രോ റെയില്‍ ചെയര്‍മാന്‍ സുധീര്‍കൃഷ്ണ, ഏലിയാസ് ജോര്‍ജ്, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയ്, കലക്ടര്‍ പി ഐ ഷേക്ക് പരീത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി യോഗത്തിനെത്തിയില്ല.
deshabhimani 230113
Labels:
വാര്‍ത്ത,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment